ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോൺ കഴിഞ്ഞ വർഷം ലിബിയയിൽ സേനാംഗങ്ങളെ ‘വേട്ടയാടി’ കൊന്നതായി യുഎൻ റിപ്പോർട്ട്. ആദ്യമായാണ് മനുഷ്യനിയന്ത്രിതമല്ലാത്ത യന്ത്രം മനുഷ്യരെ കൊന്നതായി റിപ്പോർട്ട് പുറത്തുവരുന്നത് എന്നത് സംഭവത്തിന്റെ പ്രധാന്യം വർധിപ്പിക്കുന്നു. എഐ (നിർമിത ബുദ്ധി) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒന്നോ അധിലധികമോ ആകാശ ഡ്രോണുകളാണ് ലിബിയയിൽ ‘നരവേട്ട’ നടത്തിയതെന്നാണ് നിഗമനം. ഈ ഡ്രോൺ ഏതെങ്കിലും മനുഷ്യർ നിയന്ത്രിച്ചിരുന്നില്ല. ലിബിയയിലെ യുഎൻ എക്സ്പർട്ട് പാനൽ ആണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ലിബിയൻ ജനറൽ ഖലിഫ ഹഫ്താറിനു വേണ്ടി പ്രവർത്തിക്കുന്ന സേനാംഗങ്ങൾക്കും കോൺവോയ്ക്കും നേരെ ഡ്രോൺ ആക്രമണം അഴിച്ചുവിട്ടെന്നും വധിച്ചെന്നുമാണ് നിഗമനം. എന്നാൽ ഇവ ആരുടേതാണ് എന്ന് വ്യക്തമായിട്ടില്ല.ടർക്കിഷ് മിലിട്ടറി ക്രോൺട്രക്ടേഴ്സ് ആയ എസ്ടിഎം നിർമിക്കുന്ന കാർഗു– 2 ഡ്രോണുകൾക്ക് സമാനമായ ചില ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സ്വയംനിയന്ത്രിത ആയുധങ്ങൾ മുൻപും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്നതായും റിപ്പോർട്ട് ആശങ്കപ്പെടുന്നുണ്ട്. 

2020 മാർച്ചിൽ ആണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.അന്ന് യുഎൻ അംഗീകാരമുള്ള സർക്കാർ ഹഫ്തത്താറിന്റെ സേനയെ ട്രിപ്പോളിയിൽ നിന്ന് അകറ്റിയ സമയമായിരുന്നു.എതിർചേരിയിലുള്ള സൈന്യത്തെ കണ്ടെത്താനും വകവരുത്താനും പ്രോഗ്രാം ചെയ്തുവിട്ട യന്ത്രങ്ങളാണ് ഇവയെന്നും ഒരിക്കിൽ ഇവയെ പറത്തിവിട്ടാൽ പിന്നീട് ഇതിനെ കുറിച്ച് അന്വേഷിക്കേണ്ടെന്നതും ആശങ്കപ്പെടുത്തുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫയർ, ഫൊർഗെറ്റ് ആന്റ് ഫൈൻഡ് എന്ന രീതിയിലുള്ളവയാണ് കില്ലർ ഡ്രോണുകളത്രേ. കൃത്യം നിർവഹിച്ച ശേഷം ഏതെങ്കിലും റിമോർട്ട് ആയ സ്ഥലത്ത് പോയി പതിക്കുന്ന രീതിയിലാണ് ക്രമീകരണം.

 

കാർഗു–2 എന്ന ഡ്രോൺ അപകടകാരിയാണ്. 4 റോട്ടറുകളുള്ള ഈ ഡ്രോണിൽ ആയുധങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ലക്ഷ്യസ്ഥാനം നിർവചിച്ചു കഴിഞ്ഞാൽ എഐ നിയന്ത്രിതമായ ഡ്രോണുകൾ പറന്നുയരും. 72 കിലോമീറ്റർ സ്പീഡിൽ സ്വയം പറന്ന് ആ ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്താനും ഇതിനു കഴിയും. ബോംബ് പോലുള്ളവ നിറച്ച ഈ വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് ഇടിച്ചിറക്കാനും കഴിയും.ഇത്തരത്തിലുള്ള റോബട്ട് ആണ് ലിബിയയിലും അക്രമം നടത്തിയതെന്നാണ് അനുമാനം. അതേസമയം, ഈ സംഭവത്തിൽ എഐ നിയന്ത്രിതമല്ലെന്നും പ്രോഗ്രാം ചെയ്തുവിട്ട ആയുധത്തിൽ നിന്ന് കൺട്രോൾ സെന്ററിലെ ബന്ധം നഷ്ടപ്പെട്ടതാകാൻ ഇടയുണ്ടെന്നും മറ്റൊരു പക്ഷം വിദഗ്ധർ പറയുന്നുണ്ട്.

ai-drone

 

തുർക്കി നേരിട്ട് യന്ത്രം ഉപയോഗിച്ചതാണോ, അവർ നിർമിക്കുന്ന യന്ത്രം മറ്റാർക്കെങ്കിലും വിറ്റതാണോ എന്നതിനെ കുറിച്ചും യുഎൻ അന്വേഷണം നടത്തുന്നുണ്ട്.ഇത്തരം ആളില്ലാ വിമാനങ്ങളെ നേരിടാനുള്ള പരിശീലനം ഹഫ്താറിന്റെ സേനയ്ക്ക് ലഭിച്ചിട്ടില്ലെന്ന് യുഎൻ റിപ്പോർട്ട് ചെയ്യുന്നു.ഹഫ്താറിന്റെ സേനാംഗങ്ങൾ പലപ്പോഴും കീഴടങ്ങിയപ്പോൾ ഇത്തരം ഡ്രോണുകളെ നേരിടാനാകാതെയാണെന്ന തരത്തിൽ നൽകിയ മൊഴിയെ അധികരിച്ചാണ് റിപ്പോർട്ട് ഈ പരാമർശം നടത്തിയിരിക്കുന്നത്. സ്റ്റീഫൻ ഹോക്കിങ് ഉൾപ്പെടെയുള്ള പല പ്രമുഖരും മുൻപേ ആശങ്കപ്പെട്ടിട്ടുള്ളതാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ പലരും ആശങ്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആളില്ലാ വിമാനങ്ങൾ, സ്വയം നിയന്ത്രിത റോബട്ട് സേന തുടങ്ങിയ പലതും ഭാവിയിൽ ഉണ്ടായേക്കാമെന്നും ഇതു സർവനാശത്തിനു കാരണമാകുമെന്നും ഹോക്കിങ്സ് പലപ്പോഴും ആശങ്ക പങ്കുവച്ചിരുന്നു.

 

ഇത് യഥാർഥത്തിൽ സംഭവിച്ചു തുടങ്ങിയെങ്കിൽ സ്വയം നിയന്ത്രിത യന്ത്രങ്ങളെ നിരോധിക്കാനുള്ള നിയമനിർമാണത്തിന് ലോകരാജ്യങ്ങൾ തയാറാകണമെന്ന ആവശ്യവുമുയരുന്നുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം യന്ത്രങ്ങൾ നിർമിച്ചെടുക്കുന്നത് അനായാസമാണെന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. നിലവിലുള്ള എഐ സംവിധാനത്തിൽ നൽകുന്ന വിവരങ്ങൾക്ക് അനുസരിച്ച് പെരുമാറാനേ യന്ത്രങ്ങൾക്ക് കഴിയൂ. എന്നാൽ എഐ യന്ത്രങ്ങൾ ആർജിത ബുദ്ധി നേടുന്ന തലത്തിലെക്ക് പുരോഗതിയുണ്ടായാൽ സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്ന പലതും യാഥാർഥ്യമാകാൻ അധിക കാലം വേണ്ടി വന്നേക്കില്ലത്രേ. നിലവിലെ സംവിധാനങ്ങളിൽ തോക്കുമായി നിൽക്കുന്നവർ, എതിർ സൈന്യത്തിന്റെ യൂണിഫോം ധരിച്ചവർ പോലെയുള്ള സൂചനകളേ നൽകാനാകൂ എന്നും ഇത് തിരിച്ചറിഞ്ഞ് യന്ത്രത്തെ കബളിപ്പിക്കാനാകുമെന്നുമെല്ലാം ശാസ്ത്രലോകത്തെ പലരും വാദിക്കുന്നുണ്ട്. എന്നാൽ ഇത് ഫേസ് റെക്കഗനിഷൻ പോലുള്ള രീതിയിലേക്ക് മാറിയാൽ കളി മാറുമെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.

 

English Summary: For the First Time, Drones Autonomously Attacked Humans. This Is a Turning Point

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT