ADVERTISEMENT

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശംസയും വിമര്‍ശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുള്ള പ്രതിരോധ ഗവേഷണ സ്ഥാപനമാണ് ഡിആര്‍ഡിഒ. ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് തേജസ്, അര്‍ജുന്‍ ടാങ്ക്, അഗ്നി സീരീസിലെ മിസൈലുകള്‍ തുടങ്ങി രാജ്യത്തിന്റെ അഭിമാനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തവയുടെ പട്ടിക നീണ്ടതാണ്. ഇക്കൂട്ടത്തിലേക്ക് പുതുതായി ഒരു ലേസര്‍ ആയുധം കൂടി ഒരുങ്ങുകയാണ്. ദുര്‍ഗ II (Directionally Unrestricted Ray-Gun Array) എന്ന് പേരിട്ടിരിക്കുന്ന ഈ ആയുധം യാഥാര്‍ഥ്യമാകാന്‍ നിരവധി കടമ്പകള്‍ കൂടി മറികടക്കേണ്ടതുണ്ട്. 

 

ഡയറക്ടഡ് എനര്‍ജി വെപ്പണ്‍സ് അഥവാ ഡിഇഡബ്ല്യു വിഭാഗത്തില്‍ പെടുന്നവയാണ് ദുര്‍ഗ്ഗ II അടക്കമുള്ള ലേസര്‍ ആയുധങ്ങള്‍. ലേസറുകള്‍ക്ക് പുറമേ മൈക്രോവൈവ്‌സും പാര്‍ട്ടിക്കിള്‍ ബീംസും ഉപയോഗിച്ചും ഇവ പ്രവര്‍ത്തിക്കാറുണ്ട്. പരമ്പരാഗത ആയുധങ്ങളെ അപേക്ഷിച്ച് പല മേന്മകളും ഇത്തരം ആയുധങ്ങള്‍ അവകാശപ്പെടാറുണ്ട്. പ്രകാശ വേഗത്തിലാണ് (സെക്കൻഡില്‍ ഏതാണ്ട് മൂന്ന് ലക്ഷം കിലോമീറ്റര്‍) ഇത്തരം ആയുധങ്ങള്‍ ലക്ഷ്യം ഭേദിക്കുകയെന്നതാണ് ഇതില്‍ ആദ്യത്തേത്. കണ്ണടച്ചു തുറക്കും മുൻപെ കാര്യം കഴിയുമെന്ന് ചുരുക്കം. അന്തരീക്ഷത്തിലെ പിന്നോട്ടു വലിക്കലും ഗുരുത്വാകര്‍ഷണവുമൊന്നും ഇവയുടെ ചലനത്തെ ബാധിക്കാറില്ല. കൃത്യതയുടെ കാര്യത്തില്‍ ഒരു രക്ഷയുമില്ലെന്നതാണ് അടുത്ത ഗുണം. ആവശ്യത്തിനനുസരിച്ച് ശേഷിയില്‍ മാറ്റം വരുത്താനാകുമെന്നതും ഡിഇഡബ്ല്യുകളുടെ പ്രത്യേകതയാണ്.

 

ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഡിഇഡബ്ല്യുകള്‍ ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകളുടെ ഭാഗങ്ങള്‍ തകര്‍ത്ത് അവയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഡിഇഡബ്ല്യുകള്‍ ഉപയോഗിക്കുന്നത്. ഇത്തരം ചെറുകിട ലേസര്‍ ആയുധങ്ങള്‍ ഒട്ടുമിക്ക രാജ്യങ്ങളുടേയും ആയുധ ശേഖരത്തിന്റെ ഭാഗവുമാണ്. അമേരിക്കന്‍ പ്രതിരോധ വെബ്‌സൈറ്റായ ഡിഫന്‍സ് ന്യൂസ് അടുത്തിടെ ഡിഇഡബ്ല്യു ആയുധങ്ങളുടെ ആഗോളതലത്തിലുള്ള മുന്നേറ്റത്തെക്കുറിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അതിശക്തമായ ലേസര്‍ ആയുധം നിര്‍മിക്കുന്നതിന് ഡിആര്‍ഡിഒ ആണെന്നും പദ്ധതിക്കായി 100 ദശലക്ഷം ഡോളറിന്റെ ഫണ്ടിന് പ്രതിരോധ മന്ത്രാലയത്തോട് അനുമതി തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

 

ഈ അതിശക്ത ലേസര്‍ ആയുധമാണ് 100 കിലോവാട്ട് ശേഷിയുള്ള ദുര്‍ഗ II. എന്നാല്‍ നിലവില്‍ ദുര്‍ഗ II വികസിപ്പിച്ചെടുക്കുന്ന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേസര്‍ ആയുധങ്ങള്‍ക്ക് വേണ്ട സാങ്കേതികവിദ്യ ഇപ്പോഴും കാര്യക്ഷമമായിട്ടില്ലെന്നതാണ് ഡിആര്‍ഡിഒ അടക്കമുള്ളവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യന്‍ സേനകൾക്ക് കരയിലും കടലിലും വായുവിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ആയുധമായിരിക്കും ദുര്‍ഗ II എന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള ലേസര്‍ സയന്‍സ് ആൻഡ് ടെക്‌നോളജി സെന്റര്‍ ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന 25 കിലോവാട്ടിന്റെ ലേസര്‍ വികസിപ്പിച്ചെടുത്തിരുന്നു. പരമാവധി അഞ്ച് കിലോമീറ്ററായിരുന്നു ഇതിന്റെ പരിധി. 

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ ദുര്‍ഗ പദ്ധതി പ്രതിരോധ വൃത്തങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടെന്നതാണ് മറ്റൊരു വസ്തുത. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന കെ.കെ. നായര്‍ 2008ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ദുര്‍ഗ പദ്ധതിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 2017ല്‍ ഒരു കിലോവാട്ട് ശേഷിയുള്ള ലേസര്‍ ആയുധം ഡിആര്‍ഡിഒ ചിത്രദുര്‍ഗയില്‍ വെച്ച് ഒരു ട്രക്കിന് മുകളില്‍ നിന്നും പരീക്ഷിച്ചിരുന്നു. അന്ന് 250 മീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് ലേസർ തകര്‍ത്തത്. ഇതിനു സാക്ഷ്യം വഹിക്കാന്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയും എത്തിയിരുന്നു. 

 

ആവശ്യമായ ശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ നിര്‍മിക്കുകയെന്നത് ഇന്നും പ്രതിരോധ വിദഗ്ധരെ സംബന്ധിച്ച് വെല്ലുവിളിയാണ്. ലേസര്‍ പ്രയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ഉയര്‍ന്ന ചൂട് കുറക്കാനായുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും വെല്ലുവിളിയുടെ കൂട്ടത്തില്‍ പെടുന്നു. ഇന്ത്യയുടെ ലേസര്‍ ആയുധമെന്ന സ്വപ്‌നം പതിറ്റാണ്ടുകള്‍ നീണ്ടു കിടക്കുമ്പോള്‍ അമേരിക്ക അടുത്തിടെ ലേസര്‍ ആയുധം നിര്‍മിച്ചെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

 

പ്രതിരോധ- വ്യോമയാന രംഗത്തെ യുഎസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ ജനുവരിയില്‍ ഹൈ എനര്‍ജി ലേസര്‍ വിത്ത് ഇന്റഗ്രേറ്റഡ് ഒപ്റ്റികല്‍ ഡാസ്‌ലര്‍ ആൻഡ് സര്‍വെയ്‌ലന്‍സ് (HELIOS) എന്ന പേരിലുള്ള ലേസര്‍ ആയുധമാണ് അമേരിക്കന്‍ നാവികസേനക്കായി നിര്‍മിച്ചത്. 60 കിലോവാട്ട് ശേഷിയുള്ളതാണ് ഈ അമേരിക്കന്‍ ആയുധം. ചെറു കപ്പലുകളേയും ഡ്രോണുകളേയും തകര്‍ക്കാന്‍ ഈ ആയുധത്തിനാകും. ഹെലിയോസിന്റെ ശേഷി വര്‍ധിപ്പിച്ച് കപ്പലുകളെ ലക്ഷ്യം വെക്കുന്ന മിസൈലുകളേയും പടക്കപ്പലുകളേയും പ്രതിരോധിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ് ലോക്ഹീഡ് മാര്‍ട്ടിന്റെ ലക്ഷ്യം.

 

English Summary: India developing DURGA II laser weapon for land, naval, air use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT