ADVERTISEMENT

ദൂരെ നിന്നു നോക്കിയാൽ ഒരു ചെറിയ വിമാനമോ ഡ്രോണോ പറന്നു പോകുന്നതു പോലെ തോന്നും. പക്ഷികളോ വലിയ മീനുകളോ ഊളിയിട്ടു പോകുന്നതു പോലെയും അനുഭവപ്പെടാം. എന്നാൽ ഇതൊരു മിസൈലാണ്. മുന്നൂറു കിലോമീറ്റർ ദൂരത്തു നിന്നു തൊടുത്താലും കൃത്യമായി ശത്രു കേന്ദ്രങ്ങളെ നശിപ്പിക്കാൻ ശക്തമായ മിസൈൽ. ഇസ്രയേൽ ആയുധക്കമ്പനിയായ റാഫേലാണ് ഈ ആധുനിക ആയുധം പുറത്തിറക്കിയത്. ഇസ്രയേലിന്റെ ശത്രുക്കളായ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കാം ഈ മിസൈലെന്നാണ് വിദഗ്ധരുടെ നിഗമനം.

 

ഒറ്റമിസൈലിന് ഒരു വലിയ യുദ്ധക്കപ്പലിനെ ഒറ്റയടിക്ക് നശിപ്പിച്ചു മുക്കാനുള്ള കഴിവുണ്ടെന്ന് ഇസ്രയേലി പ്രതിരോധവൃത്തങ്ങൾ പറയുന്നു. അഞ്ചാംതലമുറ വിഭാഗത്തി‍ൽ പെട്ട ഈ മിസൈൽ നാവികപ്പോരാട്ടത്തിനായാണു പ്രധാനമായും നിർമിച്ചിരിക്കുന്നതെങ്കിലും കര, വ്യോമയുദ്ധങ്ങൾക്കും ഉപയോഗിക്കാമെന്നു റാഫേൽ കമ്പനി അധികൃതർ പറയുന്നു.

 

കപ്പലുകളിൽ നിന്നോ, കരയിലാണെങ്കിൽ ലോഞ്ചറുകളിൽ നിന്നോ മിസൈൽ വിക്ഷേപിക്കാം. ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സെൻസറുകൾ മിസൈലിലുണ്ട്. ഇതു മൂലം ശത്രുകേന്ദ്രങ്ങളും ലക്ഷ്യങ്ങളും സ്വയമേ കണ്ടെത്താൻ ഇതിനു കഴിയും. പുതിയ കാല ടെക്നോളജിയായ ബിഗ് ‍ഡേറ്റയും മിസൈൽ തന്റെ മുന്നേറ്റത്തിനായി ഉപയോഗിക്കുന്നുണ്ട്.എന്നാൽ ഓട്ടമാറ്റിക് നിയന്ത്രണം നിർത്തി മാനുഷിക നിയന്ത്രണമേറ്റെടുക്കാമെന്നു സൈനികർക്കു തോന്നിയാൽ അതിനും സംവിധാനമുണ്ട്.

 

വിമാനത്തിനെ അനുസ്മരിപ്പിക്കുന്ന വീതിയേറിയ ചിറകുകളോടെയുള്ള മിസൈൽ ഡ്രോണായിട്ടും ഉപയോഗിക്കാമെന്നു കമ്പനി അധികൃതർ പറയുന്നു. അടുത്ത തലമുറ മിസൈലുകളുടെ തുടക്കമായിട്ടാണു സീബ്രേക്കറിനെ രാജ്യാന്തര ആയുധ നിരീക്ഷകർ വിലയിരുത്തുന്നത്. നാലു മീറ്റർ നീളവും എഴുപതു സെന്റിമീറ്റർ വ്യാസവുമാണ് മിസൈലിനുള്ളത്. 400 കിലോയിൽ താഴെ ഭാരമുള്ള ഇതിന് 107 കിലോയുള്ള പോർമുന വഹിക്കാൻ സാധിക്കും.

 

നിശ്ചലമായിക്കിടക്കുന്നതും ചലിക്കുന്നതുമായ ലക്ഷ്യങ്ങളെ ഒരേ പോലെ ആക്രമിച്ചു തകർക്കാനുള്ള ശേഷി സീബ്രേക്കറിനുണ്ട്. സബ്സോണിക് വേഗത്തിലാണു മിസൈൽ പോകുക. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇതിനു പകലും രാത്രിയും ഒരേ കൃത്യതയോടെ മുന്നേറാൻ സാധിക്കും.

 

ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങൾ ശക്തമായ പുതിയ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണു സീബ്രേക്കറെന്ന് ഇസ്രയേലി പ്രതിരോധഗവേഷകർ പറയുന്നു. എല്ലാത്തരം ഇലക്ട്രോണിക് പ്രതിരോധങ്ങൾക്കും ജാമിങ്ങിനെയും സീ ബ്രേക്കറിനു കബളിപ്പിക്കാനാകും. ഇസ്രയേലി സൈന്യത്തിന്റെ പ്രധാന ആയുധദാതാക്കളിൽ ഒന്നാണ് റാഫേൽ ഡിഫൻസ് കമ്പനി. അയൺ ഡോം, ഗൈഡഡ് സ്പൈക്ക് മിസൈൽ തുടങ്ങിയവ വികസിപ്പിച്ചു പുറത്തിറക്കിയത് ഇവരാണ്.

 

English Summary: Israel’s Rafael Advanced Defense Systems unveils Sea Breaker, 5th generation missile with 300 km range

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com