sections
MORE

ഇറാന്റെ ആണവകേന്ദ്രം ഇരുട്ടിലായി, പിന്നിൽ മൊസാദോ? പ്രതികരിക്കാതെ ഇസ്രയേൽ

Irans-natanz
SHARE

ഇറാനിലെ നടാൻസ് ആണവകേന്ദ്രത്തിൽ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതിന് പിന്നിൽ ഇസ്രയേലിന്റെ മൊസാദിലെ സൈബർ സംഘമാണെന്ന് ആരോപണം. ആണവ ഭീകരപ്രവർത്തനമാണിതെന്ന് ഇറാൻ ആണവോർജ ഏജൻസി മേധാവി അലി അക്ബർ സലേഹിയും ആരോപിച്ചു. എന്നാൽ വൈദ്യുതി വിതരണ ഗ്രിഡിലെ തകരാറാണു കാരണമെന്ന് ഇറാനിയൻ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇതുമൂലം നിലയത്തിൽ ആളപായമോ ആണവ മലിനീകരണമോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ ആണവോർജ ഏജൻസി വക്താവും അറിയിച്ചു.

50 ഇരട്ടി വേഗമേറിയ യുറേനിയം സമ്പുഷ്ടീകരണത്തിനു ശനിയാഴ്ച തുടക്കമിട്ടതിനു പിന്നാലെയാണു വൈദ്യുതി നിലച്ചത്. ഇതിനിടെ, ഇസ്രയേലിൽ നിന്നുള്ള സൈബർ ആക്രമണത്തെ തുടർന്നാണ് നടാൻസ് ഇരുട്ടിലായതെന്ന് ആരോപണമുയർന്നു. ഭൂമിക്കടിയിലും മുകളിലുമായുള്ള ആണവ നിലയത്തിൽ അപ്പാടെ വൈദ്യുതി ഇല്ലാതായതു സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണെന്നും കാരണം കണ്ടെത്താനായിട്ടില്ലെന്നുമാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞത്. കഴിഞ്ഞ ജൂലൈയിൽ ഇവിടെ സംശയാസ്പദമായ സ്ഫോടനവും ഉണ്ടായി.

പുതിയ യുറേനിയം സമ്പുഷ്ടീകരണ ഉപകരണങ്ങൾ ഔദ്യോഗികമായി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാനിലെ ആണവ കേന്ദ്രത്തെ ഇരുട്ടിലാക്കി വൈദ്യുതി നിലച്ചത്. അതേസമയം, ഇസ്രയേൽ സൈബർ ആക്രമണത്തിന്റെ ഫലമാണിതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സംഭവത്തെക്കുറിച്ച് ഇസ്രയേൽ നേരിട്ട് പ്രതികരിച്ചിട്ടില്ല.

2018 ലെ ട്രംപ് ഭരണത്തിൻ കീഴിൽ യുഎസ് ഉപേക്ഷിച്ച 2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുനരാരംഭിച്ചതോടെയാണ് ഏറ്റവും പുതിയ സംഭവമെന്നതും ശ്രദ്ധേയമാണ്. ദേശീയ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്ത ചടങ്ങിൽ ശനിയാഴ്ച ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയാണ് നടാൻസ് ആണവകേന്ദ്രത്തിലെ പുതിയ സെൻട്രിഫ്യൂജുകൾ ഉദ്ഘാടനം ചെയ്തത്. യുറേനിയം സമ്പുഷ്ടീകരണത്തിനു ആവശ്യമായ ഉപകരണങ്ങളാണ് സെൻട്രിഫ്യൂജുകൾ. ഇത് ഉപയോഗിച്ച് റിയാക്റ്റർ ഇന്ധനവും ആണവായുധങ്ങളും നിർമിക്കാൻ ഉപയോഗിക്കാം.

ഇസ്രയേലിൽ നിന്നുള്ള സൈബർ ആക്രമണം മൂലമാണ് വൈദ്യുതി മുടക്കം സംഭവിച്ചതെന്ന് ഇസ്രയേൽ പബ്ലിക് ബ്രോഡ്കാസ്റ്റർ കാൻ റിപ്പോർട്ട് ചെയ്തു. സംഭവം ഇസ്രയേൽ സൈബർ ആക്രമണമാണെന്ന് കരുതാമെന്നും ഹാരെറ്റ്സ് പത്രവും പറയുന്നുണ്ട്. ആണവായുധ ശേഷിയിലേക്ക് ഇറാൻ മുന്നേറുന്നതിനിടയിൽ സംഭവിച്ച ഈ പ്രശ്നം ഒരു അപകടം മൂലമായിരിക്കില്ലെന്ന് കരുതാം. ഇതിനു പിന്നിൽ മനഃപൂർവം നടത്തിയ അട്ടിമറിയാകാമെന്നും യെനെറ്റ് ന്യൂസ് വെബ്‌സൈറ്റിലെ പ്രതിരോധ അനലിസ്റ്റ് റോൺ ബെൻ-യിഷായ് പറഞ്ഞു.

English Summary: Iran says key Natanz nuclear facility hit by 'sabotage'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA