ADVERTISEMENT

ഗാസ മുനമ്പിൽ നിന്ന് ഓരോ ദിവസവും നൂറുകണക്കിന് റോക്കറ്റുകളാണ് ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ടു പറക്കുന്നത്. മിക്കതും ഇസ്രയേലിന്റെ അയൺ ഡോം എന്ന പ്രതിരോധ സംവിധാനം തകർക്കുന്നുണ്ടെങ്കിലും ചിലതൊക്കെ താഴെ വീഴുന്നുമുണ്ട്. ചിലത് ഇസ്രയേൽ നഗരങ്ങളിൽ വീഴുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഇതിനു പ്രതികാരമായി ഗാസ സിറ്റിയിൽ ഇസ്രയേൽ സേന പോർവിമാനങ്ങളിൽ നിന്നു ബോംബുകളും മിസൈലുകളും വര്‍ഷിക്കുന്നുമുണ്ട്.

 

കഴിഞ്ഞ തിങ്കളാഴ്ച ജറുസലേമിലെ അൽ-അക്സ പള്ളി വളപ്പിൽ പൊലീസ് നടത്തിയ റെയ്ഡിന് മറുപടിയായാണ് ഹമാസ് മിസൈലാക്രമണം തുടങ്ങിയത്. ഇതിനു മറുപടിയായി ഗാസയിൽ ബോംബാക്രമണവുമായി ഇസ്രായേലും രംഗത്തെത്തിയതോടെ സംഘർഷം രൂക്ഷമായി. ഗാസ മുനമ്പിൽ നിന്ന് ഹമാസും ചെറിയ ഗ്രൂപ്പായ ഇസ്‌ലാമിക് ജിഹാദും തിങ്കളാഴ്ച മുതൽ ഇതുവരെ ഇസ്രയേലിലേക്ക് 2500ലധികം മിസൈലുകളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ചു എന്നാണ് ഐഡിഎഫ് വാദിക്കുന്നത്. രണ്ടു ഭാഗത്തും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഗാസയിലാണ് കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്.

 

ഹമാസിന്റെ മിസൈലാക്രമണത്തിൽ കാറുകൾ, വീടുകൾ തകർന്നുവെന്നാണ് ഇസ്രയേൽ പറയുന്നത്. വിപുലീകരിച്ച ആയുധശേഖരം പ്രദർശിപ്പിച്ച് ഇസ്രയേലിനെ നിലയ്ക്കുനിർത്താനാണ് ഹമാസിന്റെ നീക്കം. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം അയൺ ഡോമിനെ പരീക്ഷിക്കുന്നതാണ് ഹമാസിന്റെ ആക്രമണമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

 

ഗാസയിൽ നിന്ന് തൊടുക്കുന്ന മിക്ക മിസൈലുകളും മെയ്ഡ് ഇൻ ഹമാസ് ആണെന്നാണ് മിസൈലുകളിൽ വിദഗ്ധനായ സ്വതന്ത്ര ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് അനലിസ്റ്റ് ഫാബിയൻ ഹിൻസ് പറഞ്ഞത്. നേരത്തെ ആയുധങ്ങൾ വാങ്ങുകയായിരുന്നെങ്കിൽ ഇപ്പോൾ ഹമാസിൽ തന്നെ മിസൈൽ നിര്‍മാണത്തിന് പ്രത്യേക സംഘമുണ്ടെന്നാണ് അറിയുന്നത്. ഇതിൽ ചില ടെക് വിദഗ്ധരെയാണ് ഇസ്രയേൽ വ്യോമസേന ദിവസങ്ങൾക്ക് മുൻപ് വ്യോമാക്രമണത്തിലൂടെ വധിച്ചത്.

 

∙ ഹമാസിന്റെ ആയുധങ്ങൾ

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാസയിൽ നിന്നുള്ള ആക്രമണങ്ങളിൽ ഹമാസ് ഉപയോഗിച്ച മിസൈലുകളിൽ ഉപയോഗിച്ചിരിക്കുന്നത് പരിചിതമായ സാങ്കേതികവിദ്യകളാണ് എന്നാണ് മിക്ക വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടത്. 2014 ൽ ഇസ്രയേലും ഹമാസും തമ്മിലുള്ള അവസാനത്തെ വലിയ സംഘർഷത്തിൽ ഉപയോഗിച്ച മിസൈലുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ, മിസൈലുകളുടെ ഡിസൈനും പ്രഹരശേഷിയും ഉപയോഗിക്കുന്ന രീതിയും മാറിയിരിക്കാമെന്നും വിദഗ്ധർ പറയുന്നു.

 

ഇപ്പോൾ ഹമാസ് ഉപയോഗിക്കുന്ന മിസൈലുകൾ സാങ്കേതികവിദ്യയിൽ വ്യത്യസ്തമല്ല. എന്നാൽ 2014 ൽ ഉപയോഗിച്ചതിനേക്കാൾ വ്യത്യസ്തമാണ് എന്നതാണ് തന്റെ ധാരണയെന്ന് ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ ഓർഗനൈസേഷന്റെ തലവനായിരുന്ന ഉസി റൂബിൻ പറഞ്ഞു. ഹമാസിന്റെ ഇപ്പോഴത്തെ മിസൈലുകളിൽ ഭാരം കൂടിയ, സ്ഫോടനവസ്തുക്കൾ നിറച്ച പോർമുനകളാണ് ഉപയോഗിക്കുന്നത്.

 

കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ പ്രധാന നഗരമായി ടെൽ അവീവിനു സമീപം ആക്രമിക്കാൻ ഹമാസ് ഉപയോഗിച്ചത് ‘അയ്യാഷ് 250’ എന്ന പുതിയ മിസൈലായിരുന്നു. ഈ മിസൈലിന് ഏകദേശം 250 കിലോമീറ്റർ ദൂരം വരെ ആക്രമണം നടത്താൻ ശേഷിയുണ്ട്.

 

ഹമാസിന്റെ മിസൈലുകളുടെ വലുപ്പത്തിന്റെയും ശേഖരത്തിന്റെയും കണക്കുകളിൽ വ്യത്യാസമുണ്ട്. ഇസ്രയേൽ പ്രതിരോധ സേനയിലെ റിട്ടയേർഡ് ബ്രിഗേഡിയർ ജനറലായ മൈക്കൽ ഹെർസോഗ് പറയുന്നത് ഹമാസിന് ഗ്രൂപ്പിന്റെ കൈവശം 8,000 മുതൽ 10,000 വരെ മിസൈലുകൾ ഉണ്ടാകാമെന്നാണ്. എന്നാൽ, എത്രത്തോളം ആയുധങ്ങൾ ഉണ്ടെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് മറ്റു ചില വിദഗ്ധർ അഭിപ്രായപ്പെട്ടത്. എന്നാൽ, 2014 നെ അപേക്ഷിച്ച് ഇപ്പോഴത്തേത് ഏറെ വലുതാണെന്നും റിപ്പോർട്ടുകളുണ്ട്.

 

അതിർത്തിയിൽ നിന്ന് ആറ് മുതൽ 12 മൈൽ വരെ മാത്രം സഞ്ചരിക്കാൻ ശേഷിയുള്ള ഹ്രസ്വ-ദൂര മിസൈലുകളാണ് മിക്കതും. എന്നാൽ ഹമാസിന്റെ ആയുധപ്പുരയിലെ വലിയ ഭാഗം മിസൈലുകൾക്കും ഇസ്രയേലിലുടനീളമുള്ള പ്രധാന ജനവാസകേന്ദ്രങ്ങളിൽ എത്താൻ കഴിയുന്നതാണ്. അതേസമയം, ഹമാസും മറ്റ് സംഘങ്ങളും പുതിയ മിസൈലുകളിൽ കൃത്യമായ മാർഗനിർദ്ദേശ സംവിധാനങ്ങൾ ഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവ വിജയിച്ചതായി തെളിവുകളില്ല. ചില മിസൈലുകൾ കൃത്യമായ ലക്ഷ്യങ്ങളിലെത്തുന്നുണ്ട്. എന്നാൽ, തൊടുത്ത മിസൈൽ നിന്ത്രിക്കാനുള്ള സംവിധാനങ്ങളൊന്നും ഹമാസിന്റെ കൈവശമില്ല.

 

English Summary: Hamas missiles and Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com