ADVERTISEMENT

സംഘർഷങ്ങൾക്ക് ഒരു കുറവുമില്ലാത്ത രാജ്യമാണ് നമ്മുടെ അയൽപക്കമായ ശ്രീലങ്ക. സർക്കാരും തമിഴ്പുലികളുമായുള്ള പ്രശ്‌നം രാജ്യാന്തരതലത്തിൽ ഒരുപാടുകാലം വലിയ ചർച്ചയായി മാറി. എന്നാൽ അതിനൊക്കെ മുൻപ് തന്നെ ശ്രീലങ്കയിൽ ഞെട്ടിക്കുന്ന ഒരു സംഘർഷം ഉടലെടുത്തിരുന്നു. ഇന്നത്തെ രാജ്യാന്തരവേദിയിൽ അധികം ശ്രദ്ധനേടാത്ത സംഘർഷം. ക്യൂബ മോഡലിൽ ശ്രീലങ്കയിലെ പ്രസിഡന്റിനെ പുറത്താക്കാനും അധികാരം പിടിക്കാനും രാജ്യത്തെ ഒരുകൂട്ടം കമ്യൂണിസ്റ്റ് വിപ്ലവകാരികൾ നടത്തിയ സായുധകലാപം ഇന്നറിയപ്പെടുന്നത് ജനതാ വിമുക്തി പെരുമുന അഥവാ ജെവിപി സംഘർഷമെന്നാണ്. ഉപഭൂഖണ്ഡത്തിൽ ആദ്യമായായിരുന്നു ഇത്രവലിയ തോതിൽ രാജ്യവ്യാപകമായി സംഘടിക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് സായുധ വിപ്ലവശ്രമം നടക്കുന്നത്. പരാജയപ്പെട്ട ആ വിപ്ലവശ്രമത്തിന് അരനൂറ്റാണ്ട് തികയുകയാണ് ഇന്ന്.

∙ ശ്രീലങ്കൻ ചെഗവാര

റഷ്യയിലെ ലുമുംബ സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിയായ റൊഹാന വിജവീരയാണ് ജനതാ വിമുക്തി പെരുമുനയ്ക്കു തുടക്കമിട്ടത്.തെക്കൻ ലങ്കയിലെ ഒരു ഗ്രാമത്തിൽ തീർത്തും ദരിദ്ര സാഹചര്യങ്ങളിലായിരുന്നു വിജവീരയുടെ ജനനം. എന്നാൽ സ്‌കോളർഷിപ്പോടെ സോവിയറ്റ് യൂണിയനിൽ മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചത് വിജവീരയെ കമ്യൂണിസവുമായി അടുപ്പിച്ചു.

സിലോൺ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാവോ ആഭിമുഖ്യത്തിലുള്ള വിഭാഗത്തിൽ അംഗമായിരുന്ന വിജവീര സായുധ കലാപത്തിന്റെ ആരാധകനായിരുന്നു.പീക്കിങ് വിങ് എന്നാണ് ഈ മാവോവാദി വിഭാഗം അറിയപ്പെട്ടിരുന്നത്.ആയിടെ കൊല്ലപ്പെട്ട ചെഗവാരയെ തന്റെ ആരാധനാബിംബമാക്കിയ വിജവീര വേഷത്തിലും ഭാവത്തിലുമെല്ലാം ചെഗവാരയെ അനുകരിക്കാനും ശ്രമിച്ചിരുന്നു.

എന്നാൽ സായുധവിപ്ലവം നടത്താൻ പീക്കിങ് വിങ്ങിനു കഴിവുപോരെന്ന് ഇടയ്ക്ക് വിജവീരയ്ക്കു തോന്നി. ഇക്കാരണങ്ങളെല്ലാമാണ് 1965ൽ ജനതാ വിമുക്തി പെരുമുന സ്ഥാപിക്കുന്നതിലേക്കു നയിച്ചത്.അക്കാലത്ത് ശ്രീലങ്ക ഭരിച്ചിരുന്നത് സിരിമാവോ ബന്ധാരനായകെയാണ്. ഇവരെ എതിർത്തിരുന്ന വിജവീര, ഇന്ത്യയ്‌ക്കെതിരെയും ശത്രുത പുലർത്തിയിരുന്നു.

∙ ശക്തി പ്രാപിച്ച ജെവിപി

1967 -70 കാലഘട്ടത്തിൽ ജനതാവിമുക്തി പെരുമുന വളർച്ച പ്രാപിച്ചു. രാജ്യത്തുടനീളം അവർക്ക് കേഡർമാരെ ലഭിച്ചു. 1970ൽ ശ്രീലങ്കയിൽ നടന്ന തിരഞ്ഞെടുപ്പിൽ സിരിമാവോ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ഘട്ടത്തിൽ പതിനായിരത്തിലധികം അംഗങ്ങളെ ജെവിപി നേടിയെന്നാണു പറയപ്പെടുന്നത്.

 

വിജവീരയായിരുന്നു ജെവിപിയുടെ പരമാധികാരി. ഗ്രൂപ്പിനുള്ളിൽ തന്നെ തന്റെ അഭിപ്രായങ്ങളെയും സിദ്ധാന്തങ്ങളെയും എതിർക്കുന്നവരെ വിജവീര ഇഷ്ടപ്പെട്ടിരുന്നില്ല. പുതുതായെത്തിയ പലർക്കും വിപ്ലവത്തെ സംബന്ധിച്ച് ആശയങ്ങളും സിദ്ധാന്തങ്ങളുമുണ്ടായിരുന്നു. എന്നാൽ  നായകനായും മോചകനായും സങ്കൽപിച്ച് ഒരു ബിംബമായി സ്വയം കരുതിയിരുന്ന വിജവീര പലതിനും ചെവികൊടുത്തില്ല.

jvp

 

ലങ്കയിലെ വിവിധ സ്ഥലങ്ങളിലായി 'ഫൈവ് ലെക്‌ചേഴ്‌സ്' എന്നു പിൽക്കാലത്ത് പ്രസക്തി നേടിയ 5 പ്രബന്ധാവതരണങ്ങൾ വിജവീര നടത്തി. ക്യൂബയിൽ നടന്നതു പോലെ സായുധ വിപ്ലവത്തിലുടെ അധികാരം പിടിച്ചെടുക്കാനായിരുന്നു വിജവീരയുടെ  അണികളോടുള്ള ആഹ്വാനം. പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ചുള്ള ഒരു മിന്നൽ സായുധ സമരമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ആയിടയ്ക്കു നടന്ന സാൻസിബാർ കലാപം ഈ ചിന്തയ്ക്കു സ്വാധീനമൊരുക്കിയിരുന്നു.ജെവിപി അണികളിൽ ഭൂരിഭാഗവും വിജവീരയിൽ വലിയ വിശ്വാസം പുലർത്തിയവരായിരുന്നു.

 

∙ സായുധകലാപത്തിന്‌റെ തുടക്കം

 

വിപ്ലവം നടക്കണമെങ്കിൽ ആയുധം വേണം, പരിശീലനം വേണം. എന്നാൽ സിദ്ധാന്തങ്ങളൊരുക്കുന്നതിലെ മികവ് ജെവിപിക്ക് അക്കാര്യത്തിലില്ലായിരുന്നു. വിജവീരയ്ക്ക് ആയുധങ്ങളെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടായിരുന്നു. പഴയ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നാടൻ തോക്കുകളും കൈ ബോംബുകളുമൊക്കെയായിരുന്നു ആശ്രയം.

 

ഇതിനായുള്ള ആയുധങ്ങൾക്കു പണം കണ്ടെത്താൻ വിവിധ മാർഗങ്ങൾ ജെവിപി അവലംബിച്ചു. ലങ്കയിൽ ആയുധങ്ങൾ ഉള്ള വീടുകളിൽ മോഷണം നടത്തി ആയുധങ്ങൾ മാത്രം കൊള്ളയടിക്കുന്ന ശൈലിയുമുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ കടത്തിക്കൊണ്ടുവരാനും വിജവീര ശ്രമിച്ചു.

 

jvp-lanka

എന്നാൽ വിജവീരയെ പൊലീസ് നോട്ടമിടുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒന്നറസ്റ്റ് ചെയ്‌തെങ്കിലും 1970ൽ വിട്ടയച്ചു. 1971 ഫെബ്രുവരി 17ൽ കൊളംബോയിൽ നടത്തിയ ഒരു റാലിയിൽ വിപ്ലവം തുടങ്ങാൻ വിജവീര ആഹ്വാനം ചെയ്തു. തുടർന്ന് മാർച്ച് അഞ്ചിന് ലങ്കയിലെ കെഗല്ല ജില്ലയിൽ ഒരു കുടിലിൽ നിരവധി ബോംബുകൾ കണ്ടെടുത്തതോടെ പൊലീസ് ജാഗരൂകരായി. മാർച്ച് 13നു അംപാര എന്ന സ്ഥലത്തു വച്ച് വിജവീരയെ അറസ്റ്റ് ചെയ്യുകയും ജാഫ്‌ന ജെയിലിലേക്കു മാറ്റുകയും ചെയ്തു.

 

∙ പിടിച്ചെടുക്കാൻ കലാപം

 

വിജവീരയുടെ മോചനത്തിനായി ലങ്കയിലെങ്ങും ജെവിപി മുറവിളിയുയർത്തി. പോസ്റ്ററുകളും നോട്ടീസുകളും കയ്യെഴുത്തുകളും ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി അഞ്ഞൂറോളം ജെവിപി നേതാക്കൾ കൊളംബോയ്ക്കു സമീപം ശ്രീജയവർധനപുരയിലെ വിദ്യോദയ സർവകലാശാലയുടെ ഹോസ്റ്റലിൽ  ഒത്തുകൂടി. രാജ്യാധികാരം പിടിച്ചെടുക്കുക എന്നതു മുൻനിർത്തിയായിരുന്നു അവരുടെ ചർച്ച. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന വിജവീരയുടെ പഴയ ആശയത്തിലാണ് അവർ എത്തിച്ചേർന്നത്.പൊലീസ് സ്റ്റേഷനുകളെ കേന്ദ്ര അധികാരത്തിന്റെ ഉപകരണങ്ങൾ എന്ന നിലയ്ക്കാണു ജെവിപി വ്യാഖാനിച്ചത്. ഇവ പിടിച്ചടക്കുന്നതോടെ സിരിമാവോ ഗവൺമെന്റിനു മേൽ പൂട്ടുവീഴുമെന്ന് അവർ പ്രത്യാശിച്ചു.

 

എന്നാൽ നിർണായകമായ ആ യോഗത്തിൽ മൊണരാഗല, വെല്ലവായ എന്നീ പ്രവിശ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ജെവിപിയുടെ ഗതി തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു ഇത്.

പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുന്നതിനൊപ്പം തന്നെ 4 പ്രധാനപ്പെട്ട ലക്ഷ്യങ്ങളും കലാപത്തിനായി നിശ്ചയിച്ചു. കൊളംബോയിലെ സൈനിക ശക്തിദുർഗമായ പനഗോഡ കന്റോൺമെന്റ് ആക്രമിക്കുകയെന്നതായിരുന്നു ഇതിൽ ആദ്യത്തേത്, രണ്ടാമതായി പ്രസിഡന്റ് സിരിമാവോയെ തട്ടിക്കൊണ്ടുപോകുക അല്ലെങ്കിൽ കൊലപ്പെടുത്തുക, മൂന്നാമതായി കൊളംബോ നഗരം പൂർണമായി പിടിച്ചെടുക്കുക, വിജവീരയെ ജയിലിൽ നിന്നു മോചിപ്പിക്കുക എന്നതായിരുന്നു അവസാനത്തെ ലക്ഷ്യം.

കൊളംബോയിലെ നേതാക്കൾ വിട്ടുനിന്നവർക്കായി മുൻനിശ്ചയിക്കപ്പെട്ട കോഡ് ഭാഷയിൽ ഒരു സന്ദേശം അയച്ചു. 'ജെവിപി അപ്പുഹാമി അന്തരിച്ചു, അടക്കം അഞ്ചിന്' എന്നായിരുന്നു ആ സന്ദേശം. ഏപ്രിൽ അഞ്ചിന് സ്റ്റേഷനുകൾ ആക്രമിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നു എന്നായിരുന്നു അതിന്റെ അർഥം. എന്നാൽ സമയം എഴുതാൻ വിട്ടുപോയി.

 

∙ വെല്ലവായയിലെ പിഴവ്

 

ഏപ്രിൽ അഞ്ചിനു രാത്രി പതിനൊന്നുമണിയോടെ ആക്രമണം തുടങ്ങാനായിരുന്നു ജെവിപി നേതാക്കളുടെ പ്ലാൻ. എന്നാൽ വെല്ലവായയിൽ നിന്നുള്ള നേതാവ് ധരിച്ചത് അന്നു പുലർച്ചെ തന്നെ ആക്രമണം നടത്തണമെന്നാണ്. വെല്ലവായ പൊലീസ് സ്റ്റേഷൻ രാവിലെ ആറോടെ ആക്രമിക്കപ്പെട്ടു. ഇതോടെ രാത്രി പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കാനുള്ള ജെവിപി പദ്ധതിയുടെ രഹസ്യാത്മകത നഷ്ടമായി.

 

സർക്കാരും പൊടുന്നനെ സജീവമായി. കൊളംബോ നഗരത്തിൽ വൈകുന്നേരം മുതൽ കർഫ്യൂ ഏർപ്പെടുത്തി. പ്രസിഡന്റ് സിരിമാവോയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എന്നാൽ രാജ്യത്തെ 92 പൊലീസ് സ്റ്റേഷനുകൾക്കെതിരെ ജെവിപി ആക്രണം നടത്തുക തന്നെ ചെയ്തു.മാതര, അംബലൻഗൊഡ എന്നീ പ്രദേശങ്ങൾ കലാപകാരികളുടെ കൈയിലായി. വിജവീരയെ ജാഫ്‌ന ജയിലിൽ നിന്നു രക്ഷിക്കാൻ ഒരു ശ്രമം നടന്നെങ്കിലും വൻ പൊലീസ് വ്യൂഹം ആസമയം രംഗത്തെത്തിയതിനാൽ പരാജയപ്പെട്ടു. എന്നാൽ ജനങ്ങൾക്ക് ജെവിപിയോട് അത്ര പ്രതിപത്തിയില്ലായിരുന്നെന്ന് അക്കാലത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും ഒളിച്ചിരുന്ന ജെവിപി കലാപകാരികളെ കണ്ടെത്തിക്കൊടുക്കാൻ പൊതുജനങ്ങൾ തന്നെ പൊലീസിനെ സഹായിച്ചു.

 

∙ രാജ്യാന്തര തലത്തിൽ

 

ശ്രീലങ്കൻ സൈന്യവും പൊലീസും അത്ര കരുത്തുറ്റ സ്ഥിതിയിലായിരുന്നില്ല. ആയുധവും ആൾബലവും കുറവ്. അതിനാൽ സിരിമാവോയും സമ്മർദ്ദത്തിലായിരുന്നു. പിന്തുണയ്ക്കായി സുഹൃത് രാജ്യങ്ങളെ പ്രസിഡന്റ് വിളിച്ചത് അതുമൂലമാണ്. ബ്രിട്ടനായിരുന്നു ആദ്യം സഹായം വാഗ്ദാനം ചെയ്തത്.സിംഗപ്പൂരിനു സമീപമുള്ള തങ്ങളുടെ ബേസിൽ നിന്ന് ആയുധങ്ങൾ കൊണ്ടുപോയ്‌ക്കൊള്ളാൻ ഇവർ ലങ്കയെ അനുവദിച്ചു.

 

തുടർന്ന് പാക്കിസ്ഥാൻ തങ്ങളുടെ സൈന്യത്തെ ശ്രീലങ്കയിലേക്ക് അയച്ചു. ഇന്ത്യൻ സൈന്യമായിരുന്നു അടുത്തത്.മദ്രാസ് റെജിമെന്റിൽ നിന്നുള്ള യൂണിറ്റുകൾ താമസിയാതെ ലങ്കയിലെത്തി. സോവിയറ്റ് യൂണിയൻ, ചൈന തുടങ്ങിയ രാജ്യങ്ങളും ലങ്കയ്ക്ക് സഹായം നൽകി. പ്രക്ഷോഭകാരികളെ ഉത്തരകൊറിയ പിന്തുണച്ചിരുന്നെന്നു അതിനിടെ തെളിഞ്ഞു. ലങ്കയിലെ ഉത്തരകൊറിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയ രാജ്യം ഉത്തരകൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു

 

∙ പിന്നീട്

 

രണ്ടുമാസത്തോളം തുടർന്ന കലാപാന്തരീക്ഷം ജൂണോടെ ശമിച്ചു. ജെവിപി നേതാക്കളിൽ പലരും പിടിയിലായി. ജീവപര്യന്തം തടവിനു ജയിലായെങ്കിലും വിജവീര വിട്ടയയ്ക്കപ്പെട്ടു. തുടർന്ന് നടന്ന പ്രസിഡന്റ് തീരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ജെവിപി പിന്നീട് ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി. എഴുപതുകളിൽ ഒട്ടേറെ കുപ്രസിദ്ധിയും നേടി. മുൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയുടെ ഭർത്താവ് വിജയയുടെ മരണത്തിലൊക്കെ ഇവരുടെ കൈ ആരോപിക്കുന്നുണ്ട്. 1989ൽ രണ്ടാമതൊരു സായുധ വിപ്ലവം കൂടി നടത്താൻ ജെവിപി ശ്രമിച്ചു.എന്നാൽ ആദ്യത്തേതു പോലെ ഇതും പൊളിഞ്ഞു.

എന്നാൽ ഇത്തവണ ഭരണകൂടം ശക്തമായി പ്രതികരിച്ചു. ജെവിപിയെ പിന്തുണച്ച പലരും കൊലപാതകങ്ങൾക്കിരയായി. 1989ൽ രോഹാന വിജവീരയെ ഒരു തോട്ടം മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തു. കുടംബത്തോടൊപ്പം വേഷം മാറി ജീവിച്ചുവരികയാരിന്നു വിജവീര.തുടർന്നു വിജവീര കൊല്ലപ്പെട്ടു. കസ്റ്റഡിയിലിരിക്കെ ആകസ്മികമായി മരണം സംഭവിച്ചെന്നായിരുന്നു സർക്കാർ ഭാഷ്യം. എന്നാൽ തീകൊളുത്തിക്കൊല്ലുകയായിരുന്നെന്ന് മറ്റുചിലർ പറയുന്നു.ഇന്നു ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടികളിലൊന്നാണു ജെവിപി.

 

English Summary: Origins and growth of Janatha Vimukthi Peramuna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com