ADVERTISEMENT

കഴിഞ്ഞ ഏഴ് വർഷമായി ആധുനിക ലോകത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും മനുഷ്യ ശക്തിയും ഉപയോഗിച്ചിട്ട് പോലും കാണാതായ മലേഷ്യൻ വിമാനം കണ്ടെത്താനായില്ല. മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 370 കാണാതായിട്ട് മാർച്ച് എട്ടിന് ഏഴ് വർഷം പൂര്‍ത്തിയായി. എന്നാൽ, ഇത് സംബന്ധിച്ച് ഓരോ ദിവസവും പുതിയ തിയറികളും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം എംഎച്ച് 370 അമേരിക്ക വെടിവെച്ചിട്ടതാണെന്നാണ്. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 

 

malasian-MH370

ദ ഡിസ്അപ്പിയറിങ് ആക്ട്: ദ ഇംപോസിബിള്‍ കേസ് ഓഫ് എംഎച്ച് 370 എന്ന പുസ്തകത്തിലാണ് ഫ്‌ളോറന്‍സ് ഡി ചാങ്കി അമേരിക്കന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2014 മാര്‍ച്ച് എട്ടിന് 239 പേരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം ദുരൂഹസാചര്യത്തില്‍ അപ്രത്യക്ഷമാകുകയായിരുന്നു.

 

മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ വസ്തുതകള്‍ മൂടിവെക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നുവെന്ന് ഫ്‌ളോറെന്‍സ് ഡി ചാങ്കി 400 പേജുള്ള പുസ്തകത്തില്‍ ആരോപിക്കുന്നു. അത്യാധുനിക ജാമറുകള്‍ ഉപയോഗിച്ച് സമീപത്തെ റഡാറുകളില്‍ നിന്നും വിമാനത്തെ അപ്രത്യക്ഷമാക്കിയ ശേഷമായിരുന്നു അമേരിക്ക വെടിവെച്ചിട്ടതെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

mh370-malasian-airlines

 

ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ വിമാനത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളും അമേരിക്ക നടത്തിയെന്നാണ് ആരോപണം. മലേഷ്യന്‍ വിമാനത്തിനുവേണ്ടി തിരച്ചില്‍ നടത്തിയ മറ്റു രാജ്യങ്ങളുടെ ദൗത്യസംഘങ്ങളും സത്യം മൂടിവെച്ച് അമേരിക്കയെ സഹായിച്ചുവെന്നും ആരോപണമുണ്ട്. മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനത്തിന് പിന്നാലെ യാഥാര്‍ഥ്യം മൂടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പലയിടത്തു നിന്നും ഉണ്ടായി. 

 

എംഎച്ച് 370 അപ്രത്യക്ഷമായിട്ട് വര്‍ഷം ഏഴു കഴിഞ്ഞെങ്കിലും ഇപ്പോഴും ഇതിനു പിന്നിലെ ദുരൂഹതകള്‍ നീക്കാനായിട്ടില്ല. ഇത് പലതരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും കാരണമാവുകയും ചെയ്തു. വിമാനം തട്ടിയെടുത്തതാണെന്നും പൈലറ്റ് ബോധപൂര്‍വം വിമാനം കടലില്‍ താഴ്ത്തിയതാണെന്നും വിമാനത്തിനുള്ളിലെ ഓക്‌സിജന്റെ അളവിലുണ്ടായ കുറവിനെ തുടര്‍ന്നുണ്ടായ ദുരന്തമാണെന്നുമെല്ലാം സിദ്ധാന്തങ്ങള്‍ ഉടലെടുത്തു. എന്നാല്‍, ഇതിലൊന്നിനു പോലും ഔദ്യോഗികമായി സ്ഥിരീകരണത്തിനു വേണ്ട തെളിവുകള്‍ ലഭിച്ചില്ല.

 

2018 ജൂലൈയില്‍ മലേഷ്യന്‍ അധികൃതര്‍ തന്നെ എംഎച്ച് 370 യാത്രാവിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതില്‍ വിമാനം നേരത്തെ നിശ്ചയിച്ച പാതയില്‍ നിന്നും മാറിയിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യതിയാനം ഓട്ടോ പൈലറ്റ് സംവിധാനം വഴിയല്ലെന്നും മനുഷ്യ നിയന്ത്രിതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് മൂന്നാംകക്ഷിയുടെ ഇടപെടലിന്റെ സാധ്യതകള്‍ കൂടിയാണ് മുന്നോട്ടുവെച്ചത്. റീയൂണിയന്‍ ദ്വീപിലെ നിവാസികള്‍ക്ക് തീരത്തു നിന്നും വിമാനത്തിന്റെ ചിറകിന്റെ ഭാഗം ലഭിച്ചിരുന്നു. ഇത് പിന്നീട് അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഈയൊരു തെളിവിന് മാത്രമാണ് കാണാതായ എംഎച്ച് 370 വിമാനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്.

 

English Summary: MH370 Conspiracy Theory: New Book Claims Plane Was Shot Down By The US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT