ADVERTISEMENT

ഏറ്റവും അത്യാധുനിക മിസൈലിന്റെ പരീക്ഷണത്തിനൊരുങ്ങുകയാണ് അമേരിക്ക. ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാനാവുന്ന ഈ മിസൈലിന് അമേരിക്കയില്‍ നിന്നും മോസ്‌കോയിലെത്താന്‍ 20 മിനിറ്റും ബെയ്ജിങ്ങിലേക്ക് 30 മിനിറ്റും മതി. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എജിഎം-183എ എന്ന മിസൈലാണ് അമേരിക്കന്‍ പ്രതിരോധ കരുത്ത് തെളിയിക്കാനിരിക്കുന്നത്. അതേസമയം, ഏപ്രിൽ 6 ന് നടത്തിയ ആദ്യ പരീക്ഷണം പരാജയപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

എങ്കിലും ഹൈപ്പര്‍സോണിക് മിസൈലുകളില്‍ റഷ്യക്കാണ് ലോകത്ത് മേല്‍ക്കൈ എന്നതാണ് വസ്തുത. ഇതിനൊരു അപവാദമായാണ് അമേരിക്കയുടെ ഹൈപര്‍സോണിക് മിസൈലായ എജിഎം-183എയുടെ വരവ്. ഏതാനും ദിവസങ്ങള്‍ക്കകം ഈ മിസൈലിന്റെ പരീക്ഷണം നടത്തുമെന്നാണ് അമേരിക്കന്‍ വ്യോമസേന തന്നെ അറിയിച്ചിട്ടുള്ളത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ക്കായി മാര്‍ച്ച് ഒന്നിന് തന്നെ കലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്‌സ് ആസ്ഥാനത്തേക്ക് ഈ മിസൈല്‍ എത്തിച്ചിരുന്നു.

 

മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപാണ് കഴിഞ്ഞ വര്‍ഷം എജിഎം-183എ എന്ന മിസൈല്‍ ലോകത്തന് മുൻപാകെ അവതരിപ്പിച്ചത്. എന്നാല്‍, ഇന്ന് ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വേഗമേറിയ മിസൈല്‍ ഇതല്ല. റഷ്യയുടെ പയനീര്‍ എന്ന് പേരിട്ട ആ വേഗ മിസൈല്‍ 2018 മാര്‍ച്ചിലാണ് പുടിന്‍ പുറത്തിറക്കിയത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഇതിന് ശബ്ദത്തിന്റെ 28 ഇരട്ടി (സെക്കൻഡില്‍ 7.5 കി.മീ) വരെ വേഗത്തില്‍ സഞ്ചരിക്കാനാകും. 2019 ഡിസംബറിലാണ് പയനീര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായത്. എത്ര പയനീര്‍ മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് റഷ്യ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.

 

മിസൈലുകള്‍ നിര്‍മിക്കുന്നതുപോലെ തന്നെ പ്രധാനമാണ് മിസൈലുകളെ പ്രതിരോധിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങൾ ഉണ്ടാക്കുകയെന്നതും. നിരവധി മിസൈലുകള്‍ക്ക് ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ ലക്ഷ്യം മാറ്റാനും ദൗത്യത്തില്‍ നിന്നും പിന്‍മാറാനുമുള്ള ശേഷിയുണ്ട്. എന്നാല്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടയാനാവാത്തവയാണ് ഭൂഖണ്ഡാന്തര മിസൈലുകളെന്ന ധാരണ പൊതുവെയുണ്ട്. ശബ്ദത്തിന്റെ 20 ഇരട്ടി വേഗത്തില്‍ 8000 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ സാധിക്കുന്ന മിസൈലുകളെ തടയാന്‍ ശേഷിയുള്ള പ്രതിരോധ സംവിധാനങ്ങളില്‍ പലതും അവകാശപ്പെടാറുണ്ടെങ്കിലും അവക്ക് 100 ശതമാനം കൃത്യതയില്ല. 

 

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും വാങ്ങിയ, സ്വന്തമാക്കാനിരിക്കുന്ന റഷ്യയുടെ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനമാണ് നിലവില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്. മിസൈലുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതുപോലെ കാലാകാലങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും വര്‍ധിപ്പിക്കുന്നുണ്ട്. റഷ്യ തങ്ങളുടെ എസ് 500 മിസൈല്‍ പ്രതിരോധ സംവിധാനം അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

 

മാക് 10 (ശബ്ദത്തിന്റെ പത്തിരട്ടി വേഗം) വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ ഒരു സെക്കൻഡില്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കും. ഇത് സാധാരണ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനുള്ള സാവകാശം പോലും പലപ്പോഴും നല്‍കാറില്ല. നിലവില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രതികരിക്കാന്‍ കുറഞ്ഞത് പത്ത് സെക്കൻഡ് സമയം വേണം. എന്നാല്‍ റഷ്യയുടെ എസ് 500 അടക്കമുള്ള ഭാവിയിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഈയൊരു കുറവുകൂടി പരിഹരിക്കുമെന്നാണ് കരുതുന്നത്.

 

English Summary: US new hypersonic missile can reach China in just 30 minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT