sections
MORE

മാക് 30 വിൻഡ് ടണൽ ചൈനയെ 30 വർഷം മുന്നിലെത്തിക്കും, വരാനിരിക്കുന്നത് ലോകം കീഴടക്കും ടെക്നോളജി

wind-tunnel-china
Photo Courtesy: Handout/South china morning Post
SHARE

ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയില്‍ ലോകരാജ്യങ്ങളേക്കാള്‍ പതിറ്റാണ്ടുകള്‍ മുന്നിലെത്താന്‍ ചൈനയെ സഹായിക്കുന്ന വിൻഡ് ടണല്‍ നിര്‍മാണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകന്‍ ഹാന്‍ ഗ്വിലെയാണ് ബെയ്ജിങ്ങില്‍ നിര്‍മിക്കുന്ന ജെഎഫ് 22 വിൻഡ് ടണലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സെക്കന്റിൽ പത്ത് കിലോമീറ്റര്‍ (അതായത് ശബ്ദത്തേക്കാള്‍ 30 ഇരട്ടി) വേഗത്തില്‍ വരെ സഞ്ചരിക്കുന്ന മിസൈലുകളുടെയും മറ്റു ആയുധങ്ങളുടെയും കാര്യക്ഷമത പരീക്ഷിക്കാന്‍ ഈ വിൻഡ് ടണലിനാകും.

അതിവേഗത്തില്‍ കാറ്റ് കടത്തിവിടാന്‍ കഴിയുന്ന കൂറ്റന്‍ കുഴലുകളാണ് വിൻഡ് ടണലുകള്‍. വായുവില്‍ മിസൈലുകളും മറ്റും അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ഈ വിൻഡ് ടണലുകള്‍ക്കാകും. അതുവഴി പ്രായോഗിക സാഹചര്യങ്ങളില്‍ ഇവ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ തിരിച്ചറിയാനാകും. അതിവേഗ റോക്കറ്റുകളുടേയും ബഹിരാകാശ പേടകങ്ങളുടേയും ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളുടേയുമെല്ലാം കാര്യക്ഷമത ഉറപ്പുവരുത്താന്‍ വിൻഡ് ടണല്‍ പരീക്ഷണങ്ങള്‍ കൊണ്ട് സാധിക്കും. 

ബെയ്ജിങ്ങിലെ വിൻഡ് ടണല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മറ്റു ലോകരാജ്യങ്ങളേക്കാള്‍ ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയില്‍ 20-30 വര്‍ഷം മുന്നിലെത്താന്‍ ചൈനക്ക് സാധിക്കുമെന്നാണ് ഓണ്‍ലൈന്‍ പ്രഭാഷണത്തിനിടെ ഗ്വിലെയ് പറഞ്ഞത്. മിസൈലുകളും ബഹികാശ പേടകങ്ങളും അടക്കമുള്ള ശബ്ദാദിവേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കളുടെ മേഖലയില്‍ ചൈനക്ക് പുറമേ അമേരിക്കയും റഷ്യയും വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. 

ഭൂമിയിലെവിടേക്കും രണ്ട് മണിക്കൂറില്‍ താഴെ സമയം കൊണ്ട് യാത്രികരെ എത്തിക്കുന്ന ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ ഭാവിയുടെ സാങ്കേതികവിദ്യയായാണ് കരുതപ്പെടുന്നത്. അതിവേഗ വിമാനങ്ങള്‍ വരുന്നതോടെ യാത്രാചെലവ് ഗണ്യമായി കുറയുമെന്നും ഭാവിയില്‍ ബഹിരാകാശത്തേക്ക് പോലും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സഞ്ചരിക്കാനാകുമെന്ന് പോലും കരുതപ്പെടുന്നു. 

ശബ്ദത്തേക്കാള്‍ 30 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ ഏതാണ്ട് 10,000 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് വരെ താങ്ങേണ്ടി വരും. വായു കണികകളെ പോലും വിഭജിച്ചുകൊണ്ടാവും ഈ വസ്തുവിന്റെ സഞ്ചാരം. ഇത്തരം അതിവേഗ യാത്രയെ ചളിക്കുളത്തില്‍ നീന്തുന്നതിനോടാണ് ഗ്വിലെയ് താരതമ്യപ്പെടുത്തിയത്. എന്തൊക്കെ വെല്ലുവിളികളാകും ഈ അതിവേഗ യാത്രയില്‍ വിമാനങ്ങളും മിസൈലുകളും നേരിടേണ്ടി വരികയെന്ന വിലപ്പെട്ട വിവരങ്ങള്‍ വിൻഡ് ടണല്‍ വഴി ചൈനക്ക് ലഭിക്കും. രാസ സ്‌ഫോടനങ്ങള്‍ വഴിയാണ് ചൈനീസ് ടണലിലൂടെ അതിവേഗത്തില്‍ വായു കടത്തിവിടുന്നത് സാധ്യമാവുന്നത്. 

സാധാരണ ഗ്യാസ് സ്റ്റൗവില്‍ കത്തുന്നതിനേക്കാള്‍ 10 കോടി ഇരട്ടി വേഗത്തിലാണ് ജെഎഫ് 22വില്‍ ഇന്ധനം കത്തിജ്വലിക്കുന്നത്. അമേരിക്കയുടെ ഏറ്റവും ആധുനിക വിൻഡ് ടണലായ LENS IIവില്‍ 30 മില്ലി സെക്കന്റാണ് പരീക്ഷണം സാധ്യമാവുക. അതേസമയം ചൈനീസ് JF-22ല്‍ 130 മില്ലിസെക്കന്റ് വരെ വിമാനങ്ങളെ ഹൈപ്പര്‍സോണിക് വേഗത്തില്‍ പരീക്ഷിക്കാനാകും. കൂടുതല്‍ സമയം ലഭിക്കുമെന്നതിനാല്‍ ശബ്ദാദിവേഗ സഞ്ചാരത്തിലെ വെല്ലുവിളികളെക്കുറിച്ച് കൂടുതലായി അറിയാനും സാധിക്കുമെന്നും ഗ്വിലെയ് ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈപ്പര്‍സോണിക് മിസൈലുകളുടെ പരീക്ഷണത്തില്‍ ഇത്തരം വിൻഡ് ടണലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ലോകത്തിലെ മുന്‍നിര സൈന്യമാക്കി ചൈനയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ് പലകുറി ആവര്‍ത്തിച്ചിട്ടുള്ളതാണ്. 2050 ആകുമ്പോഴേക്കും അമേരിക്കയ്ക്ക് തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കാനാകുന്ന സൈനിക ശക്തിയാക്കി ചൈനയെ മാറ്റുമെന്നാണ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹൈപ്പര്‍സോണിക് ആയുധങ്ങളുടെ പരീക്ഷണങ്ങളില്‍ ചൈനയ്ക്ക് ആധിപത്യം നല്‍കാന്‍ സഹായിക്കുന്നതാണ് ഈ വിൻഡ് ടണലെന്നാണ് കരുതപ്പെടുന്നത്.

English Summary: Mach 30 wind tunnel to ‘put China decades’ ahead in hypersonic race

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA