sections
MORE

അച്ഛനമ്മമാരെ വെടിവച്ചുകൊന്ന രാജകുമാരൻ... നേപ്പാൾ കൊട്ടാരക്കൊലപാതകത്തിന്റെ ഇരുപതാം വാർഷികം

nepal-royal-family
SHARE

നേപ്പാൾ തലസ്ഥാനം കഠ്മണ്ഡു. രാജകുടുംബത്തിന്റെ ആസ്ഥാനവും പ്രശസ്തവുമായ നാരായൺഹിതി കൊട്ടാരത്തിലെ ബില്യഡ്സ് റൂമിൽ ഒരു അത്താഴവിരുന്നു നടക്കുകയായിരുന്നു. മഹാരാജാവ് ബീരേന്ദ്ര, ഭാര്യയും മഹാറാണിയുമായ ഐശ്വര്യ, അവരുടെ ഇളയമക്കളായ നീരാജൻ രാജകുമാരൻ, ശ്രുതി ദേവി രാജകുമാരി, മറ്റു രാജകുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ആ വിരുന്നിലേക്കാണ് അവൻ കടന്നു വന്നത്. മൂത്ത പുത്രൻ, നേപ്പാളിന്റെ കിരീടാവകാശി... ദീപേന്ദ്ര.

കഴിച്ച വിസ്കിയുടെയും പുകച്ച ഹഷീഷടങ്ങിയ സിഗററ്റിന്റെയും ലഹരി അവന്റെ കാലുകളെ ഇടറിക്കുന്നുണ്ടായിരുന്നു. വിരുന്നിലേക്കു കടന്നു വന്ന ദീപേന്ദ്ര, അവിടെയുണ്ടായിരുന്ന ഒരു അതിഥിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. കൂടുതൽ കുഴപ്പൊമൊന്നുമുണ്ടാക്കുന്നതിനു മുൻപ് ഏട്ടനെ മുറിയിലെത്തിക്കാൻ അനുജൻ നീരാജൻ നിയോഗിക്കപ്പെട്ടു. അവൻ രാജകുമാരനെ ഉറക്കറയിലെത്തിച്ചു.

തന്റെ മുറിയിലെത്തിയ ദീപേന്ദ്ര പ്രണയിനിയായ ദേവയാനി റാണയെ ഫോണിൽ വിളിച്ചു. മൂന്നു തവണ. ഒടുവിൽ താൻ കിടക്കാൻ പോകുകയാണെന്ന് അവരോട് പറഞ്ഞശേഷം ഫോൺ വച്ചു. എന്നാൽ കിടന്നുറങ്ങാൻ ദീപേന്ദ്രയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. തന്റെ രാജകീയമായ സൈനികവേഷം എടുത്തണിയുകയാണു കുമാരൻ ചെയ്തത്. ഒപ്പം മൂന്നു തോക്കുകളുമെടുത്തു. അതിലൊരെണ്ണം എം16 അസോൾട്ട് റൈഫിളായിരുന്നു. ഒരു യുദ്ധപ്രഭുവിനെപ്പോലെ ദീപേന്ദ്ര ആയുധങ്ങളുമായി കിടക്കറയിൽ നിന്നു വരുന്നത്, കൊട്ടാരത്തിലെ കാവൽക്കാരിലൊരാൾ കണ്ടു. എന്നാൽ അയാൾക്കു പ്രതികരിക്കാനായില്ല.

ബില്യാഡ്സ് റൂമിൽ അപ്പോഴും രാജകീയവിരുന്ന് നടന്നുകൊണ്ടിരുന്നു. തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നു അത്. രാജകുടുംബാംഗങ്ങളൊഴികെ ആരുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ കാവൽക്കാരോ സൈനികരോ അവിടെ നിലയുറപ്പിച്ചിരുന്നില്ല.

മുറിയിലേക്കു കടന്നു വന്ന ദീപേന്ദ്ര തുടരെത്തുടരെ വെടിയുതിർത്തു. ആദ്യം പിതാവായ ബീരേന്ദ്ര മഹാരാജാവിനു നേർക്കാണു ബുള്ളറ്റുകൾ പാഞ്ഞു ചെന്നത്. തുടർന്ന് ഒട്ടേറെപ്പേർ റൂമിനുള്ളിൽ ബുള്ളറ്റുകൾക്കിരയായി. കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ജനൽ പൊളിച്ച് അകത്തു കടന്ന് ദീപേന്ദ്രയെ തടയാൻ നോക്കുന്നുണ്ടായിരുന്നു.

Kathmandu Royal Palace

ഐശ്വര്യമഹാറാണിയും ഇളയരാജകുമാരനായ നീരാജനും പൂന്തോട്ടത്തിലേക്കു രക്ഷപ്പെട്ടിരുന്നു. പ്രതികാരമനോഭാവത്തോടെ ദീപേന്ദ്ര അവരെത്തേടി പൂന്തോട്ടത്തിലെത്തി. തന്നെ വേണമെങ്കിൽ കൊന്നോളൂ, അമ്മയെ വെറുതെ വിടൂ എന്നു നീരാജൻ ഏട്ടനോട് കരഞ്ഞ് അപേക്ഷിച്ചു. അമ്മയെ സംരക്ഷിക്കാനായി അവൻ അവരുടെ മുന്നിൽ കയറി നിന്നു.

എന്നാൽ ദീപേന്ദ്ര രണ്ടുപേരെയും വെടിവച്ചു കൊന്നു. തുടർന്ന് അവൻ സ്വയം വെടിവച്ചു. അച്ഛനമ്മമാരെയും സഹോദരങ്ങളെയും ഉൾപ്പെടെ മൊത്തം ഒൻപതു പേരെയാണ് അന്നുരാത്രി രാജകുമാരൻ കൊന്നത്.

ദീപേന്ദ്ര ഉടനടി മരിച്ചില്ല. മൂന്നു ദിനം കോമയിൽ കിടന്നശേഷം ജൂൺ നാലിനായിരുന്നു ആ മരണം. ബീരേന്ദ്ര രാജാവ് മരിച്ചിരുന്നു. അതിനാൽ ആ മൂന്നു ദിവസം അബോധാവസ്ഥയിൽ നേപ്പാളിന്റെ രാജാവായി ദീപേന്ദ്ര മാറി. 

A 20 April 2000 photo shows the late royal couple King Birendra (L) and Queen Aishwarya (R)

∙ ജനങ്ങളുടെ ഡിപ്പി

1768ലാണ് നേപ്പാളിന്റെ അനശ്വരനായകനായ പൃഥ്വിനാരായൺ ഷാ രാജ്യത്തെ മഹാരാജവംശത്തിനു തുടക്കമിട്ടത്. രാജാവിന്റെ സന്തതി പരമ്പരയിലെ തലമുറകൾ പിന്നിട്ട പിൻഗാമിയായിരുന്നു മഹാരാജാവ് ബീരേന്ദ്ര. അദ്ദേഹത്തിന്റെയം ഐശ്വര്യയുടെയും മൂത്തമകനായ ദീപേന്ദ്ര രാജകുമാരൻ നേപ്പാളികൾക്കു പ്രിയപ്പെട്ടവനായിരുന്നു. അവർ അവനെ സ്നേഹത്തോടെ ഡിപ്പി എന്നു വിളിച്ചു.

എന്നാൽ രാജകുമാരനു സ്വഭാവത്തിൽ വലിയ വ്യതിയാനങ്ങളുണ്ടെന്നു രാജകുടുംബവുമായി ബന്ധമുള്ള പലരും പറഞ്ഞിരുന്നു. നേപ്പാൾ സൈന്യത്തിലെ ലഫ്റ്റനന്റ് ജനറലായിരുന്ന വിവേക് കുമാർ ഷാ ഇതിലൊരാളായിരുന്നു. ഒരു കുട്ടിയായിരിക്കേ ദീപേന്ദ്രയ്ക്കു മാതാപിതാക്കളിൽ നിന്നു വേണ്ട സ്നേഹം ലഭിച്ചിരുന്നില്ലെന്നും ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തെ മാറ്റിയെന്നും കൊലപാതകത്തിന്റെ പത്താം വാർഷികത്തിൽ വിവേക് കുമാർ ഷാ അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടനിലെ ഈറ്റൻ കോളജിലായിരുന്നു ദീപേന്ദ്ര പഠിച്ചിരുന്നത്. ഇക്കാലയളവിലാകാം അദ്ദേഹം ദേവയാനി റാണയെ പരിചയപ്പെട്ടതെന്നാണു കരുതുന്നത്. അവരും അക്കാലത്ത് ഇംഗ്ലണ്ടിൽ പഠിക്കുകയായിരുന്നു. ദേവയാനിയുമായുള്ള വിവാഹം ദീപേന്ദ്രയുടെ സ്വപ്നമായിരുന്നു. കാര്യങ്ങൾ അനുകൂലമാണെന്നാണു ദീപേന്ദ്ര കരുതിയിരുന്നത്. ദേവയാനിയും രാജപരമ്പരയിൽ പെട്ടതാണ്. ബിരേന്ദ്ര രാജാവിന്റെ ഭരണത്തിൽ നിർണായക വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ച ഷംഷേർ ബഹാദുർ റാണയുടെയും, ഗ്വാളിയർ രാജമാതാ വിജയരാജ സിന്ധ്യയുടെ പുത്രി ഉഷാ രാജ സിന്ധ്യയുടെയം മകളാണ് ദേവയാനി.റാണാ കുടുംബം നേപ്പാളിൽ ഷാ രാജവംശത്തിനൊത്ത പാരമ്പര്യം പേറുന്നവര‍ും.

എന്നാൽ ദീപേന്ദ്രയുടെ അമ്മയായ ഐശ്വര്യ മഹാറാണിക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു എന്നാണു വെളിപ്പെടുത്തലുകൾ. നേപ്പാൾ രാജകുടുംബത്തിന്റെ അകന്ന ബന്ധുക്കളായ ഒരു കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ഐശ്വര്യ മകനോട് ആവശ്യപ്പെട്ടത്.ഇത് അംഗീകരിക്കാൻ ദീപേന്ദ്ര തയാറായിരുന്നില്ല.

2001 കാലഘട്ടമായപ്പോഴേക്കും മാതാപിതാക്കളുമായുള്ള ദീപേന്ദ്ര രാജകുമാരന്റെ ബന്ധം തീർത്തും വഷളായി. ഇതിനിടെ പിതാവ് ബീരേന്ദ്രയ്ക്കു ശേഷം അടുത്ത രാജാവായി ദീപേന്ദ്ര അഭിഷിക്തനാകില്ലെന്നുള്ള അഭ്യൂഹങ്ങളും പരന്നു. ഇത്തരം കാര്യങ്ങളെല്ലാം കടുത്ത തീരുമാനങ്ങളിലേക്കു ദീപേന്ദ്രയെ നയിച്ചെന്നാണു കരുതുന്നത്.

Dipendra (R) with his parents late king Birendra (L) and late queen Aishwarya

∙ നേപ്പാൾ പുകഞ്ഞ ദിനങ്ങൾ

ലോകത്തെ ഞെട്ടിച്ച കൊലപാതകത്തിനു ശേഷം സംഭവത്തെക്കുറിച്ച് ഒട്ടേറെ പുതിയ ദുരൂഹതാ സിദ്ധാന്തങ്ങൾ പരന്നു. സംഭവം ഗൂഢാലോചനയാണെന്നു പറഞ്ഞ് മാവോയിസ്റ്റ് നേതാവ് ബാബുറാം ഭട്ടാറായിയെപ്പോലുള്ളവരൊക്കെ രംഗത്തെത്തി. ദീപേന്ദ്രയുടെ അമ്മാവനും കൊലപാതകത്തിനു ശേഷം രാജാവായ ആളുമായ ഗ്യാനേന്ദ്രയും മകൻ പരസ്സുമാണു സംഭവത്തിനു പിന്നിലെന്നും കഥകൾ പുറത്തിറങ്ങി.

പൂർണമായും രാജാധികാരത്തിലിരുന്ന നേപ്പാളിന്റെ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കാണു സംഭവം തുടക്കമിട്ടത്. രാജകുടുംബം നേപ്പാൾ പൗരൻമാരെ സംബന്ധിച്ചു ദേവതുല്യമായിരുന്നു. പലർക്കും ഈ കൊലപാതകം അംഗീകരിക്കാനോ, ദീപേന്ദ്ര അതു ചെയ്തെന്നു വിശ്വസിക്കാനോ ആയില്ല. നിരാശരായ ജനങ്ങൾ കഠ്മണ്ഡുവിലെയും മറ്റു നഗരങ്ങളിലെയും തെരുവുകളിൽ കലാപവും പ്രക്ഷോഭവും അഴിച്ചുവിട്ടു. രാജകുടുംബം ശക്തി കുറഞ്ഞു ക്ഷയിച്ചു തുടങ്ങി. ഏഴുവർഷങ്ങൾക്കു ശേഷം നേപ്പാൾ രാജാധികാരത്തെ ഉപേക്ഷിച്ച് ജനാധിപത്യ റിപ്പബ്ലിക്കായി മാറി.

English Summary: Nepal's royal massacre still a mystery 10 years on

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA