ADVERTISEMENT

ചൈനയ്ക്കു പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന വിദേശശക്തികളുടെ തല ചൈനീസ് ജനത തകർക്കുമെന്ന് ഭീഷണിയുയർത്തി പ്രസിഡന്‌റ് ഷി ചിൻപിങ്ങിന്റെ പ്രകോപനപരമായ പ്രസംഗം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ അധ്യക്ഷപ്രസംഗം ടിയാനൻമെൻ സ്‌ക്വയറിൽ നടത്തുകയായിരുന്നു ഷി. 

ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിൽ വൈറലായി. പഴയ ലോകത്തിനെ തകർക്കാൻ മാത്രമല്ല ചൈനയ്ക്കറിയാവുന്നതെന്നും പുതിയ ഒരു ലോകത്തെ സൃഷ്ടിക്കാനും തങ്ങൾക്കു കരുത്തുണ്ടെന്നു പറഞ്ഞ പ്രസംഗഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വിമർശനം ക്ഷണിച്ചു വരുത്തി.

 

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു ബെയ്ജിങ്ങിൽ നടത്തിയ ആഘോഷപരിപാടിയിൽ നിന്ന്. പ്രസിഡന്റ് ഷി ചിൻപിങ് ഉൾപ്പെടെയുള്ള നേതാക്കളെ സ്ക്രീനിൽ കാണാം.  ചിത്രം:എപി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു ബെയ്ജിങ്ങിൽ നടത്തിയ ആഘോഷപരിപാടിയിൽ നിന്ന്. പ്രസിഡന്റ് ഷി ചിൻപിങ് ഉൾപ്പെടെയുള്ള നേതാക്കളെ സ്ക്രീനിൽ കാണാം. ചിത്രം:എപി

ചൈനയുടെ സൈനിക ശക്തി ഇനിയും വർധിപ്പിക്കുമെന്നു പറഞ്ഞ ഷി തയ്വാൻ, ഹോങ്കോങ് എന്നീ നയതന്ത്രവിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കി. ഹോങ്കോങ്ങിൽ സ്ഥിരത നടപ്പിലാക്കുമെന്നും തയ്‌വാനെ ചൈനയോടു ചേർക്കുമെന്നുമുള്ള നിലപാടുകൾ ആവർത്തിച്ചു.

 

ഹോങ്കോങ്ങിലും ഉയിഗുർ പ്രതിസന്ധിയിലും ചൈനയുടെ ഇടപെടലുകൾ മനുഷ്യത്വവിരുദ്ധമാണെന്നു ലോകമെങ്ങും അഭിപ്രായം ഉയരുന്നതിനിടെയാണു ഷിയുടെ പ്രസംഗം. അടുത്തിടെ യുഎസിലെ ഒരു പ്രധാന ഗവേഷണസ്ഥാപനം നടത്തിയ സർവേകളിൽ ചൈനയെക്കുറിച്ചും ഷിയെക്കുറിച്ചും ലോകജനതയുടെ കാഴ്ചപ്പാട് വളരെ മോശമാണെന്നു വ്യക്തമായിരുന്നു.

 

പാശ്ചാത്യലോകത്തു നിന്നു പ്രത്യേകിച്ചും തങ്ങൾക്കെതിരെ ഉടലെടുക്കുന്ന ഈ പ്രതിരോധത്തോടുള്ള ഈർഷ്യയാണു ഷിയുടെ വാക്കുകളിൽ മുഴച്ചു നിന്നതെന്ന് വിദഗ്ധർ പറയുന്നു. ചൈനക്കാർക്കിടയിൽ ദേശീയവികാരം ഇളക്കിവിടാനുള്ള ശ്രമമായിട്ടാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്.

 

നിലവിൽ ഒരുപാടു വികസനം കൈവരിച്ച ചൈനീസ് സേനാവിഭാഗങ്ങളെ ഇനിയും വികസിപ്പിക്കും എന്ന ഷിയുടെ നിലപാടും ശ്രദ്ധേയമാണ്. പ്രസംഗത്തിലുടനീളം ഇക്കാര്യത്തിന് ഊന്നൽ നൽകിയിരുന്നു. തയ്‌വാനിലെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ ഉന്മൂലനം ചെയ്യാൻ ഇരു രാജ്യങ്ങളിലെയും ചൈനീസ് ദേശീയവാദികൾ അണിനിരക്കണമെന്നും ഷി പറഞ്ഞു. തയ്‌വാനിനു സമീപമുള്ള മേഖലകളിൽ അടുത്തിടെയായി ചൈന നാവിക, വ്യോമ സാന്നിധ്യം ഊർജിതപ്പെടുത്തുന്നുണ്ട്. ഇതും പ്രസംഗത്തിലെ സന്ദേശവും ചില രാജ്യാന്തരവിദഗ്ധർ ഭാവി നിലപാടുകളായി കൂട്ടിവായിക്കുന്നുണ്ട്.

 

ചൈനീസ് സൈന്യത്തിന്റെ ഫൈറ്റർ ജെറ്റുകളും ഹെലിക്കോപ്റ്ററുകളുമെല്ലാം അണിനിരത്തിയായിരുന്നു ശതാബ്ദി ആഘോഷം തുടങ്ങിയത്. 3000 പേരടങ്ങിയ ഗായകസംഘം സോഷ്യലിസ്റ്റ് ഗീതങ്ങൾ പാടാനുണ്ടായിരുന്നു.

വിവരങ്ങൾക്ക് കടപ്പാട്: എഎഫ്പി

English Summary: Anyone Trying To Bully Us "Will Face Bloodshed": Xi's Tough Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT