ADVERTISEMENT

ജൂതചരിത്രത്തിലെ ഏറ്റവും ഞെട്ടിച്ച ഒരു സംഭവത്തിന്റെ വാർഷികമാണ് ഈ മേയിൽ കടന്നു പോകുന്നത് ഹിറ്റ്‌ലറുടെ ഭരണകാലത്തും രണ്ടാം ലോകയുദ്ധ കാലഘട്ടത്തിലും യൂറോപ്പിൽ ജൂതർ വലിയ രീതിയിൽ അടിച്ചമർത്തപ്പെട്ടിരുന്നു. എന്നാൽ ചുരുങ്ങിയ തോതിലെങ്കിലും നാത്‌സികൾക്കെതിരെയുള്ള പ്രതിഷേധങ്ങളും ചില ജൂതക്കോളനികളിലെങ്കിലും ഉയർന്നിരുന്നു. അതിലൊന്നായിരുന്നു വാഴ്സയിലേത്.

 

ഇന്നത്തെ പോളണ്ടിന്റെ തലസ്ഥാനമാണ് വാഴ്സ. രണ്ടാംലോകമഹായുദ്ധത്തിന്റെ ചതുരംഗക്കളത്തിൽ ആദ്യ ചുവട് വച്ച സ്ഥലം. ജർമൻ ഏകാധിപതി ഫ്യൂറർ അഡോൾഫ് ഹിറ്റ്ലർ, തന്റെ അധികാരപരിധിയിലെ ഭൂവിസ്തൃതി വർധിപ്പിക്കാനുള്ള ബ്ലിറ്റ്സ്ക്രീഗ് ശ്രമത്തിന്റെ ഭാഗമായി 1939 സെപ്റ്റംബറിൽ പോളണ്ടിനെ ആക്രമിച്ചതോടെ രണ്ടാം ലോകയുദ്ധത്തിനു കാഹളാരവമായി. പിന്നീട് പോളണ്ടിലെ നല്ലൊരു ഭാഗം ജർമൻ ആധിപത്യത്തിൻ കീഴിൽ പുലർന്നു.

Adolf-Hitler

 

പോളണ്ടിൽ ഒരു വലിയ വിഭാഗം ജൂതർ ജീവിച്ചിരുന്നു. വാഴ്സയിലെ ജ്യൂയിഷ് ക്വാർട്ടറിൽ. ഇതു പിന്നീട് ഒരു ഘെറ്റോയായി മാറി. ഘെറ്റോയെന്നാൽ നാത്‌സികൾ ജൂതരെ കേന്ദ്രീകരിച്ചു പാർപ്പിച്ചിരുന്ന വലിയ കോളനികൾ. ഇത്തരത്തിൽ ഏർപ്പെടുത്തിയ ജൂതക്കോളനികളിൽ ഏറ്റവും വലുതായിരുന്നു വാഴ്സയിലേത്. 1940 ഒക്ടോബറിൽ നടത്തിയ കണക്കെടുപ്പ് പ്രകാരം നാലു ലക്ഷം ജൂതർ ഇവിടെ വസിച്ചിരുന്നു. ഒരു മുറിയിൽ ശരാശരി 9 പേർ വച്ച്. പട്ടിണിയും അസുഖങ്ങളും ഘെറ്റോയെ വേട്ടയാടിക്കൊണ്ടിരുന്നു.

 

∙ ഗ്രേറ്റ് ആക്ഷൻ

 

warsaw-ghetto-1

ജൂതരെ ഉന്മൂലനം ചെയ്യുന്ന ‘ഗ്രേറ്റ് ആക്ഷൻ’ എന്നു പേരുള്ള പദ്ധതിയുടെ നടപടികളുടെ ഭാഗമായി 1942 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് നാത്‌സി എസ്എസ്, പൊലീസ് യൂണിറ്റുകൾ വാഴ്സ ഘെറ്റോയിലെ ജൂതരെ പോളണ്ടിലുള്ള ട്രെബ്‌ലിങ്ക കോൺസൺട്രേഷൻ ക്യാംപിലേക്കു മാറ്റാൻ തുടങ്ങി. രണ്ടരലക്ഷത്തോളം ജൂതരെ ഇപ്രകാരം മാറ്റി. മുപ്പത്തയ്യായിരത്തോളം പേരെ ഘെറ്റോയ്ക്കുള്ളിൽ തന്നെ നാത്‌സി സൈന്യം കൊലപ്പെടുത്തി. 1943 വർഷത്തിന്റെ തുടക്കത്തിൽ ഘെറ്റോയിലെ ജൂതരുടെ എണ്ണം മുക്കാൽ ലക്ഷം എന്ന നിലയിലേക്കു ചുരുങ്ങിയിരുന്നു. വാഴ്സ ഘെറ്റോയിലെ ജൂതർ തങ്ങളെ ട്രെബ്‌ലിങ്കയിലേക്കു കൊണ്ടുപോകുന്നതിനെ ഭയന്നിരുന്നു. പുനരധധിവാസം എന്ന പേരിലുള്ള ഈ നടപടി തങ്ങൾക്കുള്ള മരണവാറന്റാണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. ശക്തരിൽ ശക്തരായ നാത്‌സികൾക്കെതിരെ ഒരു ചെറുത്തുനിൽപ്പിന് ശേഷിയില്ലെങ്കിൽ പോലും ജീവനായി ഒന്നു പൊരുതാൻ ജൂതക്കോളനിയിലെ ചിലർ തീരുമാനിച്ചു. സെഡ്ഓബി എന്ന സംഘടനയ്ക്ക് അവർ രൂപം നൽകിയതങ്ങനെയാണ്. ഇരുന്നൂറിലധികം ജൂതർ ഇതിൽ അംഗങ്ങളായിരുന്നു.

 

വലതുപക്ഷ ആശയത്തിൽ ആകൃഷ്ടരായ ജൂതർ ജ്യൂയിഷ് മിലിട്ടറി യൂണിയൻ എന്ന രഹസ്യസംഘടനയ്ക്കും രൂപമേകി. ഇരു സംഘടനകളും ചേർന്ന് 750 അംഗസംഖ്യ വരുന്ന ഒരു ജൂതപ്പോരാളി സംഘത്തെ വാഴ്സാ കോളനിക്കുള്ളിൽ വാർത്തെടുത്തു. നാത്‌സിവിരുദ്ധ പോളിഷ് സായുധ സംഘടനയായ ഹോം ആർമിയുമായും ബന്ധമുണ്ടാക്കാൻ ഈ സംഘടനകൾക്കു സാധിച്ചു. ഇവരിൽ നിന്നു പിസ്റ്റളുകളും ബോംബുകളും ജൂതർ നേടി.

 

∙ ആക്രമണം

 

1943 ൽ നാത്‌സി സൈന്യവും പൊലീസും വാഴ്സ കോളനിയിലേക്കു തിരികെ വന്നു. അവിടെ ശേഷിച്ച ജൂതരെ തിരികെ കൊണ്ടുപോകാൻ. ഇത്തവണ ട്രെബ്‌ലിൻകയിലേക്കല്ല, മറിച്ച് ലുബ്‌ലിൻ ജില്ലയിലുള്ള നിർബന്ധിത തൊഴിൽ കേന്ദ്രത്തിലേക്കു മാറ്റാനായിരുന്നു നാത്‌സികളുടെ നീക്കം. എന്നാൽ ഇത്തവണ പോയ സംഘങ്ങളിൽ ജൂതരുടെ സായുധ സംഘങ്ങളുമുണ്ടായിരുന്നു. യാത്രാമധ്യേ ഇവർ ജർമൻ സേനാംഗങ്ങളുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടിയ ജൂതരെല്ലാം വധിക്കപ്പെട്ടു. എന്നാൽ ഈ സംഭവം കാരണം ജർമൻ സൈന്യത്തിന്റെ ശ്രദ്ധ തെറ്റി. ഇതേ സമയം കൊണ്ട് പിടിയിലായ മറ്റു ജൂതരിൽ ചിലർക്ക് രക്ഷപ്പെടാനുള്ള അരങ്ങൊരുങ്ങി.ആ ആക്രമണം നാത്‌സികളെ ഒന്ന് ഞെട്ടിച്ചു. അവർ ബാക്കിയുള്ള ജൂതരെ ഘെറ്റോയിൽ നിന്നു നീക്കുന്നത് കുറച്ചുനാളത്തേക്കു മാറ്റിവച്ചു. ഇതേ സംഭവം ജൂതർക്കിടയിൽ ചെറിയ ആത്മവിശ്വാസം നിറച്ചു. അവർ ഘെറ്റോയിൽ ബങ്കറുകളും മറ്റു ഒളിവിടങ്ങളുമുണ്ടാക്കി. തങ്ങളുടെ പിസ്റ്റളുകൾ കൈയിൽവച്ചു നടന്നു.

 

∙ വാഴ്സ പ്രക്ഷോഭം

 

1943 ഏപ്രിൽ 19 മുതലുള്ള നാലാഴ്ചക്കാലം വാഴ്സയിലെ ജൂതർ, നാത്സികൾക്കെതിരെ പ്രക്ഷോഭം തുടങ്ങി. വാഴ്സ അപ്റൈസിങ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതു കൂടിയായതോടെ നാത്‌സി കോപം അധികരിച്ചു തുടങ്ങി. വാഴ്സയിലെ പൊലീസ് മേധാവിയായി ജർഗൻ സ്ട്രൂപ്പിനെ നാസി ഭരണകൂടം നിയമിച്ചു. രണ്ടായിരത്തിലധികം സൈനികരുമായി സ്ട്രൂപ് ഒരു പുതിയ സംഘം രൂപീകരിച്ചത് ആയിടെ.

 

മോർഡെക്കായി അനീലവിക്സ് എന്ന ഇരുപത്തിനാലുകാരന്റെ നേതൃത്വത്തിൽ എഴുന്നൂറോളം ജൂതർ നാത്സികൾക്കെതിരെ ചെറുത്തുനിൽപ് തുടങ്ങി.  ആദ്യദിനത്തിൽ ജൂതർ നാത്സികളെ ഞെട്ടിച്ചു. 12 നാത്സികൾ കൊല്ലപ്പെട്ടതോടെയാണിത്. ജർമൻകാരെ പെട്ടെന്ന് ആക്രമിച്ച ശേഷം ബങ്കറിലേക്കു മടങ്ങിപ്പോയി ഒളിക്കുന്നതായിരുന്നു ജൂതരുടെ രീതി. പിസ്റ്റളുകളും പഴഞ്ചൻ തോക്കുകളും, കൈബോംബുകളും ഉപയോഗിച്ച് ജൂതർ നാത്സികളെ ആക്രമിച്ചു. കോളനിയിലെ ആളുകളും ഉള്ളിലേക്കു കയറുന്നതിനും ഇവരെ പിടിക്കുന്നതിനും ജർമൻ സൈന്യത്തിനു തടസ്സം സൃഷ്ടിച്ചു. അന്നേ ദിവസത്തെ ആക്രമണം ജർമൻകാർ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു.

രണ്ടാം ദിനം കൂടുതൽ കരുത്തരായാണ് നാത്‌സികൾ എത്തിയത്. വിഷവാതകവും വേട്ടപ്പട്ടികളും ഫ്ലെയിംത്രോവർ എന്നറിയപ്പെടുന്ന സ്ഫോടകവസ്തുക്കളുമൊക്കെ അവർക്കൊപ്പം ഉണ്ടായിരുന്നു. അന്നും പോരാട്ടം തുടർന്നു, ജൂതരുടെ ചെറുത്തുനിൽപ്പും. നാത്‌സികളെ എതിരിടാമെന്ന വിപതിധൈര്യം ജൂതരിൽ ഉയർന്നു തുടങ്ങി.

 

എന്നാൽ മൂന്നാം ദിനമായ മേയ് 16നു സർവസംഹാരത്തിനു തയാറായാണ് നാത്‌സികൾ എത്തിയത്. കോളനിയിൽ വെടിവയ്പു നടത്താനോ ജൂതരെ പിടിക്കാനോ അവർക്ക് ലക്ഷ്യമുണ്ടായിരുന്നില്ല. കോളനി മൊത്തത്തിൽ നശിപ്പിക്കുക, അഗ്നിക്കിരയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു മാസത്തോളം നാത്‌സി സേന ഘെറ്റോയിൽ ആക്രമണം നടത്തി. കോളനി ഏകദേശം പൂർണമായി തകർത്തു.

 

ഏഴായിരത്തിലധികം ജൂതർ കൊല്ലപ്പെട്ടു. അത്രയും തന്നെ ജൂതരെ പിടികൂടി തടവിലാക്കി. കോളനിയിൽ നിന്നു 42000 ജൂതരെ ട്രാവ്നിക്കി, ലുബ്ലിൻ ക്യാംപുകളിലേക്കയയ്ക്കുകയും പിന്നീടവരെ കൊലപ്പെടുത്തുകയും ചെയ്തു. മെയ് 16നു കോളനി പൂർണമായും നാത്‌സി അധീനതയിലായി. വിജയസൂചകമായി അവിടെ സ്ഥിതി ചെയ്ത വാഴ്സ ഗ്രേറ്റ് സിനഗോഗ് എന്ന ജൂത ദേവാലയം നാത്‌സികൾ കത്തിച്ചു നശിപ്പിച്ചു.

 

English Summary: On the anniversary of the Warsaw Ghetto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com