sections
MORE

ഇറാനു പിന്നാലെ ദുരന്തങ്ങൾ! സ്ഫോടനത്തിൽ തകർന്നത് വൻ കപ്പൽ, രക്ഷപ്പെട്ടത് 400 പേർ, പിന്നിൽ നിഗൂഢത?

iran-navy-ship-blast
Photo: Iran International
SHARE

ഇസ്രയേലുമായി സംഘർഷം നിലനിൽക്കുന്ന സമയത്താണ് ഇറാന്റെ ഏറ്റവും വലിയ നാവിക കപ്പൽ സ്ഫോടനത്തിൽ തകർന്ന് മുങ്ങിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഖാർഗ്. ഇറാന്റെ കൈവശം മറ്റൊരു വലിയ യുദ്ധക്കപ്പൽ ഉണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇറാൻ നാവികസേനയിലെ ഏറ്റവും വലിയ കപ്പലായ ഖാർഗ് ബുധനാഴ്ച രാവിലെയാണ് ജാസ്ക് തുറമുഖത്തിന് സമീപം ഒമാൻ ഉൾക്കടലിലുണ്ടായ സ്ഫോടനത്തിൽ തകർന്ന് മുങ്ങിയത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കപ്പലിൽ സ്ഫോടനം നടന്നതെന്ന് റെവല്യൂഷണറി ഗാർഡ്സ് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കപ്പൽ മുങ്ങിയത്. തീ അണയ്ക്കാനുള്ള ഇരുപത് മണിക്കൂർ ശ്രമം പരാജയപ്പെടുകയായിരുന്നു.

∙ 400 ജീവനക്കാരെയും രക്ഷിച്ചു

കപ്പലിലെ 400 ജീവനക്കാരെയും ട്രെയിനികളെയും യഥാസമയം ഒഴിപ്പിച്ചതായും ഇരുപത് പേരെ ചെറിയ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കരയിലും കടലിലും പരിശീലനത്തിനിടെ നിഗൂഢ സ്ഫോടനങ്ങളും ദുരന്തങ്ങളും സംഭവിക്കുന്നത് ഇറാനിൽ പതിവ് സംഭവമാണ്. ഇതിനെല്ലാം പിന്നിൽ ഇസ്രയേലിന്റെ മൊസാദ് ആണെന്നും റിപ്പോർട്ടുകൾ വരാറുണ്ട്. എന്നാൽ, ഇസ്രയേലിൽ നിലവിലെ മൊസാദ് മേധാവി സ്ഥാനമൊഴിയുന്ന സമയത്താണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്. ഇറാന് കാര്യമായ നാശനഷ്ടമുണ്ടാക്കിയ മൊസാദ് മേധാവിയാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നത്.

∙ സ്ഫോടനത്തിന് കാരണമെന്ത്?

മേയ് 9 ന് ഇറാനിയൻ ആർമിയുടെ നേവൽ ഫോഴ്സ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഖാർഗ് കപ്പൽ പരിശീലനത്തിലായിരുന്നു എന്നാണ്. വിവിധ തലങ്ങളിലായാണ് നാവിക സേന പരിശീലനം നടത്തിയിരുന്നത്. ഖാർഗിനൊപ്പം അൽവാണ്ട്-ക്ലാസ് ഫ്രിഗേറ്റായ അൽബോർസും ഉണ്ടായിരുന്നു. എന്നാൽ, ഖാർഗിൽ സ്ഫോടനം സംഭവിക്കാൻ കാരണമെന്താണെന്ന് ഇറാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇറാന്റെ ഏറ്റവും നൂതനമായ നാവിക കപ്പലുകളിലൊന്നാണിത്. മിഡിൽ ഈസ്റ്റിലെ തന്നെ രണ്ടാമത്തെ വലിയ കപ്പലാണ്. എന്നാൽ, ഏറ്റവും വലിയ കപ്പലെന്ന് അറിയപ്പെടുന്ന ഇറാനിയൻ നാവികസേനയുടെ തന്നെ മൊക്രാനിന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സമൂഹ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഒരു വൻ സ്ഫോടനത്തിനു ശേഷമാണ് കപ്പലിൽ തീപിടുത്തമുണ്ടായത് എന്നാണ്.

∙ പിന്നിൽ ഇസ്രയേലിന്റെ രഹസ്യനീക്കങ്ങളോ?

ഇസ്രയേലിന്റെ രഹസ്യ നീക്കങ്ങളാണ് ഇത്തരം അട്ടിമറി ദുരന്തങ്ങൾക്ക് പിന്നിലെന്ന് വാദിക്കുന്നവരും ഏറെയാണ്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും വ്യക്തികൾക്കും നേരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇസ്രയേലിന്റെ മൊസാദ് മേധാവി യോസി കോഹൻ ഇറാനെതിരെ പ്രസ്താവന നടത്തിയിരുന്നു. കപ്പലിലെ ഇപ്പോഴത്തെ സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് ഇറാന്റെ സൈന്യം പൂർണവും വിശ്വസനീയവുമായ വിശദീകരണം ഔദ്യോഗികമായി നൽകുന്നില്ലെങ്കിൽ ഖാർഗ് മുങ്ങിയതിന്റെ പിന്നിൽ അട്ടിമറിയുടെ സംശയം നിലനിൽക്കും.

∙ കപ്പല്‍ നിര്‍മിച്ചു നൽകിയത് ബ്രിട്ടൻ

നാവിക സേനയ്ക്ക് സഹാമയമെത്തിക്കാനുള്ള കപ്പലുകളിലൊന്നാണ് ഖാർഗ്. 1974 ൽ രാജവാഴ്ചക്കാലത്ത് ഇറാൻ ഉത്തരവിട്ട് ബ്രിട്ടനിൽ നിർമിച്ചതാണ് ഖാർഗ്. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിന് രണ്ട് വർഷം മുൻപാണ് ഇത് നീറ്റിലിറക്കിയത്. 1980 വരെ ഈ കപ്പൽ ഇറാനിലേക്ക് എത്തിച്ചിരുന്നില്ല, എന്നാൽ 1984 വരെ ബ്രിട്ടൻ കപ്പലിന് കയറ്റുമതി ലൈസൻസ് നൽകുന്നതുവരെ നാവികസേനയുടെ ഭാഗമായിരുന്നില്ല. 200 മീറ്ററിലധികം നീളമുള്ള ഖാർഗിന് 11,000 ടൺ മുതൽ 33,000 ടൺ വരെ ഭാരം വഹിക്കാൻ കഴിയും. ഖാർഗിൽ ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യാനും സാധിക്കും.

English Summary: Explosion And Fire Sink Iran Navy's Largest Ship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA