ADVERTISEMENT

അമേരിക്കന്‍ നാവിക സേനയുടെ കപ്പലിനെ ചുറ്റി ഡ്രോണുകളുടെ കൂട്ടം പറന്നതായി 2019 ജൂലൈയില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഒരു മുന്നറിയിപ്പായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ശത്രുക്കളെ കണ്ടെത്താനും ആക്രമിക്കാനും ഡ്രോണുകളുടെ കൂട്ടത്തിന് 2021 മെയ് മാസത്തിലാണ് ഇസ്രയേല്‍ അനുമതി നല്‍കിയത്. ഇപ്പോഴിതാ ശത്രുവിനെ കണ്ടെത്തി ആക്രമണം നടത്താനുള്ള തീരുമാനം മനുഷ്യ ഇടപെടലില്ലാതെ നിര്‍മിത ബുദ്ധി തന്നെ കൈകാര്യം ചെയ്യുന്ന കില്ലർ ഡ്രോണുകള്‍ ഇസ്രയേല്‍ സേനയുടെ ഭാഗമാവുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇത്തരം ആയുധങ്ങളെ ലോകം ഒന്നടങ്കം ഭയക്കുന്നതാണ്.

 

ഇക്കഴിഞ്ഞ ഗാസയിലെ സംഘര്‍ഷത്തിനിടെ സെമി ഓട്ടോണമസ് റോബോട്ടുകളെ ഇസ്രയേല്‍ ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെഷീന്‍ ഗണ്ണുമായുള്ള ജാഗ്വാര്‍ എന്ന റോബോട്ടായിരുന്നു ഇത്. മുന്‍ നിശ്ചയിച്ച ലക്ഷ്യ സ്ഥാനത്തേക്ക് സഞ്ചരിച്ച് ആക്രമണം നടത്താനും പിടിക്കപ്പെട്ടാല്‍ സ്വയം പൊട്ടിത്തെറിച്ച് തെളിവ് നശിപ്പിക്കാനും ജാഗ്വാറിന് സാധിക്കും. എങ്കിലും ഈ റോബോട്ടിനെ നിയന്ത്രിക്കാന്‍ ഒരു മനുഷ്യന്റെ സഹായം ആവശ്യമാണ്. പ്രത്യേകിച്ചും മെഷീന്‍ ഗണ്‍ ഉപയോഗിക്കണമെങ്കില്‍ നിയന്ത്രിക്കുന്നയാളുടെ അനുമതി വേണം. 

 

കൊലയാളി ഡ്രോണുകളുടെ പ്രവര്‍ത്തനം ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ്. ആക്രമണം നടത്താനുള്ള തീരുമാനമെടുക്കാന്‍ മനുഷ്യന്റെ ഇടപെടല്‍ ആവശ്യമില്ലെന്നതാണ് ഇതില്‍ പ്രധാനം. നിര്‍മിത ബുദ്ധിയാണ് ശത്രുവിനെ കണ്ടെത്തുന്നതും ആക്രമണ സമയവും രീതിയും തീരുമാനിക്കുന്നതും. കൂട്ടത്തിലെ ചില കൊലയാളി ഡ്രോണുകള്‍ വീണുപോയാല്‍ പോലും മുന്‍ നിശ്ചയിച്ച ആക്രമണം നടത്താന്‍ ഇവക്ക് സാധിക്കും. സാറ്റലൈറ്റുകള്‍, മറ്റു ഡ്രോണുകള്‍, വിമാനങ്ങള്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളാണ് കൊലയാളി ഡ്രോണ്‍ കൂട്ടം ഉപയോഗിക്കുന്നത്. 

 

ശത്രുക്കളുടെ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് നിര്‍മിത ബുദ്ധിയേയും സൂപ്പര്‍ കംപ്യൂട്ടറുകളേയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സസ്(IDF) ഉപയോഗിക്കുന്നുണ്ട്. ഇത് മുന്‍കാലങ്ങളെ അപേക്ഷിച്ച് സൈനിക ദൗത്യങ്ങളുടെ കൃത്യതയും വേഗവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലി സേനയുടെ വിലയിരുത്തല്‍. രഹസ്യവിവരങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കെലെടുത്ത് തന്ത്രപരമായ സൈനിക ആക്രമണങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിന് അല്‍ഗോരിതം നിര്‍മിക്കുന്ന ഇസ്രയേലി സൈനിക വിഭാഗമാണ് യൂണിറ്റ് 8200. 

സാങ്കേതികവിദ്യയിലുള്ള മേല്‍ക്കൈ ഇസ്രയേലിന് പ്രതിരോധ മേഖലയിലും വലിയ സഹായമാണ്. സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ ലക്ഷ്യമാക്കി ഹമാസ് തൊടുത്തത് 4400ലേറെ റോക്കറ്റുകളാണ്. ഇതില്‍ 90 ശതമാനത്തിലേറെ റോക്കറ്റുകളെ വിജയകരമായി ആകാശത്തുവെച്ചു തന്നെ തകര്‍ക്കാന്‍ ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിന് സാധിച്ചിരുന്നു.

 

യുദ്ധമേഖലയില്‍ കൊലയാളി റോബോട്ടുകളെ ഉപയോഗിക്കുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനങ്ങള്‍ നേരത്തെ തന്നെയുണ്ട്. കില്ലര്‍ റോബോട്ട്‌സ് എന്ന പേരില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഓണ്‍ലൈന്‍ കാംപയിന്‍ തന്നെ നടത്തുന്നുണ്ട്. stopkillerrobots.org എന്ന വെബ് സൈറ്റ് തന്നെ കൊലയാളി റോബോട്ടുകള്‍ക്കെതിരായ പ്രചാരണത്തിന് മാത്രമായുള്ളതാണ്. കൊലയാളി റോബോട്ടുകളുടെ നിര്‍മാണവുമായി മുന്നോട്ട് പോവുന്ന ചൈന, ഇസ്രയേല്‍, ദക്ഷിണകൊറിയ, അമേരിക്ക, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെയാണ് ഈ കാംപയിന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

 

വിവരങ്ങൾക്ക് കടപ്പാട്: ഇന്ററസ്റ്റിങ് എൻജിനീയറിങ്

 

English Summary: Israel Just Used Fully AI Controlled Drone Swarms in a World First

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT