sections
MORE

നെതന്യാഹു അന്നേ പറഞ്ഞു മൊസാദിനെ നയിക്കാൻ ‘ഡി’ വരും; പുതിയ മേധാവിയുടെ പേര് പ്രഖ്യാപിച്ചു

mossad-representation
SHARE

അമേരിക്കയിൽ ബൈഡൻ ഭരണകൂടം സ്ഥാനമേറ്റപ്പോൾ തന്നെ ഇസ്രയേലിന് വെപ്രാളം തുടങ്ങിയിരുന്നു. ഇറാനുമായുള്ള നിലപാടിൽ ട്രംപിനെ പോലെയാകില്ല പുതിയ ഭരണകൂടമെന്ന് ഇസ്രയേലിന് നേരത്തെ അറിയാമായിരുന്നു. ഇപ്പോൾ പലസ്തീൻ വിഷയവും കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഇതെല്ലാം മുൻകൂട്ടികണ്ട് ഇറാനെ ഒരു പാഠം പഠിപ്പിക്കാൻ രാജ്യത്തിനകത്തും പുറത്തും ചാരൻമാരെ വിന്യസിച്ച് ഭാവിയിലേക്കുള്ള നീക്കങ്ങളെല്ലാം ഇസ്രയേൽ നേരത്തെ ശക്തമാക്കിയിരുന്നു. മൊസാദിന് പുതിയ മേധാവിയെ വരെ ആറു മാസം മുൻപ് പ്രഖ്യാപിച്ചു. എന്നാൽ പേര് ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്തില്ല. ഇപ്പോൾ ആ പേര് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. മൊസാദിന്റെ പുതിയ മേധാവി 56 കാരനായ ഡേവിഡ് ബാർനിയ ആയിരിക്കുമെന്നാണ് പ്രഖ്യാപനം.

2020 ഡിസംബർ പകുതിയോടെയാണ് മൊസാദിന് പുതിയ തലവനെ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയത്. 'ഡി' എന്നറിയപ്പെടുന്ന പേരുപോലും പരസ്യമാക്കാത്ത വ്യക്തിയെയാണ് മൊസാദിനെ നയിക്കാന്‍ നെതന്യാഹു തിരഞ്ഞെടുത്തത്. അമേരിക്കയില്‍ അധികാര കൈമാറ്റം നടക്കുന്ന സുപ്രധാന അവസരത്തിലാണ് മൊസാദിന്റെ പതിമൂന്നാം ഡയറക്ടറായി 'ഡി' അധികാരമേല്‍ക്കുക എന്ന് വരെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നിലവിലെ മേധാവി ജൂൺ വരെ തുടരാനായിരുന്നു തീരുമാനം.

ഇസ്രയേലിലെ മുന്‍ സുപ്രീംകോടതി ജഡ്ജിയും മന്ത്രിസഭയും അടങ്ങുന്ന സമിതി പരിശോധിച്ച ശേഷമാണ് ഡേവിഡ് ബാർനിയയുടെ തിരഞ്ഞെടുപ്പ് ഇസ്രയേല്‍ ഔദ്യോഗികമായി അംഗീകരിച്ചത്. ജൂണില്‍ കാലാവധി അവസാനിക്കുന്ന മൊസാദ് മേധാവി യോസി കോഹന് പകരക്കാരനായാണ് ഡേവിഡ് ബാർനിയ സ്ഥാനമേൽക്കുന്നത്. അഞ്ചര വര്‍ഷം മൊസാദിനെ നയിച്ച ശേഷമാണ് കോഹന്‍ ചുമതല ഒഴിയുന്നത്.

2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ കൂടുതല്‍ നടപടികള്‍ മരവിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇത് അടക്കമുള്ള ട്രംപിന്റെ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ ചരടുവലിച്ചത് നെതന്യാഹു -കോഹന്‍ കൂട്ടുകെട്ടാണെന്നും കരുതപ്പെടുന്നു. നേരത്തെ ഒബാമ സര്‍ക്കാരിന്റെ കാലത്തും ഇസ്രയേലില്‍ നിന്നും സമാനമായ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അന്ന് അമേരിക്ക അതിന് വഴങ്ങിയിരുന്നില്ല. ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്നു നിലവിലെ അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്‍. ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരായ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതും പുതിയ മൊസാദ് മേധാവിയുടെ വിഷമം പിടിച്ച ദൗത്യങ്ങളിലൊന്നാണ്.

നിലവില്‍ മൊസാദിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ഡേവിഡ് ബാർനിയയുടെ സ്ഥാനക്കയറ്റം പലരും പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ഇസ്രയേല്‍ സൈന്യത്തില്‍ സയരെത്ത് മറ്റ്കാല്‍ എന്ന വിഭാഗത്തിലായിരുന്നു 56കാരനായ ഡേവിഡ് ബാർനിയ സേവനം അനുഷ്ടിച്ചത്. ശത്രുക്കളുടെ തന്ത്രപ്രധാന മേഖലകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുകയെന്ന നിര്‍ണായക ദൗത്യമാണ് ഈ സയരെത്ത് മറ്റ്കാലിനുള്ളത്. 

30 വര്‍ഷങ്ങള്‍ക്കു മുൻപായിരുന്നു ഡേവിഡ് ബാർനിയ മൊസാദില്‍ ചേര്‍ന്നത്. ഒന്നര വര്‍ഷത്തെ പരിശീലനത്തിന് ശേഷം സോമെറ്റ് എന്ന മൊസാദിന്റെ റിക്രൂട്ടിങ് വിഭാഗത്തിലായിരുന്നു ആദ്യ സേവനം. കെഷെറ്റ് എന്ന നിരീക്ഷണ വിഭാഗത്തില്‍ ഉണ്ടായിരുന്ന രണ്ട് വര്‍ഷം ഒഴികെ എല്ലാക്കാലത്തും മൊസാദിന്റെ റിക്രൂട്ടിങ് വിഭാഗത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 2018ലായിരുന്നു ഡെപ്യൂട്ടി ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത്. 

നിലവില്‍ മൊസാദിന്റെ ഡയറക്ടറായ കോഹനും ഡേവിഡ് ബാർനിയയും തമ്മില്‍ ഔദ്യോഗികമായി പല സാമ്യതകളുമുണ്ട്. കോഹനും മൊസാദില്‍ റിക്രൂട്ടിങ് ഓഫിസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സോമെറ്റിന്റെ തലവനായി മാറുകയും ഒടുവില്‍ മൊസാദിന്റെ തന്നെ തലപ്പത്ത് എത്തുകയുമായിരുന്നു. മൊസാദിന്റെ ഡയറക്ടര്‍ സ്ഥാനത്തുള്ള കോഹന്റെ അഞ്ച് വര്‍ഷക്കാലാവധി 2020ല്‍ തന്നെ അവസാനിക്കേണ്ടതായിരുന്നു. ഇത് പ്രധാനമന്ത്രി ഇടപെട്ട് ആറ് മാസം കൂടി നീട്ടി നല്‍കുകയായിരുന്നു. 

59കാരനായ കോഹന്റെ മൊസാദ് തലപ്പത്തെ കാലാവധി നീട്ടി നല്‍കിയതിനു പിന്നില്‍ ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ ഡോ. മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകമാണെന്നും കരുതപ്പെടുന്നു. ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നില്‍ മൊസാദാണെന്ന് തന്നെയാണ് കരുതപ്പെടുന്നത്. മൊസാദിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയിച്ച ഡയറക്ടറായാണ് കോഹന്‍ വിലയിരുത്തപ്പെടുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവുമായും കോഹൻ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൊസാദിന്റെ പല മുന്‍ ഡയറക്ടര്‍മാരെയും തലമുതിര്‍ന്ന അംഗങ്ങളെയും അപേക്ഷിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനും അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും മടികാണിക്കാത്ത ആളാണ് കോഹന്‍. 

അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് മൊസാദിനെ ഡേവിഡ് ബാർനിയ നയിക്കുക. ആഗോളതലത്തില്‍ 150ഓളം രാജ്യങ്ങള്‍ മൊസാദുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം ബൈഡന്റെ കാലത്ത് അമേരിക്കയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുക എന്നതും ഭാവി മൊസാദ് മേധാവിയുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

English Summary: Veteran Mossad operative named Israeli spy agencys new Chief

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA