ADVERTISEMENT

ഇറാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നടുക്കടലിൽ തീപിടിച്ച് മുങ്ങി. ഒമാൻ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. എന്നാൽ ദുരന്തത്തിനു കാരണമെന്താണെന്ന് വ്യക്തമല്ല. പ്രദേശിക സമയം ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് തീപിടിച്ചത്. കപ്പലിലെ എല്ലാവരും സുരക്ഷിതരാണെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു.

 

കപ്പൽ മുങ്ങാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു എന്നാണ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഒമാൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഇറാനിയൻ തുറമുഖമായ ജാസ്കിന് സമീപമാണ് ദുരന്തം സംഭവിച്ചത്. നാവികസേനയുടെ ഖാർഗ് എന്ന പരിശീലന കപ്പലാണ് മുങ്ങിയത്. 

 

കഴിഞ്ഞ വർഷം ഇതേ ഭാഗത്ത് മറ്റൊരു യുദ്ധക്കപ്പൽ ഇറാന്റെ തന്നെ മിസൈൽ വീണു തകർന്നിരുന്നു. പരിശീലനത്തിനിടെ ഉണ്ടായ അന്നത്തെ അപകടത്തിൽ 19 പേരാണ് മരിച്ചത്. അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇറാൻ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

 

അതേസമയം, ആഴ്ചകൾക്ക് മുൻപ് ചെങ്കടലിൽ നങ്കൂരമിട്ട ഇറാന്റെ ചരക്കുകപ്പലിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട് വന്നിരുന്നു. ബോംബാക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി യെമനിനോട് ചേർന്ന ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിനു നേരെയാണ് അന്ന് ആക്രമണം നടന്നത്. ഈ കപ്പലിനെതിരെ നേരത്തെയും വിവാദങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, തങ്ങളുടെ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ഇസ്രയേലിന്റെ ആക്രമണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

 

ആക്രമിക്കപ്പെട്ടത് ചരക്കുകപ്പലാണെന്ന് ഇറാൻ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇത് സൈനികർ ഉപയോഗിക്കുന്ന കപ്പലാണെന്നും ഈ പ്രദേശത്തു കൂടി പോകുന്ന കപ്പലുകൾക്ക് സംരക്ഷണം നൽകാനും മറ്റ് രഹസ്യ നീക്കങ്ങൾക്കുമായി ഇറാൻ ഉപയോഗിച്ചിരുന്നുവെന്നും ആരോപണമുണ്ട്. അതേസമയം, ഇറാനും അമേരിക്ക ഉൾപ്പടെയുള്ള ലോക രാജ്യങ്ങളും തമ്മിൽ ആണവ കരാർ ചർച്ചകൾക്ക് തുടക്കമിട്ട സമയത്താണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഇറാനുമായുള്ള ആണവ കരാറിൽ ഇസ്രയേലിന് താൽപര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

 

English Summary: Irans largest Navy ship sinks after catching fire at mouth of Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com