ADVERTISEMENT

മ്യാൻമർ അഥവാ ബർമ... രാഷ്ട്രീയ അസ്ഥിരതയുടെയും സൈനിക വിപ്ലവങ്ങളുടെയും തുടർക്കഥകൾ രചിക്കുന്ന ഇന്ത്യയുടെ അയൽരാജ്യം. സമ്പന്നമായ പൈതൃകവും ചരിത്രവുമുള്ള ഈ രാജ്യത്തെ ജനങ്ങൾ പലപ്പോഴും ഭരണം കൈയാളുന്ന തറ്റ്മ‍ഡാ എന്നു പേരുള്ള മ്യാൻമറീസ് പട്ടാളത്തിന്റെ ചെയ്തികൾ മൂലം നീണ്ട പ്രതിസന്ധികളെ അഭിമുഖീകരിച്ചു, ഇപ്പോഴും അഭിമുഖീകരിക്കുന്നു. എന്നാൽ ഇതിനേക്കാൾ കഷ്ടമാണ് മ്യാൻമറിലെ ന്യൂനപക്ഷ വംശമായ കരേൻ ഗോത്രത്തിന്റെ കാര്യം. 

പട്ടാളത്തിന്റെ പ്രതികാരം തങ്ങൾക്കു മേൽ പലകുറി വീഴുന്നതിനാൽ നാലു നൂറ്റാണ്ടായി നിരന്തരമായ ഓട്ടത്തിലാണ്, മ്യാൻമർ–തായ്‌ലൻഡ് അതിർത്തിമേഖലയിൽ താമസിക്കുന്ന ഈ ജനത.

ഓങ് സ്യാൻ സൂചിയെ പുറത്താക്കിക്കൊണ്ടുള്ള പുതിയ സൈനിക അട്ടിമറിയിലും സ്ഥിതി വ്യത്യസ്തമല്ല. അട്ടിമറിക്കും തുടർന്നുള്ള ജനകീയ സമരങ്ങൾക്കും പിന്നാലെ ഇടതടവില്ലാതെ കരേൻ കേന്ദ്രങ്ങളിൽ നടത്തിയ സൈനിക ആക്രമണങ്ങൾ മൂലം കരേനുകൾ ബർമ വിട്ട് തായ്‌ലൻഡിലേക്ക് അഭയാർഥികളായി പലായനം തുടങ്ങിയിട്ടുണ്ട്‌.

∙ മരുഭൂമി താണ്ടിയെത്തിയ വംശം

ബിസി 500 കാലഘട്ടത്തിലാണ് കരേൻ വിഭാഗം പുരാതന ബർമയിലെത്തിയതെന്ന് കരുതപ്പെടുന്നു. മംഗോളിയയിൽ നിന്നു ഗോബി മരുഭൂമി താണ്ടിയായിരുന്നു കരേനുകളുടെ ഈ യാത്ര. മ്യാൻമറിൽ കഴുത്തിൽ സ്വർണവളയങ്ങൾ ഇടുന്ന പ‍ഡോങ് ഗോത്രം ലോകപ്രശസ്തമാണല്ലോ. ഈ ഗോത്രം കരേൻ വംശത്തിലെ  ഒരു ഉപവിഭാഗമാണ്. മ്യാൻമറിന്റെ തെക്കുകിഴക്കൻ സംസ്ഥാനമായ കായിനിലാണ് ഇവർ കൂടുതലായി താമസിക്കുന്നത്. തായ്‍‌ലൻഡുമായുള്ള അതിർത്തിക്കു സമീപം. 65 ലക്ഷത്തിലധികം ആളുകൾ ഈ വിഭാഗത്തിലുണ്ടെന്നു കരുതപ്പെടുന്നു. മ്യാൻമറിലെ ഏറ്റവും വലിയ മൂന്നാമത്തെ വംശമാണ് കരേൻ. 

കരേനുകൾക്ക് അവരുടേതായ ഭാഷകൾ, സംസ്കാരം മറ്റു സവിശേഷതകൾ എന്നിവയുണ്ട്. വംശത്തിൽ ഭൂരിപക്ഷം പേരും ബുദ്ധമതവിശ്വാസികളാണ്. പുരാതന ബർമയിൽ രാജഭരണത്തിനു കീഴിൽ ഉന്നത സ്ഥാനം വഹിച്ചവർ മുതൽ കാടിനോടിണങ്ങി തികച്ചും ലളിതജീവിതം നയിക്കുന്നവർ വരെ കാരേൻ വംശത്തിൽ ഉൾപ്പെടുന്നു.

എന്നാൽ പിന്നീട് ബ്രിട്ടിഷുകാർ ബർമയിൽ അധീശത്വം സ്ഥാപിച്ചു. ബർമയിലെ ഭൂരിപക്ഷ സമുദായാംഗങ്ങളായ ബാമറുകൾ ബ്രിട്ടനെ ശക്തമായി എതിർത്തിരുന്നെങ്കിലും കരേനുകൾക്ക് ബ്രിട്ടിഷ് ഭരണകൂടവുമായി നല്ല ബന്ധമാണുണ്ടായത്. ഇതിന്റെ ഫലമായി സൈന്യം, പൊലീസ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലൊക്കെ കരേൻ വിഭാഗത്തിൽ പെട്ടവർ വലിയ തോതിൽ നിയമിതരായി. 

എന്നാൽ‍ കുറച്ചു ദശാബ്ദങ്ങൾക്കു ശേഷം ബർമയിൽ, ഭൂരിപക്ഷ സമുദായമായ ബാമറുകളുടെ നേതൃത്വത്തിൽ ബ്രിട്ടനെതിരായ വലിയ പ്രക്ഷോഭം തുടങ്ങി. ഇതിനെ അടിച്ചമർത്താൻ ബ്രിട്ടൻ നിയോഗിച്ച സൈന്യത്തിൽ ഭൂരിഭാഗവും കരേനുകളായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനും ബ്രിട്ടനുമായുള്ള യുദ്ധത്തിനു വേദിയായ ബർമയിൽ, ഭൂരിപക്ഷ ബർമക്കാർ ജപ്പാനെ പിന്തുണച്ചപ്പോൾ കരേൻ ബ്രിട്ടനൊപ്പം നിന്നു. ഇതെല്ലാം ഭൂരിപക്ഷ ബർമാക്കാർക്ക് കരേനോട് സ്പർധ വളരാൻ ഇടയാക്കി.

∙തുടരുന്ന ദുരിതം

ബ്രിട്ടനു കീഴിലായിരുന്ന ബർമയ്ക്ക് 1948ലാണു സ്വാതന്ത്ര്യം ലഭിക്കുന്നത്. എന്നാൽ ബാമർ സമുദായത്തിനു മേൽക്കൈയുള്ള രാജ്യത്തു തുടരുന്നത് തങ്ങളുടെ നില പരുങ്ങലിലാക്കും എന്നു മനസ്സിലാക്കിയ കരേൻ ‘കൗതൂലെയ്’ എന്ന സ്വന്തം രാജ്യത്തിനായി ആവശ്യം ഉന്നയിച്ചു. ഇതിനായി 1949 ൽ കരേൻ നാഷനൽ ലിബറേഷൻ ആർമി (കെഎൻഎൽഎ) രൂപീകരിച്ചു. സായുധ സമരമാണ് കെഎൻഎൽഎ പുലർത്തിപ്പോന്നത്. 

എന്നാൽ, എഴുപതുകളായതോടെ പ്രത്യേകരാജ്യമെന്ന ആവശ്യത്തിൽ നിന്ന് കരേൻ പിന്നാക്കം പോകുകയും കൂടുതൽ ഫെഡറലിസം എന്ന ആവശ്യം ഉയർത്തുകയും ചെയ്തു. അക്രമങ്ങൾ ഉണ്ടാക്കുന്നതിൽ കെഎൻഎൽഎയും തീരെ മോശമായിരുന്നില്ല. ബർമീസ് സൈന്യത്തിന്റെ നമ്പർ 1 ശത്രുവായി മാറിയ കെഎൻഎൽഎയോടുള്ള പ്രതികാരമാണ് പലപ്പോഴും നിരായുധരായ കരേനുകളുടെ നേർക്ക് പട്ടാളം തീർക്കുന്നത്. 

1962ൽ ജനാധിപത്യത്തെ തകിടം മറിച്ചു കൊണ്ട് ജനറൽ നെവിൻ എന്ന പട്ടാളമേധാവി മ്യാൻമറിൽ അധികാരം പിടിച്ചെടുത്തു. അക്കാലം മുതൽ കരേൻ വിഭാഗക്കാരുടെ കഷ്ടതകളും ദുരിതവും കൂടി.രാഷ്ട്രീയമായ ദുർബലപ്പെടുത്തൽ, സാംസ്കാരികമായ അടിച്ചമർത്തൽ, സാമ്പത്തിക ചൂഷണം എന്നിവ സൈനിക അധികാര കേന്ദ്രങ്ങളിൽ നിന്ന് കരേൻ ജനത നേരിടുന്നുണ്ട്. രാജ്യത്തെ വിവിധ പദ്ധതികൾ നടപ്പിലാക്കാനായി സർക്കാർ, ഇവരെ നിർബന്ധിത തൊഴിലെടുപ്പിന് വിധേയമാക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. 

ഇടയ്ക്കിടെ കരേൻ ഗ്രാമങ്ങളും മേഖലകളും ആക്രമിക്കുന്ന മ്യാൻമർ സൈന്യം ചില സ്ഥലങ്ങൾ പാടെ കത്തിച്ചുകളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കായിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നതിനാൽ തായ്‌ലൻഡാണ് പലപ്പോഴും കരേനുകളുടെ അഭയകേന്ദ്രം. 35 വർഷമായി ഇടവിട്ടുള്ള ഘട്ടങ്ങളിൽ ഈ പലായന പരമ്പര തുടരുന്നു. തായ്‌ലൻഡിൽ ഇന്ന് മുക്കാൽ ലക്ഷത്തോളം കരേനുകളുണ്ട്. ഇന്ത്യയുടെ ആൻഡ‍മാൻ ദ്വീപുകളിലും ആയിരത്തിലധികം കാരേൻ വിഭാഗക്കാർ താമസിക്കുന്നുണ്ട്.

myanmar-fire
Photo: AP

താ‌യ്‌ലൻഡിലെ അഭയാർഥി കേന്ദ്രങ്ങളിൽ വളരെ ശോചനീയമായ അവസ്ഥയിലാണ് ഇവർ ജീവിക്കുന്നതെന്ന് കരേൻ വിഭാഗങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനകൾ പറയുന്നു. രണ്ടു ലക്ഷത്തിലധികം പേർ മ്യാൻമർ സൈന്യത്തെ പേടിച്ച് അതിർത്തിയിലെ കാടുകളിലുമുണ്ട്.

English Summary: Burmese army burning villages to ashes. Karen Villagers Forced to Hide in Jungle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT