ADVERTISEMENT

അമേരിക്കന്‍ വ്യോമസേന അടുത്തിടെ നടത്തിയ പരീക്ഷണപ്പറക്കല്‍ നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നിയന്ത്രിത യുദ്ധവിമാനങ്ങള്‍ ആകാശം കീഴടക്കാൻ പോകുന്നതിന്റെ സൂചനയാണ്. 'എഐ തലച്ചോര്‍' പരീക്ഷണാര്‍ഥം പറന്നുയര്‍ന്നു എന്ന തലക്കെട്ടുകളോടെയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ആഘോഷമാക്കിയത്. ഫ്‌ളോറിഡയ്ക്കും ഗള്‍ഫ് ഓഫ് മെക്‌സിക്കോയ്ക്കും മുകളിലൂടെ രണ്ടുമണിക്കൂര്‍ പത്ത് മിനിറ്റു നേരത്തേക്കാണ് സ്‌കൈബോര്‍ഗ് ഓട്ടോണമി കോര്‍ സിസ്റ്റം (എസിഎസ്) നിയന്ത്രിത വിമാനം പറന്നത്. ഒരു ഡ്രോണിന്റെ തലച്ചോറായി പ്രവര്‍ത്തിക്കാന്‍ പാകത്തിനുള്ള രീതിയില്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും സമന്വയിപ്പിച്ചുള്ള നീക്കമാണ് അമേരിക്ക നടത്തിയത്. മനുഷ്യന്റെ ഇടപെടലില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ 'മാജിക്'.

 

∙ കുറിച്ചത് ചരിത്രം

 

ക്രാറ്റോസ് യുടിഎപി-22 ( Kratos UTAP-22) വൈമാനികനില്ലാ യാനത്തില്‍ ഘടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ഇതില്‍നിന്ന് എസിഎസിന് വ്യോമഗതാഗതം നടത്താനുള്ള ശേഷിയുണ്ടെന്നും, വ്യോമയാന കമാന്‍ഡുകള്‍ക്ക് പ്രതികരിക്കാന്‍ സാധിച്ചിരിക്കുന്നതായും കണ്ടെത്തി. എഐ തലച്ചോറുള്ള ഡ്രോണ്‍ കുതിച്ചുയര്‍ന്നത് ഫ്‌ളോറിഡയിലെ ടിന്‍ഡള്‍ എയര്‍ഫോഴ്‌സ് താവളത്തില്‍ നിന്നാണ്. ഇതിനെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നാണ് അമേരിക്കന്‍ വ്യോമസേന വിശേഷിപ്പിച്ചത്. സ്‌കൈബോര്‍ഗ് സിസ്റ്റമെന്നും പുതിയ യന്ത്രസാമഗ്രികളെ വിശേഷിപ്പിക്കുന്നു. 

അമേരിക്കന്‍ സേനയുടെ സ്‌കൈബോര്‍ഗ് വിഭാഗമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കന്നിപ്പറക്കലിന്റെ വിജയത്തില്‍ തങ്ങളെല്ലാം ആവേശഭരിതരാണെന്നാണ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഓഫിസറായ ബ്രിഗെഡിയര്‍ ജനറല്‍ ഡെയിൽ വൈറ്റ് പറഞ്ഞത്. എഐ തലച്ചോറിന്റെ ഒരു തുടക്ക വേര്‍ഷനാണ് ഇപ്പോള്‍ പരീക്ഷിച്ചു വിജയംകണ്ടെതെന്നും അദ്ദേഹം അറിയിച്ചു.

 

സ്‌കൈബോര്‍ഗ് ടെക്‌നോളജി തുടങ്ങാനിരിക്കുന്ന മാരത്തോണ്‍ ഓട്ടത്തിന്റെ ആദ്യ ചുവടാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ കന്നിപ്പറക്കല്‍ വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ തുടക്കം മാത്രമാണെന്നും, എസിഎസ് സിസ്റ്റം കുറച്ചുകാലമെടുത്ത് പക്വത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോണമസ് അട്രിറ്റബിൾ എയര്‍ക്രാഫ്റ്റ് എക്‌സ്പരിമെന്റേഷന്‍ അഥവാ എഎഎഎക്‌സ് (Autonomous Attritable Aircraft Experimentation, AAAx) സൈനികപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ പരീക്ഷണങ്ങളെ കാണുന്നത്. പുതിയ സിസ്റ്റത്തിന്റെ സുരക്ഷിതത്വമാണ് ഇപ്പോള്‍ നടത്തിയ പരീക്ഷണത്തിലൂടെ പരിശോധിച്ചത്. അടുത്ത മാസങ്ങളില്‍ തകൃതിയായി നടത്താന്‍ പോകുന്ന പരീക്ഷണങ്ങളുടെ തുടക്കമാണിത്. 

 

∙ പുതിയ പരീക്ഷണങ്ങളിലേക്ക്

 

പുതിയ സിസ്റ്റം ഉപയോഗിച്ച് മനുഷ്യ ഇടപെടല്‍ ഇല്ലാതെ നിശ്ചിത സമയത്തിനുള്ളില്‍ ഒരു ദൗത്യം ഏല്‍പ്പിച്ചു നടപ്പാക്കാനാകുമോ എന്ന പരീക്ഷണമാണ് നടത്താനിരിക്കുന്നത്. ഇത് അമേരിക്കന്‍ സേനയുടെ അഭിമാന സംരംഭങ്ങളില്‍ ഒന്നായി തീര്‍ന്നേക്കും. വിമാനങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ സ്വയംനിയന്ത്രണ ശേഷിയുള്ള പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിച്ചെടുക്കാന്‍ അമേരിക്കന്‍ സേന ശ്രമിക്കുന്നുണ്ട്. ഇങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന ടെക്‌നോളജികള്‍ അമേരിക്കന്‍ സൈന്യത്തിന്റെ വികസനത്തെ സഹായിക്കും. ഇപ്പോള്‍ നടത്തിയ പരീക്ഷണം മൈല്‍സ്‌റ്റോണ്‍ 1 എന്നും അറിയപ്പെടുന്നു. ഇതാദ്യമായാണ് ഇത്തരം ശേഷിയുടെ പ്രകടനം നടക്കുന്നത്. ഇതു വിജയമാണെങ്കിലും സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സാങ്കേതികവിദ്യയെ സജ്ജമാക്കുകയാണ് ഇനി ചെയ്യേണ്ടത്. യുദ്ധം വിജയിക്കാന്‍ കഴിയുന്ന തരത്തിലുള്ള ടെക്‌നോളജി ഉള്‍ക്കൊള്ളിക്കാനുള്ള നീക്കം ഫലവത്താകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അമേരിക്കന്‍ സൈന്യം.

 

അതേസമയം, ഇതൊരു തുടക്കം മാത്രമണെന്നു വിശേഷിപ്പിക്കാനാണ് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെല്ലാം ശ്രമിക്കുന്നതെന്നും വ്യക്തമാണ്. അടുത്തതായി ഒരുകൂട്ടം സ്‌കൈബോര്‍ഡ് ഡ്രോണുകളെ പറപ്പിക്കാനായിരിക്കും സേനയുടെ ശ്രമം. ഇവ മനുഷ്യ പൈലറ്റുമാരുള്ള വിമാനങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കുകയോ, ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ തനിച്ചു പറന്നേക്കുമെന്നും കരുതുന്നു. വൈമാനികരുള്ള ഒരു ഫൈറ്റര്‍ ജെറ്റിനൊപ്പം പറന്ന് വേണ്ട സഹായങ്ങള്‍ ചെയ്യാനുള്ള ശേഷിയും സ്‌കൈബോര്‍ഗ് സിസ്റ്റത്തിനുണ്ടായിരിക്കും.

 

∙ സങ്കീര്‍ണമായ യുദ്ധ ദൗത്യങ്ങള്‍ക്ക് പുതിയൊരു തുടക്കം

 

സ്‌കൈബോര്‍ഗ് സിസ്റ്റങ്ങള്‍ നിർമിക്കുക വഴി ചെലവു കുറയ്ക്കാമെന്നും അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. ഒരു പൈലറ്റുള്ള വിമാനം നിര്‍മിക്കുന്നതിന്റെ പകുതി ചെലവേ പൈലറ്റില്ലാ വിമാനങ്ങള്‍ക്കു വരൂവെന്നതും സൈന്യത്തിന് നല്ല കാര്യമാണ്. ആജ്ഞ നല്‍കി ഒരു നിമിഷനേരത്തിനുള്ളില്‍ തന്നെ പറന്നുയര്‍ന്ന് ലക്ഷ്യസ്ഥാനത്തേക്കു കുതിക്കാമെന്നതും പുതിയ സിസ്റ്റത്തിന്റെ മികവായിരിക്കും. ഈ സാങ്കേതികവിദ്യ അതിവേഗം പക്വതയാര്‍ജ്ജിക്കുകയാണെന്നും കന്നിപ്പറക്കല്‍ ഒരു നാഴികക്കല്ലാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ സ്‌കോട്ട് കെയ്ന്‍ അഭിപ്രായപ്പെട്ടു. സങ്കീര്‍ണമായ യുദ്ധ ദൗത്യങ്ങള്‍ക്ക് പുതിയൊരു തുടക്കം കുറിക്കുകയായിരിക്കും എഐ തലച്ചോറ് എന്നു വിലയിരുത്തപ്പെടുന്നു.

 

English Summary: 'AI brain' takes historic flight in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT