ADVERTISEMENT

ശത്രുക്കളുടെ ദൃഷ്ടിയിൽ പെടാൻ തീരെ സാധ്യത കുറച്ച് അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പടക്കപ്പൽ നീറ്റിലിറക്കാൻ റഷ്യ പദ്ധതിയിടുന്നു. മെർക്കുറി എന്നു പേരിട്ടിരിക്കുന്ന കപ്പലിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അടുത്തവർഷം റഷ്യൻ നാവികസേനയ്ക്കു കപ്പൽ കൈമാറും. റഷ്യയുടെ ആദ്യത്തെ ഫുൾ സ്റ്റെൽത്ത് പടക്കപ്പലാണ് ഇത്.

 

ക്രൂസ് മിസൈലുകൾ, വിമാനവേധ മിസൈലുകൾ, ആർട്ടിലറി ആയുധങ്ങൾ എന്നിവ ഘടിപ്പിച്ചിട്ടുള്ള കപ്പലിന്റെ പ്രധാനദൗത്യം ആഴക്കടലിലെ ശത്രു മുങ്ങിക്കപ്പലുകളെ കണ്ടെത്തുകയും തകർക്കുകയും ചെയ്യുന്നതാകും.

നാവികസേനയ്ക്കു പുതിയ ഊർജം കൊടുക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ശ്രമങ്ങളാണ് ഈ പുതിയ പടക്കപ്പലിന്റെ നിർമാണത്തിൽ കലാശിച്ചിരിക്കുന്നത്. റഡാർ രശ്മികൾ പിടിച്ചെടുക്കുന്ന കോട്ടിങ്ങുകളും മറ്റുമുപയോഗിക്കുന്ന കപ്പലുകൾ റഷ്യ നേരത്തെ നീറ്റിലിറക്കിയിട്ടുണ്ട്. എന്നാൽ പുതിയ കപ്പൽ ഇതിന്റെയെല്ലാം പതിന്മ‍ടങ്ങു ശേഷിയുള്ളതാണ്. ഇതോടെ ആഗോള നാവികരംഗത്തു ശക്തമായ സാന്നിധ്യമായി റഷ്യ മാറുമെന്നു നിരീക്ഷകർ പറയുന്നു.

 

പ്രതിരോധ ആയുധങ്ങളുടെ ഈറ്റില്ലമാണെങ്കിലും ലോകനാവികക്കരുത്തിൽ യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണു റഷ്യ.  ഒരു എയർക്രാഫ്റ്റ് കാരിയർ, 52 ആംഫിബിയസ് പടക്കപ്പലുകൾ, 6 ക്രൂയിസറുകൾ, 18 ഡിസ്ട്രോയറുകൾ, 6 ഫ്രിഗേറ്റുകൾ, 78 കോർവെറ്റുകൾ, 59 ആണവ മുങ്ങിക്കപ്പലുകൾ എന്നിങ്ങനെയാണ് റഷ്യൻ നാവികസേനയുടെ കരുത്ത്.

 

സോവിയറ്റ് യൂണിയന്റെ കാലത്ത് റെഡ്ഫ്ലീറ്റ് എന്നറിയപ്പെട്ടിരുന്ന നാവിക സേന, പിന്നീട് സോവിയറ്റ് യൂണിയൻ വിഘടിച്ച ശേഷം റഷ്യൻ നേവിയായി മാറുകയായിരുന്നു.ഒന്നരലക്ഷത്തോളം അംഗങ്ങൾ ഈ സേനയിൽ അംഗങ്ങളായുണ്ട്.സോവിയറ്റ് യൂണിയന്റെ കാലത്തു കരുത്തരായിരുന്ന നേവി എന്നാൽ ശീതയുദ്ധം അവസാനിച്ച ശേഷം താഴേക്കു പോയി. പടക്കപ്പലുകളുടെ എണ്ണം കുറച്ചു. പുതുതായി എയർക്രാഫ്റ്റ് കാരിയറുകളൊന്നും മുന്നണിയിലേക്കെത്തിയില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ആഗോള അപ്രമാദിത്വം എന്ന ലക്ഷ്യത്തിൽ നിന്നു പിന്നാക്കം പോയി മേഖലയിലേക്കൊതുങ്ങിയതിനാൽ നാവികസേനയ്ക്കു വലിയ പ്രാധാന്യവും പിന്നീടു വന്ന ബോറിസ് യെത്‌സിനെപ്പോലെയുള്ളവർ കൊടുത്തില്ല.

 

എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ വ്ലാഡിമിർ പുടിന്റെ കീഴിൽ വിപ്ലവകരമായ പ്രവർത്തനങ്ങളാണു നാവികമേഖലയിൽ റഷ്യയിൽ സംഭവിക്കുന്നത്. 2011ൽ തുടങ്ങിയ റീ ആർമമെന്റ് പോളിസി റഷ്യൻ നാവികമേഖലയെ മാറ്റി മറിച്ചു. അർധ–സൈനിക കപ്പലുകളായ ഐസ്ബ്രേക്കറുകൾ വരെ ഈയിടെ നാവികസേനയിലെത്തി. റഷ്യയുടെ ആണവമുങ്ങിക്കപ്പലുകളും മാരകശേഷിയുള്ളവയാണ്. ടൈഫൂൺ വിഭാഗത്തിലുള്ളവയൊക്കെ എതിരാളികളുടെ പേടിസ്വപ്നങ്ങളാണ്.

 

English Summary: Russian Navy's First Full-Stealth Ship Reportedly Under Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT