sections
MORE

കറുത്തവർഗക്കാരുടെ നഗരമെരിച്ച വംശീയത: ടൽസ കൂട്ടക്കൊലയ്ക്ക് നൂറാം വാർഷികം

tusla
SHARE

അമേരിക്കയുടെ ഇരുപതാംനൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ അധ്യായം. വംശീയതയുടെ പാരമ്യതയിൽ മുന്നൂറോളം കറുത്തവർഗക്കാരെ കൊന്ന് അവരുടെ വാസസ്ഥലങ്ങൾ തീവച്ചു നശിപ്പിച്ച കലാപകാരികൾ. ടൽസ കലാപം യുഎസിന്റെ മനസ്സാക്ഷിയിൽ ഇന്നുമൊരു നോവാണ്. ഒട്ടേറെക്കാലം മറച്ചുവയ്ക്കപ്പെട്ട ടൽസ കൂട്ടക്കുരുതിയുടെ നൂറാം വാർഷികം മേയ് 31, ജൂൺ ഒന്ന് തീയതികളിൽ ആചരിക്കുകയാണു യുഎസ്. ജൂൺ ഒന്നിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഓക്‌ലഹോമയിലെത്തി ആചരണത്തിൽ പങ്കുചേരുമെന്നാണു കരുതപ്പെടുന്നത്.

∙സ്വപ്നങ്ങൾ വിരിഞ്ഞ ഗ്രീൻവുഡ്

യുഎസിലെ ഓക്‌ലഹോമ സംസ്ഥാനത്തെ ഒരു നഗരമാണ് ടൽസ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടത്തെ ഗ്രീൻവുഡ് എന്ന പ്രദേശത്ത് കറുത്തവർഗക്കാ‍ർ താമസിച്ചുതുടങ്ങി.നഗരത്തിന്റെ തെക്കുവശത്ത് വെളുത്തവർഗക്കാരുടെ അധിവാസകേന്ദ്രം. ഇരു സ്ഥലങ്ങളെയും വിഭജിച്ചുകൊണ്ട് ഒരു റെയിൽവേ ലൈൻ കടന്നുപോയിരുന്നു. ‌ഗ്രീൻവുഡ് അക്കാലത്ത് അറിയപ്പെട്ടിരുന്നത് ബ്ലാക്ക്‌വാൾ സ്ട്രീറ്റ് എന്ന പേരിലാണ്. യുഎസിന്റെ തെക്കൻ സംസ്ഥാനങ്ങളിൽ നടമാടിയ നഗ്നമായ വംശീയത കാരണം ഒട്ടേറെ കറുത്തവർഗക്കാർ ഗ്രീൻവുഡിലെത്തി തങ്ങളുടെ ജീവിതം കരുപ്പിടിച്ചു പോന്നു. 35 ബ്ലോക്കുകളായി തിരിച്ചുള്ള ഗ്രീൻവു‍ഡിൽ പതിനായിരത്തിലേറെ കറുത്തവർഗക്കാർ പാർത്തിരുന്നു.ടൽസ നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു വേറിട്ട്, തീർത്തും സ്വന്തമായ ഒരു വാണിജ്യ, സമ്പദ് വ്യവസ്ഥ ഗ്രീൻവുഡിനുണ്ടായിരുന്നു. എന്നാൽ കറുത്തവർഗക്കാർ നേടുന്ന ഈ പുരോഗതി തൊട്ടപ്പുറമുള്ള വെളുത്തവർഗക്കാരുടെ മേഖലയെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. വംശീയവിദ്വേഷം ഇരുമേഖലകൾക്കും മുകളിൽ അശാന്തിയുടെ മേഘങ്ങൾ തീർത്തു നിന്നിരുന്നു.

∙ പൊട്ടിത്തെറി

1921 മേയ് 30 – ഡിക് റോലൻഡ് എന്ന കറുത്തവർഗക്കാരൻ വെളുത്തവർഗക്കാരിയായ ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ തടവിലായി. പിറ്റേന്ന് ടൽസ ട്രിബ്യൂൺ എന്ന പത്രം ഇതു സംബന്ധിച്ച് വളരെ പ്രകോപനപരമായ ഒരു റിപ്പോർട്ട് നൽകി. ഇതോടെ ആയുധധാരികളായ വെളുത്തവർഗക്കാരും കറുത്തവർഗക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങി.ഏറിയും കുറഞ്ഞുമുള്ള തോതിലെ സംഘർഷത്തോടെ അന്നത്തെ വൈകുന്നേരവും രാത്രിയും കടന്നു പോയി.

എന്നാൽ പിറ്റേന്ന്, അതായത് ജൂൺ ഒന്നിനു പുലർച്ചെ, ഒട്ടേറെ ആയുധങ്ങളുമായി വെളുത്തവർഗക്കാരായ ഒരു സംഘം കലാപകാരികൾ ഗ്രീൻവുഡിലേക്ക് ഇരച്ചുകയറി. അവർ മേഖലയിൽ കൊള്ളയും കൊലയും വ്യാപകമായി അഴിച്ചുവിട്ടു. ഗ്രീൻവുഡിലെ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. വിമാനങ്ങളിലെത്തിച്ച ഡൈനമിറ്റുകൾ ഇവിടെ വിതറിയെന്നും ആരോപണങ്ങളുണ്ട്. തീ കെടുത്താനായെത്തിയ അഗ്നിരക്ഷ സേനാംഗങ്ങളെ കലാപകാരികൾ വിരട്ടി തിരിച്ചയച്ചു. 18 മണിക്കൂറോളം നീണ്ടു നിന്ന നശീകണപ്രവർത്തനത്തിൽ ഗ്രീൻവുഡിന്റെ 35 ബ്ലോക്കുകളും പൊടിധൂളികളായി.1470 വീടുകൾ തകർത്തിരുന്നു. എണ്ണായിരത്തിലധികം പേർ ഇതോടെ അഭയാർഥികളായി.

കറുത്തവർഗക്കാരെ കലാപകാരികൾ തെരുവുകളിൽ യാതൊരു ദയയുമില്ലാതെ വെടിവച്ചിട്ടു.മുന്നൂറിലധികം കറുത്തവർഗക്കാരാണ് ടൽസ കലാപത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ ശവശരീരങ്ങൾ നദികളിലെറിയുകയും കൂട്ടക്കുഴിമാടങ്ങളിൽ അടക്കുകയും ചെയ്തു. തദ്ദേശഭരണകൂടത്തിന്റെ കൂടെ പിന്തുണയോടെയാണ് ഈ കുരുതി നടന്നതെന്ന് ആരോപണങ്ങളുണ്ട്. വൈകുന്നേരത്തോടെ ഒക്ലഹോമ ഗവർണർ നഗരത്തിൽ സൈനികനിയമം പ്രഖ്യാപിച്ചു. എന്നാൽ ഇതും കറുത്തവർഗക്കാർക്ക് അഹിതമായാണു വന്നത്.പൊലീസ് ആറായിരത്തിലധികം കറുത്തവർഗക്കാരെ കരുതൽ തടങ്കലിൽ പാർപ്പിച്ചു.

ഗ്രീൻവുഡിന്റെ പൂർണ തകർച്ചയ്ക്ക് കലാപം വഴിയൊരുക്കി. ഇവിടെ ധാരാളം കറുത്തവർഗക്കാരായ സംരംഭകരുണ്ടായിരുന്നു. അവരുടെ സ്ഥാപനങ്ങളെല്ലാ നശിച്ചു. തീർത്തും വിഭാഗീയമായ കാഴ്ചപ്പാട് പുലർത്തിയ അന്നത്തെ ഇൻഷുറൻസ് കമ്പനികൾ അവർക്കു റിട്ടേണുകൾ നൽകിയില്ല. 

പിൽക്കാലത്ത് ടൽസ കലാപം എല്ലാവരും മറന്നു. യുഎസിന്റെ ചരിത്രപുസ്തകങ്ങളിൽ പോലും ഇതിനു വലിയ പ്രാമുഖ്യം ലഭിച്ചില്ല. 36 പേർ മാത്രമാണ് മരിച്ചതെന്നായിരുന്നു സർക്കാർ കണക്ക്. എന്നാൽ ചരിത്രകാരൻമാർ ഈ കണക്ക് തള്ളുന്നു.കലാപത്തിന്റെ തീവ്രതയെ വീണ്ടും ഓർക്കാനും അത്തരമൊന്ന് ആവർത്തിക്കാതിരിക്കാനുമുള്ള വഴികൂടിയായാണ് കലാപത്തിന്റെ നൂറാം വാർഷികത്തെ അമേരിക്കക്കാർ കാണുന്നത്. യുഎസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുന്നതിനിടെയാണ് ടൽസ കലാപത്തിന്റെ നൂറാം വാർഷികമെത്തുന്നതെന്നത് തികച്ചും യാദൃച്ഛികമാകാം.

∙മൃതദേഹങ്ങൾ തേടി

കലാപത്തിൽ മരണപ്പെട്ട ശേഷം തിരിച്ചറിയാത്തയിടങ്ങളിൽ മറവു ചെയ്യപ്പെട്ട കറുത്തവർഗക്കാർ ഒട്ടേറെയുണ്ട്. അജ്ഞാതരായി ഉറങ്ങുന്ന ഇവരുടെ കുഴിമാടങ്ങൾ കണ്ടെത്താനും ഇവരെ തിരിച്ചറിയാനും സന്നദ്ധ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അന്നു കലാപത്തിൽ മരിച്ചവരെ അടക്കിയ ഇടങ്ങൾ ഇന്നുമൊരു പ്രതിസന്ധിയാണ്. ഓക്ലോൺ, റോളിങ് ഓക്സ്, കേൻസ് തുടങ്ങിയ സെമിത്തേരികളിൽ ഇവരെ കൂട്ടമായി മറവു ചെയ്തെന്നാണു കരുതപ്പെടുന്നത്. ഗ്രൗണ്ട് സ്കാനിങ് ഉപകരണങ്ങൾ ഉപയോഗിച്ചു നടത്തിയ പരിശോധനകൾ ഇവിടങ്ങളിലെ ഭൂമിക്കടിയിൽ കൂട്ടക്കുഴിമാടങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നോട്ടു വയ്ക്കുന്നു. ഇതേ സെമിത്തേരിയിൽ തന്നെ ആക്രമണം നടത്തിയ വെളുത്തവർഗക്കാരുടെയും കുഴിമാടങ്ങളുണ്ടെന്നത് വലിയൊരു വൈരുദ്ധ്യമാണ്.

tulsa-usa

ഒരു വൈകാരിക പ്രശ്നം കൂടിയാണ് ഇത്. അന്നു കലാപം നടത്തിയവരുടെയും കലാപത്തിൽ കൊല്ലപ്പെട്ടവരുടെയും മൃതശരീരം ഒരേ സെമിത്തേരിയിൽ അടക്കുന്നത് മരിച്ചവരോടു ചെയ്യുന്ന അനീതിയാണെന്നു കറുത്ത വംശജരുടെ സന്നദ്ധ സംഘടനകൾ പറയുന്നു. കറുത്ത വംശജർക്കു ബഹുമാനം നൽകി അവരുടെ ശരീരങ്ങൾ വേറൊരു സെമിത്തേരിയിൽ അടക്കണമെന്നാണ് ഇവരുടെ ആവശ്യം.

English Summary: Tulsa Race Massacre

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA