ADVERTISEMENT

ഇരാവതിയുടെ വെള്ളം നനച്ചിട്ട സുവർണഭൂമിയുടെ താഴ്‌വരകൾ സമ്പന്നമായിരുന്നു. ഈ സമ്പന്നതയും മേഖലയിലെ എക്കൽമണ്ണും കാരണം ഒരുപാടു ഗോത്രങ്ങളും ജനങ്ങളും ഇങ്ങോട്ടേക്കു വന്നെത്തിച്ചേർന്നു. പിന്നീടെപ്പോഴോ സുവർണഭൂമി ബർമയെന്ന പേരിലേക്കു മാറി.

അനാവ്രതയെന്ന ചക്രവർത്തിയാണ് പൗരാണിക ബർമയ്ക്കു വിത്തുപാകിയത്. ഇരാവതി നദിയുടെ കരകളിലപ്പുറവും ഇപ്പുറവുമായുള്ള കരയിലെ ഗോത്രങ്ങളെയും വിഭാഗങ്ങളെയും ജയിച്ച് തന്റെ പേഗൻ സാമ്രാജ്യം സ്ഥാപിച്ച് അനാവ്രത ഏകഛത്രാധിപതിയായി. മികച്ച ഒരു ഭരണാധിപനുമായിരുന്നു അനാവ്രത. തങ്ങളുടെ രാജ്യത്തിന്റെ ആത്മീയപിതാവെന്ന നിലയിൽ ഇന്നും മ്യാൻമാറീസ് ജനങ്ങൾ അനാവ്രതയെ ഓർക്കുന്നു.

പൗരാണിക ബർമയിൽ അനാവ്രത സാമ്രാജ്യം തീർത്തെങ്കിൽ ആധുനിക ബർമ അഥവാ മ്യാൻമറിലെ ആദ്യ ഏകാധിപതി ജനറൽ നെവിനായിരുന്നു. ഇന്ന് മ്യാൻമറിൽ അടുത്തിടെ സംഭവിച്ച സൈനിക അട്ടിമറിക്കു ശേഷമുള്ള കത്തിപ്പടരുകൾ നിത്യസംഭവമാകുമ്പോൾ ഓർക്കേണ്ട ഒരു പേരു തന്നെയാണ് നെവിന്റേത്. പി‍ൽക്കാലത്ത് മ്യാൻമറിന്റെ ശാപമായ സൈനിക അട്ടിമറികൾക്ക് തുടക്കമിട്ട ഈ  ജനറൽ ആദ്യമായി ജനാധിപത്യത്തെ കീഴ്‍മേൽ മറിച്ചിട്ട സംഭവത്തിന്റെ സുവർണജൂബിലി വാ‍ർഷിക വർഷം കൂടിയാണിത്.

 

∙ ഓങ് സാന്റെ ചങ്ങാതി

 

ബർമയുടെ സ്വാതന്ത്ര്യം പിറന്നത് ഒരുപാട് സങ്കടങ്ങൾക്കും ദുരിതങ്ങൾക്കും ശേഷമാണ്. ഇപ്പോഴത്തെ മ്യാൻമറിന്റെ ജനകീയമുഖമായ ഓങ് സാൻ സൂചിയുടെ പിതാവും ബർമയുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യ യുദ്ധ നേതാവുമായ ജനറൽ ഓങ് സാനിന്റെ കൊലപാതകം സൃഷ്ടിച്ച ശൂന്യത, ജപ്പാനും ബ്രിട്ടനുമായുള്ള വലിയ പോരാട്ടത്തിന്റെ വേദിയായതിന്റെ നാശങ്ങളും നഷ്ടങ്ങളും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ. ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ച ബർമ ഇൻഡിപെൻഡൻസ് ആർമിയുടെ ഉന്നത സൈന്യാധിപനായിരുന്നു ഓങ് സാൻ, നെവിൻ അദ്ദേഹത്തിന്റെ കൂട്ടാളിയും. ഇരുവരും ബ്രിട്ടനെതിരെയുള്ള സ്വാതന്ത്ര്യയുദ്ധത്തിൽ തോളോടുതോൾ ചേർന്നു പോരാടുകയും ചെയ്തു.

 

ബർമ 1948ൽ സ്വതന്ത്രയായി. പിന്നീട് ഒരു ദശാബ്ദത്തോളം ജനാധിപത്യ ഭരണം ഇവിടെ നിലനിന്നെങ്കിലും 1960 ആയതോടെ നെവിൻ ഭരണത്തിൽ വ്യക്തമായി പിടിമുറുക്കി കഴിഞ്ഞിരുന്നു.1962ൽ ബർമയുടെ അന്നത്തെ പ്രധാനമന്ത്രിയും തന്റെ പഴയ ചങ്ങാതിയുമായ യു നുവിനെ പുറത്താക്കി ഒരു രക്തരഹിത പട്ടാള ‘വിപ്ലവത്തിലൂടെ’ നെവിൻ ബർമയിൽ അധികാരമുറപ്പിച്ചു. സൈനിക നിയമം രാജ്യത്തു പ്രഖ്യാപിച്ചു കൊണ്ട് നെവിൻ ആ വിപ്ലവത്തിനുള്ള കാരണം പറ​ഞ്ഞു. ജനാധിപത്യമൊന്നും ബർ‌മയ്ക്കു യോജിക്കില്ല എന്നായിരുന്നത്രേ ആ തൊടുന്യായം.

 

‌∙ ഇരുമ്പുമറ തീർത്ത യുഗം

 

‍ബർമയെ കുത്തുപാളയെടുപ്പിച്ച ഭരണാധികാരി എന്ന് സംശയലേശമന്യെ വിശേഷിപ്പിക്കാൻ യോഗ്യനാണു നെവിൻ. അധികാരത്തിൽ വന്ന ശേഷം ബർമയെ മറ്റു ലോകരാജ്യങ്ങളിൽ നിന്നു പൂർണമായി അകറ്റി. ബർമാ സോഷ്യലിസം എന്ന ഒരു പുതിയ ആശയസംഹിത തന്നെ നെവിൻ ഉണ്ടാക്കി. മാർക്സിസം, ബുദ്ധിസം, ദേശീയതയിൽ ഊന്നിയ വിവേചനം ഇതെല്ലാം കൂടി ചേർന്ന ഒരു അവിയലായിരുന്നു ഈ ആശയം. ഇതിനെ അടിസ്ഥാനപ്പെടുത്തി ബർമ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി എന്ന പാർട്ടിയും നിലവിൽ വന്നു. ഇനി മറ്റു പാർട്ടികളൊന്നും വേണ്ടെന്ന് കൽപനയുമിറക്കി.

 

പൊതുജീവിതമെന്ന പോലെ നെവിന്റെ സ്വകാര്യ ജീവിതവും ശ്രദ്ധേയമായിരുന്നു. ഭരിക്കുന്നതിനേക്കാൾ നെവിനു താൽപര്യം ചൂതാട്ടം, ഗോൾഫ് തുടങ്ങിയവയിലും ആഢംബരജീവിതത്തിലുമായിരുന്നു. 400 കോടി യുഎസ് ഡോളറോളം അദ്ദേഹം സമ്പാദിച്ചു. 5 ഭാര്യമാരുമുണ്ടായിരുന്നു. ‌വികാരവിക്ഷോഭങ്ങളും നെവിനു കൂടുതലായിരുന്നു. ഒരിക്കൽ യാങ്കോണിൽ, വിദേശ നയതന്ത്രജ്ഞർ നടത്തിയ ഒരു ക്രിസ്മസ് പാർട്ടിയിലേക്ക് നെവിൻ അതിക്രമിച്ചു കയറുകയും അതിലൊരു വനിതയുടെ വസ്ത്രം കീറി അവരെ തള്ളി താഴെയിടുകയും ചെയ്തു. രാജ്യത്ത് സുസ്ഥിരമായ സ്ഥിതിയിലുള്ള ഇന്ത്യൻ വംശജരോടും നെവിന് വിരോധമായിരുന്നു.

 

മതവിശ്വാസമില്ലായിരുന്നെങ്കിലും ഭാഗ്യത്തിലും നിമിത്തങ്ങളിലും ജ്യോതിഷത്തിലും വലിയ വിശ്വാസിയായിരുന്നു നെവിൻ. പല നിർണായകതീരുമാനങ്ങളും അദ്ദേഹം എടുത്തത്, വിദഗ്ധരോടോ നയതന്ത്രജ്ഞരോടോ ചോദിച്ചായിരുന്നില്ല, മറിച്ച് ജ്യോത്സ്യൻമാരോട് ചോദിച്ചാണ്. നെവിനെക്കുറിച്ചുള്ള ഓർമകൾ ഓങ് സാങ് സ്യൂ ചിയുടെ ജീവചരിത്രം എഴുതിയ ജേണലിസ്റ്റായ ജസ്റ്റിൻ വിന്റിൽ പങ്കുവച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ജ്യോതിഷൻ നെവിനു നേരെ വധശ്രമമുണ്ടാകുമെന്നു പറഞ്ഞത്രേ. അതിൽ നിന്നു രക്ഷപ്പെടാൻ ജ്യോത്സ്യൻ പറഞ്ഞു കൊടുത്ത വിദ്യ നെവിൻ അക്ഷരം പ്രതി അനുസരിച്ചു. ഒരു വലിയ നിലക്കണ്ണാടിയിലേക്കു നോക്കി അതിലെ തന്റെ പ്രതിബിംബത്തിലേക്ക് റിവോൾവർ കൊണ്ടു വെടിവയ്ക്കുകയായിരുന്നു ഇത്.

 

നെവിൻ രാജ്യത്ത് എവിടെ പോയാലും അവിടത്തെ തെരുവുനായകൾക്കു കഷ്ടകാലമായിരുന്നു. പോകുന്ന സ്ഥലത്തുള്ള തെരുവുനായ്ക്കളെയെല്ലാം തന്റെ സന്ദർശനത്തിനു മുൻപു തന്നെ കൊന്നൊടുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൾ തനിക്ക് അപകടമുണ്ടാക്കുമെന്ന ഒരു ജ്യോത്സ്യന്റെ പ്രവചനത്തെത്തുടർന്നായിരുന്നു ഇതും. രാത്രിയിൽ രാജാവിന്റെ വേഷം ധരിച്ച് യാംഗോണിന്റെ തെരുവുകളിലൂടെ നടക്കുന്ന സ്വഭാവവും നെവിനുണ്ടായിരുന്നെന്നു പറയപ്പെടുന്നു.യുവത്വം നിലനിർത്താൻ ഡോൾഫിന്റെ രക്തത്തിൽ കുളിക്കുമെന്നതും നെവിനെക്കുറിച്ച് പ്രചരിച്ച കഥകളിലൊന്നാണ്. അക്കാലം വരെ ബർമയിലെ വാഹനങ്ങൾക്കെല്ലാം ഇടതുഭാഗത്തായിരുന്നു സ്റ്റീയറിങ്. എന്നാൽ രാജ്യം കൂടുതൽ ഇടത്തോട്ടു ചായുന്നത് അത്ര നല്ലതല്ലെന്ന ജ്യോതിഷന്റെ സൂചന അനുസരിച്ച് ഉടനടി തന്നെ സ്റ്റീയറിങ്ങുകളെല്ലാം വലത്തോട്ടു മാറ്റിയെന്നതാണു കഥ. ഇതിൽ പലതും സാങ്കൽപിക കഥകളാകാമെങ്കിലും കുത്തഴിഞ്ഞ ഒരു ഭരണവ്യവസ്ഥയായിരുന്നു നെവിന്റെ കാലമെന്നതിൽ സംശയമില്ല.

 

∙ നോട്ടു നിരോധനം

 

നെവിന്റെ കാലഘട്ടത്തിൽ 3 തവണ ബർമയിൽ നോട്ടുനിരോധനം നടന്നു. 1964ൽ നടന്ന ആദ്യ നോട്ടുനിരോധനത്തിൽ 50 ,100 ക്യാട്ട് (ബർമീസ് കറൻസി) നിരോധിച്ചത് ജനങ്ങൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കി. എന്നാൽ കള്ളപ്പണക്കാരെ പിടികൂടാനുള്ള തന്ത്രമായിരുന്നു ഇതെന്നെങ്കിലും പറയാം. 1985ൽ നടന്ന രണ്ടാമത്തെ നോട്ടുനിരോധനത്തിന് അത്തരം യാതൊരു കാരണങ്ങളുമില്ലായിരുന്നു. പൊടുന്നനെ 50,100 നോട്ടുകൾ നിരോധിച്ച ശേഷം 45, 90 നോട്ടുകൾ കൊണ്ടുവന്നു.

 

ഇതിലും ജ്യോതിഷം ഒരു പങ്കുവഹിച്ചെന്നാണു പറയുന്നു. ഒൻപത് എന്ന സംഖ്യ നെവിന് ഐശ്വര്യം കൊണ്ടുവരുമെന്ന് ഏതോ ജ്യോത്സ്യൻമാർ പറഞ്ഞത്രേ. അതിന്റെ ഫലമായാണ് ഒൻപതിന്റെ ഗുണനമായ 45, 90 കൊണ്ടുവന്നതെന്നാണ് അഭ്യൂഹം. ഏതായാലും 1987ൽ  ഒരിക്കൽ കൂടി നെവിൻ നോട്ടുനിരോധനം നടത്തി. ആകെ നടുവൊടിഞ്ഞു കിടന്ന മ്യാൻമറിന്റെ സാമ്പത്തികഘടനയെ സ്ട്രച്ചറിൽ കിടത്തുകയാണ് ഈ നീക്കങ്ങൾ കൊണ്ടുണ്ടായ ആകെ ഗുണം. കള്ളക്കടത്തും കരിഞ്ചന്തയും ക്രിമിനലിസവും നെവിന്റെ ഭരണകാലത്ത് കുതിച്ചുയർന്നു.

 

1988ൽ നെവിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭമുണ്ടായി. 8888 എന്ന പേരിലായിരുന്നു ഈ വമ്പിച്ച ജനമുന്നേറ്റം. പ്രക്ഷോഭകർക്കെതിരെ മൃഗീയമായ സമരമുറകൾ പട്ടാളം അഴിച്ചു വിട്ടു. മൂവായിരത്തിലധികം പേർ മരിച്ചു.അക്കാലത്ത് യാങ്കോണിൽ രോഗാതുരയായി കിടന്ന അമ്മയെ പരിചരിക്കാൻ ബ്രിട്ടനിൽ നിന്നെത്തിയ ഓങ് സാൻ സൂചിയെ സമരക്കാർ കണ്ടെത്തുകയും തുടർന്ന് അവർ സമരത്തിന്റെ നായികയായി മാറുകയും ചെയ്തു.ഇതെത്തുടർന്ന് നെവിനു രാജിവയ്ക്കേണ്ടി വന്നു. ഒരുകാലത്തു സമ്പന്നമായിരുന്ന മ്യാൻമർ അപ്പോഴേക്കും ലോകത്തെ ഏറ്റവും ദരിദ്രമായ 10 രാജ്യങ്ങളിലൊന്നായി മാറിയിരുന്നു.

 

സോ മൗങ് എന്ന മറ്റൊരു ഏകാധിപതിയിലേക്കാണു ഭരണം ചെന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ നെവിന്റെ സ്വാധീനം കുറഞ്ഞു വരികയും പൂർണമായി അപ്രസക്തനാകുകയും ചെയ്തു. മ്യാൻമറിന്റെ ചരിത്രത്തിലെ ആദ്യ സൈനിക ഏകാധിപതി 2002ൽ തന്റെ 92 ാം വയസ്സിൽ വീട്ടുതടങ്കലിൽ അന്തരിക്കുകയാണുണ്ടായത്. 1988ലെ കലാപം അടിച്ചമർത്തുന്നതിനു മൃഗീയമുറകൾ പദ്ധതിയിട്ട കുറ്റത്തിന് നെവിന്റെ മകളായ സാൻഡർ വിന്നിനെയും ഭർത്താവിനെയും മൂന്നു മക്കളെയും പിൽക്കാല സൈനിക ഭരണകൂടങ്ങൾ വധശിക്ഷയ്ക്കു വിധിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. നെവിൻ വിതച്ച വിത്തുകൾ ഇന്നും മ്യാൻമറിൽ നിന്നു പോയിട്ടില്ല. അവിടത്തെ സൈന്യം ഇടയ്ക്കിടെ അതു കൊയ്തുകൊണ്ടിരിക്കുന്നു.

 

English Summary: Myanmar coup: What protesters can learn from the '1988 generation'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT