ADVERTISEMENT

ഇസ്രയേലിന്റെ മുൻപ്രധാനമന്ത്രി യഹൂദ് ബറാക്, സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ഇനി സ്ഥാനമേൽക്കാൻ പോകുന്ന പ്രധാനമന്ത്രി നഫ്താലി ബെനറ്റ് എന്നിവരെ തമ്മിൽ ബന്ധിപ്പിക്കുന്ന, പ്രധാനമന്ത്രിപദം കൂടാതെയുള്ള ഒരു സവിശേഷതയുണ്ട്. മൂവരും സയെററ്റ് മറ്റ്കലിന്റെ മുൻസൈനികരായിരുന്നു എന്നതാണ് ഈ സവിശേഷത. ഇസ്രയേലി സൈന്യത്തിന്റെ മുൻനിര എലീറ്റ്, കമാൻഡോ വിഭാഗമാണ് സയെററ്റ് മറ്റ്കൽ. സൈനികഭാഷയിൽ പറഞ്ഞാൽ ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള സേനാവിഭാഗങ്ങളിൽ ഒന്ന്. 

 

1957 ൽ ഇസ്രയേലി ഡിഫൻസ് ഫോഴ്സിന്റെ ഉന്നത കമാൻഡർ അവ്രഹാം ആർനോനാണു സയെററ്റ് മറ്റ്കലിനു തുടക്കമിട്ടത്. ‘സൈനിക യൂണിറ്റ്’ എന്നാണു ഹീബ്രു ഭാഷയിൽ ഈ വാക്കിന്റെ അർഥം. ഇസ്രയേൽ നടത്തിയ പല ഞെട്ടിക്കുന്ന ദൗത്യങ്ങളെയും മൊസാദിന്റെ മികവായാണു ചേർത്തു വയ്ക്കുന്നതെങ്കിലും ഇവയിൽ പലതും നിർവഹിച്ചത് സയെററ്റ് മറ്റ്കലാണ്. 

bennett
നഫ്താലി ബെനറ്റ്

 

ഇന്റലിജൻസ് ഓപ്പറേഷൻ, രക്ഷാ ദൗത്യങ്ങൾ മുതൽ കമാൻഡോ ഓപ്പറേഷനുകൾ വരെ ഇവർ ഏറ്റെടുത്തു നടത്താറുണ്ട്. അടുത്ത കാലം വരെ ഇങ്ങനെയൊരു സംഘടന ഉള്ളതായി ഇസ്രയേൽ പ്രതിരോധവൃത്തങ്ങൾ അംഗീകരിച്ചിരുന്നില്ല. 

7-day-in-entebbe

ഒട്ടേറെ നിർണായകമായ ദൗത്യങ്ങൾ ഇവരുടെ പേരിലുണ്ട്. 1972ൽ ബ്ലാക്ക് സെപ്റ്റംബർ എന്ന സംഘടന ടെൽ അവീവ് എയർപോർട്ടിൽ ഒരു യാത്രാവിമാനം ഹൈജാക്ക് ചെയ്യുകയും യാത്രക്കാരെ ബന്ദികളാക്കുകും ചെയ്തിരുന്നു. വിമാനത്തിനുള്ളിൽ അറ്റകുറ്റപ്പണിക്കാരെന്ന വ്യാജേന കടന്നുകൂടിയ സയെററ്റ് മറ്റ്കൽ സേനാംഗങ്ങൾ വിമാനത്തിന്റെ നിയന്ത്രണം കുറച്ചു സമയത്തിനുള്ളിൽ തന്നെ തിരിച്ചുപിടിച്ച് യാത്രികരെ മോചിപ്പിച്ചു. 

 

ehud-barak

ഈ സേനയുടെ ഏറ്റവും ശ്രദ്ധേയമായ ദൗത്യം 1976ലാണു സംഭവിച്ചത്. ഓപ്പറേഷൻ എന്റബേ എന്നും തണ്ടർബോൾട്ട് എന്നും അറിയപ്പെടുന്നതായിരുന്നു ഈ സംഭവം. ഇസ്രയേലിൽ നിന്നു ഫ്രാൻസിലേക്കു പറന്നുയർന്ന ഒരു എയർ ഫ്രാൻസ് വിമാനം, ഗ്രീസിലെ ആഥൻസിൽ നിന്നു ഹൈജാക്ക് ചെയ്യുകയും ഇതു യുഗാണ്ടയിലെ എന്റബേയിലുള്ള വിമാനത്താവളത്തിൽ കൊണ്ടു ചെന്നിറക്കുകയും ചെയ്തു. വിമാനത്തിലെ ജൂതരല്ലാത്ത എല്ലാ യാത്രികരെയും സ്വദേശങ്ങളിലേക്കു വിട്ടയച്ചു. എന്നാൽ ജൂതരെ വിട്ടുകിട്ടണമെങ്കിൽ ഇസ്രയേലി ജയിലിൽ കഴിയുന്ന ചില തടവുകാരെ മോചിപ്പിക്കണമെന്നു തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടു. 

 

ഇസ്രയേലിൽ വലിയൊരു നയതന്ത്ര പ്രതിസന്ധിക്കു സംഭവം വഴിയൊരുക്കി. ഒടുവിൽ തടവുകാരെ മോചിപ്പിക്കാമെന്നു വരെ ഇസ്രയേൽ ആലോചിച്ചു. അവസാനശ്രമമെന്ന നിലയിൽ സയെററ്റ് മെറ്റ്കലിനെ ദൗത്യത്തിനയച്ചു. നാലു ഹെർക്കുലീസ് യുദ്ധവിമാനങ്ങളിലായി പുറപ്പെട്ട കമാൻഡോകൾ നാലായിരം കിലോമീറ്ററുകൾ പറന്ന് യുഗാണ്ടയിലെ എന്റബേയിലെത്തി. തുടർന്ന് അരമണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാ ബന്തികളെയും മോചിപ്പിച്ചു. യുഗാണ്ടയുടെ എല്ലാ യുദ്ധവിമാനങ്ങളും നശിപ്പിച്ച ശേഷമാണ് ഇവർ മടങ്ങിയത്. പോരാട്ടത്തി‍ൽ ഒരു സയെററ്റ് മറ്റ്കൽ സൈനികൻ മരിച്ചു. യൊനാഥൻ നെതന്യാഹു. ഇപ്പോൾ സ്ഥാനമൊഴിയുന്ന ബെന്യമിൻ നെതന്യാഹുവിന്റെ ജ്യേഷ്ഠൻ. പിൽക്കാലത്ത് യൊനാഥനെ ദേശീയ ഹീറോയുടെ പരിവേഷത്തിലാണ് ഇസ്രയേൽ കണ്ടത്. 

 

1999–2001 കാലഘട്ടത്തിൽ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായിരുന്ന യഹൂദ് ബറാക്കാണു സയറെറ്റ് മറ്റ്കലിൽ നിന്നു പ്രധാനമന്ത്രിയായ ആദ്യ കമാൻഡോ. ബറാക്ക് സയറെറ്റ് മറ്റ്കലിലായിരിക്കെ ലബനോനിൽ നടത്തിയ ഒരു ദൗത്യത്തിൽ മൂന്ന് ഉന്നത പലസ്തീൻ നേതാക്കളെ വധിച്ചിരുന്നു. അന്നു സ്ത്രീവേഷത്തിലാണു ബറാക്ക് ഇസ്രയേലിലെത്തിയത്. ഇത് നൽകിയ പ്രശസ്തിയിൽ ബറാക് പടിപടിയായി വളർന്ന് പിൽക്കാലത്ത് സയറെറ്റ് മറ്റ്കലിന്റെ കമാൻഡർ സ്ഥാനത്തും പിന്നീട് പ്രധാനമന്ത്രി പദത്തിലുമെത്തി. യഹൂദ് സേനയെ നയിച്ചിരുന്ന കാലത്താണു ബെന്യമിൻ നെതന്യാഹു കമാൻഡോയായി അതിൽ പ്രവർത്തിച്ചത്. പിന്നീട് നെതന്യാഹുവും പ്രധാനമന്ത്രിയായി.

 

എന്നാൽ സയറെറ്റ് മറ്റ്കലിന്റെ എല്ലാ ദൗത്യവും മികവുറ്റതായിരുന്നില്ല. 1974 മാർച്ചിൽ ഇസ്രയേലിലെ മാരോട്ടിലുള്ള ഒരു സ്കൂളിൽ ആളുകൾ ബന്ദിയാക്കപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള സയറെറ്റ് മറ്റ്കലിന്റെ ശ്രമം പരാജയപ്പെട്ടു. ഇരുപതിലധികം ബന്ദികൾ കൊല്ലപ്പെടുകയും ചെയ്തു. 2003ൽ അന്നത്തെ പ്രധാനമന്ത്രിയായ ഏരിയൽ ഷാറോണിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് 13 സയറെറ്റ് മറ്റ്കൽ കമാൻഡോമാർ രാജി നൽകിയതും വലിയ വാർത്താപ്രാധാന്യം നേടിയ സംഭവമാണ്.

 

English Summary: Barak, Netanyahu, Bennett: Sayeret Matkal creates three prime ministers, Israel's Deadly Force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com