ADVERTISEMENT

ഏഷ്യ പസിഫിക് മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം നാല് ലക്ഷം കവിഞ്ഞുവെന്ന ആരോപണവുമായി റഷ്യ. റഷ്യന്‍ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയായ ജിആര്‍യു മേധാവിയായ ഐഗര്‍ കോസ്റ്റിയുകോവാണ് മോസ്‌കോയില്‍ നടന്ന രാജ്യാന്തര സുരക്ഷാ കോണ്‍ഫറന്‍സിന്‍സിനിടെ ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മേഖലയില്‍ നാറ്റോക്ക് സമാനമായ സഖ്യം സ്ഥാപിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളേയും കോസ്റ്റിയുകോവ് വിമര്‍ശിച്ചു. ഇതെല്ലാം ചൈനയെ നേരിടാനുള്ള നീക്കമാണെന്നും റിപ്പോർട്ടുകളുണ്ട്.

 

ആഗോള മേധാവിത്വമെന്ന മോഹത്തിനു പിന്നാലെയാണ് ഇപ്പോഴും അമേരിക്ക. ഒരു രാജ്യവുമായും തുല്യ പരിഗണന നല്‍കിക്കൊണ്ടുള്ള സംഭാഷണത്തിനു പോലും അമേരിക്ക തയാറല്ല. ആഗോള ജിഡിപിയുടെ 60 ശതമാനത്തിലേറെയുള്ള ഏഷ്യ പസിഫിക് മേഖലയില്‍ സ്വാധീനം ഉറപ്പിക്കുക അമേരിക്കയുടെ ലക്ഷ്യമാണ്. ആഗോള വ്യാപാരത്തിന്റെ 45 ശതമാനവും ഈ മേഖലയുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്നും ഐഗര്‍ കോസ്റ്റിയുകോവ് പറഞ്ഞു. ഏഷ്യ പസിഫിക് മേഖലയിലെ അമ്പതിലേറെ സൈനിക ബേസുകളിലായി 200സൈനിക വിഭാഗങ്ങള്‍ തമ്പടിച്ചിട്ടുണ്ടന്നാണ് കണക്കാക്കപ്പെടുന്നത്. 

 

ചൈനയുടെ വളര്‍ച്ചയെ ഏഷ്യ പസിഫിക് മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്തിക്കൊണ്ട് തടയിടുന്നതിനും അമേരിക്ക ശ്രമിക്കുന്നതായി കൊസ്റ്റിയുകോവ് ആരോപിച്ചു. ഇതിന്റെ ഭാഗമായി കിഴക്കന്‍ പസിഫിക് മേഖലയില്‍ 2028 ആകുമ്പോഴേക്കും രണ്ട് ഹൈപ്പര്‍സോണിക് മിസൈല്‍ ബ്രിഗേഡുകള്‍ സ്ഥാപിക്കും. 2030 ആകുമ്പോഴേക്കും മേഖലയില്‍ കപ്പലില്‍ നിന്നുള്ള മിസൈല്‍ ശേഷിയും കരയില്‍ നിന്നുള്ള മിസൈല്‍ ശേഷിയും വര്‍ധിപ്പിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ടെന്നും ജിആര്‍യു മേധാവി വ്യക്തമാക്കുന്നു. 

 

ഏഷ്യ പസിഫിക് മേഖലയിലെ സ്വാധീനം വര്‍ധിപ്പിക്കുകയെന്ന ട്രംപ് ഭരണകൂടത്തിന്റെ നയം പൂര്‍വാധികം ശക്തിയോടെ പിന്തുടരുകയാണ് ബൈഡനും. റിപ്പബ്ലിക്കന്‍ ട്രംപിനെ അപേക്ഷിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റായ ബൈഡന്‍ നയപരമായ സമീപനം സ്വീകരിക്കുമെന്ന ചൈനീസ് പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നതായിരുന്നു ഈ നീക്കം. ദക്ഷിണ ചൈന കടലിലെ ചൈനീസ് സൈനികാഭ്യാസ പ്രകടനങ്ങളെ ചൂണ്ടിക്കാണിച്ചാണ് പെന്റഗണ്‍ മേഖലയിലെ സൈനിക ശാക്തീകരണം വര്‍ധിപ്പിച്ചത്. 

 

ക്വാഡ് എന്ന പേരില്‍ മേഖലയിലെ രാജ്യങ്ങളെ കൂട്ടുപിടിച്ച് ചൈനക്കും റഷ്യക്കുമെതിരെ സഖ്യം ഉണ്ടാക്കിയ അമേരിക്കന്‍ നടപടിയേയും ഈ രാജ്യങ്ങള്‍ പ്രകോപനപരമായാണ് വിലയിരുത്തുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെയാണ് അമേരിക്ക ഏഷ്യ പസിഫിക് മേഖലയിലെ സ്വാധീനത്തിനായി സഖ്യത്തിന് ഒപ്പം ചേര്‍ത്തിരിക്കുന്നത്. ട്രംപ് തുടങ്ങിവെച്ച ചൈനയുമായുള്ള സാങ്കേതിക- വ്യാപാര യുദ്ധം ബൈഡനും തുടരുമെന്ന് തന്നെയാണ് ഈ നീക്കങ്ങളിലൂടെ വ്യക്തമാവുന്നത്.

 

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക്ന്യൂസ്

 

English Summary: US Has Created 400,000 Troop-Strong Force in Asia-Pacific, Russian Military Intelligence Warns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com