ADVERTISEMENT

ബഹിരാകാശത്തെ വന്‍ശക്തിയാവാന്‍ ചൈന വലിയ തോതില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നതായി അമേരിക്കയുടെ ഇന്തോ പസിഫിക് കമാന്റിലെ മുതിര്‍ന്ന രഹസ്യാന്വേഷണ ഒഫീഷ്യല്‍. സാറ്റലൈറ്റുകളെ താല്‍ക്കാലികമായും പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കുന്ന സംവിധാനങ്ങള്‍ ഭൂമിയിലും ബഹിരാകാശത്തും നിരത്തുകയാണ് ചൈനയെന്നാണ് റിയര്‍ എഡ്മിറല്‍ മിഖായേല്‍ സ്റ്റുഡ്മാന്‍ ഇന്റലിജന്‍സ് സെക്യൂരിറ്റി ട്രേഡ് ഗ്രൂപ്പിന്റെ വെബിനാറില്‍ പറഞ്ഞത്. ഭാവിയില്‍ അമേരിക്കയുടെ ബഹിരാകാശ രംഗത്തെ മേല്‍ക്കൈക്ക് വെല്ലുവിളി ചൈനയില്‍ നിന്നാണെന്ന വ്യക്തമായ സൂചനയാണ് സ്റ്റുഡ്മാന്‍ നല്‍കുന്നത്.

 

ട്രംപ് ഭരണത്തിലാണ് അമേരിക്ക തങ്ങളുടെ ആറാം സൈനിക വിഭാഗമായി ബഹിരാകാശ സേനക്ക് രൂപം നല്‍കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ചൈനയുടേയും റഷ്യയുടേയും മുന്നേറ്റമായിരുന്നു ഈയൊരു നീക്കത്തിനെ ന്യായീകരിക്കാന്‍ പ്രധാനമായും അമേരിക്ക മുന്നോട്ടുവെച്ചത്. നമ്മുടെ ബഹിരാകാശത്തെ മുന്നേറ്റത്തെ പ്രതിരോധിക്കാനും മുന്നിലെത്താനുമാണ് അവരുടെ ശ്രമം. ഭാവിയില്‍ യുദ്ധമുണ്ടായാല്‍ ഈ മേഖലയിലെ മുന്‍തൂക്കം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സ്റ്റുഡ്മാന്‍ പറയുന്നു. 

 

സാറ്റലൈറ്റുകളേയും നാവിഗേഷനേയുമെല്ലാം സൈനികമായി ഉപയോഗിച്ച് അമേരിക്കന്‍ സൈന്യത്തിന്റെ വിവരശേഖരണത്തിലെ മുന്‍തൂക്കം മറികടക്കാനാണ് ചൈനയുടെ ശ്രമമെന്ന് കഴിഞ്ഞ ഏപ്രിലില്‍ തന്നെ അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഭൂമിയില്‍ നിന്നും ബഹിരാകാശത്തു നിന്നും തൊടുക്കാവുന്ന സാറ്റലൈറ്റ് വേധ മിസൈലുകള്‍ ഇതിനകം തന്നെ ചൈന സജ്ജമാക്കിയിട്ടുണ്ട്. ഭൂമിയില്‍ നിന്നും താഴ്ന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന സാറ്റലൈറ്റുകളെ ലേസര്‍ ഉപയോഗിച്ച് കേടുപാടുകള്‍ വരുത്താനും വീഴ്ത്താനും സഹായിക്കുന്ന ആയുധങ്ങളും ചൈനക്കുണ്ട്.

 

ഓഫിസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഭൂമിയില്‍ നിന്നും തൊടുക്കാവുന്ന ഇത്തരം ലേസര്‍ ആയുധങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പെന്റഗണ്‍ മുൻപാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഏതാണ്ട് 30 സാറ്റലൈറ്റുകളെങ്കിലും ചൈന സൈനിക ആവശ്യങ്ങള്‍ക്കും വിവരശേഖരണത്തിനുമായി ഉപയോഗിക്കുന്നുണ്ടെന്ന് 2019ല്‍ തന്നെ ഡിഫെന്‍സ് ഇന്റലിജന്‍സ് ഏജന്‍സി പറഞ്ഞിരുന്നു. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള സാറ്റലൈറ്റുകളും ഇക്കൂട്ടത്തിലുണ്ട്. 

 

വിപുലമായ മാറ്റങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്. മത്സരിക്കുന്ന എതിര്‍ രാജ്യങ്ങളുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് മറു നീക്കങ്ങള്‍ നടത്തേണ്ടത് വളരെ നിര്‍ണായകമാണെന്ന് സ്റ്റുഡ്മാന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ബഹിരാകാശത്തെ പോര് വര്‍ധിക്കുകയാണ്. താല്‍ക്കാലികമായി സാറ്റലൈറ്റുകളെ പ്രവര്‍ത്തനരഹിതമാക്കാന്‍ ശേഷിയുള്ള ആയുധം അമേരിക്കന്‍ ബഹിരാകാശ സേനയും ഒരുക്കിയിട്ടുണ്ട്. ആകെ 48 എണ്ണം സജ്ജമാക്കുന്നതില്‍ ആദ്യത്തേത് 2020 മാര്‍ച്ചില്‍ തന്നെ സ്ഥാപിച്ചെന്നും അടുത്ത ഏഴ് വര്‍ഷത്തിനകം സജ്ജീകരണം പൂര്‍ണമാകുമെന്നും അമേരിക്കന്‍ ബഹിരാകാശ സേന അറിയിക്കുന്നു.

 

വിവരങ്ങൾക്ക് കടപ്പാട്: ബ്ലൂംബർഗ്

 

English Summary: Pentagon sees China's offensive Space Technology 'on the march'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT