sections
MORE

ആണവസൂനാമിയുണ്ടാക്കുന്ന പൊസൈഡോൺ റഷ്യ വികസിപ്പിക്കുന്നത് യുഎസിന്റെ പേടിസ്വപ്നം

poseidon
SHARE

സൂപ്പർവെപ്പൺ... അക്ഷരാർഥത്തിൽ ആ വിശേഷണത്തിന് അർഹമാണ് റഷ്യ വികസിച്ച് ഇപ്പോൾ ഉത്തരധ്രുവമേഖലയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പൊസൈഡോൺ 2എം39 ടോർപിഡോ. സർവവിനാശകാരിയായ ഒരു ജലാന്തര ടോർപിഡോ. 2018 ൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പ്രഖ്യാപിച്ച 6 പ്രധാന ആയുധങ്ങളിൽ പ്രമുഖമാണ് പൊസൈഡോൺ. ഒരു ചെറിയ അന്തർവാഹിനിയെ അനുസ്മരിപ്പിക്കുന്ന പൊസൈഡോൺ ആണവശേഷിയുള്ളതാണ്. 20 മീറ്റർ നീളമുള്ള ഇതിന് എതിരാളികളുടെ തീരസംരക്ഷണ സംവിധാനങ്ങളെ മറികടന്ന് നഗരങ്ങളെ ആക്രമിക്കാൻ കരുത്തുണ്ട്.

2 മെഗാടൺ സ്‌ഫോടകശേഷിയുള്ളതാണ് പൊസൈഡോൺ, ഹിരോഷിമയിൽ വീണ അണുബോംബിന്റെ 133 മടങ്ങ് പ്രഹരശേഷിയുള്ളത്. കടലിന്റെ അടിത്തട്ടിൽ നിന്നും വിദൂരമേഖലകളിൽ നിന്നും ആക്രമിക്കാവുന്ന വകഭേദങ്ങൾ പൊസൈഡോണിനുണ്ട്. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ഇതു ലോകത്തെ ഏറ്റവും സങ്കീർണമായതും, എന്നാൽ ഏറ്റവും കുറച്ചുമാത്രം പഠനവിധേയമായിട്ടുള്ളതുമായ ആയുധമായിട്ടാണു വിദഗ്ധർ വിശേഷിപ്പിക്കുന്നത്. യുഎസ് രാജ്യാന്തര സുരക്ഷാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ ഫോർഡിന്റെ വാക്കുകളിൽ പറഞ്ഞാൽ' ഒരു ആണവസൂനാമിയുണ്ടാക്കി യുഎസ് തീരനഗരങ്ങളെ മുക്കാൻ ശേഷിയുള്ള ആയുധം'.

അതിശക്തമായ ആണവ വികിരണങ്ങൾ ഒരു വലിയ പ്രദേശത്താകെ ഉണ്ടാക്കാനുള്ള ശേഷി പൊസൈഡോണിനുണ്ട്. കൊബാൾട്ട് 60 അടങ്ങിയ ഒരു ആണവ ബോംബാണ് ഇതിനു സഹായിക്കുന്നതെന്നാണ് അഭ്യൂഹം. വളരെ പതുക്കെയെത്തി തീരത്തിനു തൊട്ടടുത്തു വച്ച് അതിവേഗം കൈവരിക്കുന്ന രീതിയിലാണ് ഇതിന്റെ സഞ്ചാരം. ഇതുമൂലം തീരരക്ഷാ റഡാർ സംവിധാനങ്ങൾ ഇതിനെ കണ്ടെത്തുമ്പോഴേക്കും സർവനാശം നടന്നുകഴിഞ്ഞിരിക്കും. എല്ലാരീതിയിലും പരാജയപ്പെടുന്ന ഘട്ടത്തിൽ മാത്രം പ്രതിയോഗിക്കെതിരെ പ്രയോഗിക്കാൻ ഉന്നം വച്ചാണ് ഈ ആയുധം റഷ്യ വികസിപ്പിക്കുന്നതെന്നാണു നിരീക്ഷണം.

സ്റ്റാറ്റസ് 6 എന്ന കോഡ് ഭാഷയിലാണ് പൊസൈഡോൺ നേരത്തെ അറിയപ്പെട്ടിരുന്നത്. ബെൽഗോറോഡ്, ഖബാരോവ്‌സ്‌ക് എന്നു പേരുകളുള്ള തങ്ങളുടെ അത്യാധുനിക അന്തർവാഹിനികളെയാകും പൊസൈഡോൺ വഹിക്കാനായി റഷ്യ തിരഞ്ഞെടുക്കുകയെന്ന ശക്തമായ സൂചനകളുണ്ട്. റഷ്യൻ നേവി ഇപ്പോൾ തന്നെ 30 പൊസൈഡോണുകൾക്ക് ഓർഡർ നൽകിക്കഴിഞ്ഞിരിക്കുന്നു.

∙ ആർട്ടിക്കിലെ ശക്തിപ്രകടനം

റഷ്യയുടെ ആർട്ടിക് തീരങ്ങളിൽ അടുത്തിടെയായി വലിയ രീതിയിൽ മഞ്ഞുരുകിയതു മൂലം ഒരുപാടു സ്ഥലം തെളിഞ്ഞു വന്നത് പൊസൈഡോൺ ഉൾപ്പെടെ വളരെ പുരോഗമിച്ച ആയുധങ്ങൾ പരീക്ഷിക്കാൻ റഷ്യയ്ക്ക് അവസരമുണ്ടാക്കിയിട്ടുണ്ട്. യുഎസ് സംസ്ഥാനമായ അലാസ്‌കയ്ക്കു തൊട്ടടുത്തുള്ള മേഖലയിലാണ് ഈ സന്നാഹങ്ങൾ. യുഎസിനു വളരെ അസ്വസ്ഥമായ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് പുടിനിസ്റ്റ് റഷ്യ ഈ പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നത്. പഴയ ശീതയുദ്ധകാല പ്രവൃത്തികൾ റഷ്യ ആവർത്തിക്കുകയാണെന്നാണു ചില യുഎസ് വിദഗ്ധർ ഇതിനെ നിരീക്ഷിച്ചത്.

അഞ്ച് വർഷങ്ങളായി ആർട്ടിക്കിൽ റഷ്യ വലിയ പദ്ധതികൾ നടപ്പാക്കുന്നു. പ്രശസ്തമായ റഷ്യൻ ഐസ്‌ബ്രേക്കിങ് ഷിപ്പുകളും അന്തർവാഹിനികളുമുപയോഗിച്ചാണ് ഉറഞ്ഞുകിടക്കുന്ന മഞ്ഞു മാറ്റിയത്.ഇത്തരത്തിൽ വിപുലപ്പെടുത്തിയ ആയുധസന്നാഹങ്ങൾ റഷ്യയ്ക്ക് മേഖലയിൽ വലിയ മേൽക്കൈ നൽകുന്നു. കപ്പൽ വേധ മിസൈലായ സിർക്കോൺ ക്രൂയിസ് മിസൈൽ പരീക്ഷണവും ഇവിടെ നടന്നിരുന്നു.ഹൈപ്പർസോണിക് വേഗത്തിൽ സഞ്ചരിക്കുന്ന സിർക്കോണിനെ നിലവിലെ മിസൈൽവേധ സംവിധാനങ്ങൾക്കൊന്നും തൊടാൻ സാധിക്കില്ല.

ഏഷ്യയിൽ നിന്നു, പ്രത്യേകിച്ച് ചൈന ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ നിന്നു യൂറോപ്പിലേക്ക് എളുപ്പം എത്താൻ സാധിക്കുന്ന നോർത്തേൺ സീ റൂട്ട് എന്ന കപ്പൽപാത നിയന്ത്രിക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്നു പറയപ്പെടുന്നു. സൂയസ് കനാൽ കടന്നു പോകുന്ന പരമ്പരാഗത കപ്പൽപാതയെക്കാൾ കുറഞ്ഞ സമയത്ത് യൂറോപ്പിലെത്താൻ വഴിയൊരുക്കുന്ന നോർത്തേൺ സീറൂട്ടിന് വളരെ നയതന്ത്രപരമായ പ്രാധാന്യവുമുണ്ട്.

Englsih Summary: A New Russian Weapon Can Flood Coastal Cities With 'Radioactive Tsunamis'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA