ADVERTISEMENT

സാറ്റലൈറ്റുകളും ബഹിരാകാശത്തെ മറ്റു സംവിധാനങ്ങളും സുരക്ഷിതമാക്കുന്നതിന് യുകെയില്‍ അടക്കം ചാര നിലയങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്ക. ബഹിരാകാശ ശക്തികളായ ചൈനയുടെയും റഷ്യയുടെയും ഭീഷണികളെ നേരിടുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് 36,000 കിലോമീറ്റര്‍ പരിധിയില്‍ ഒരു ഫുട്‌ബോളിന്റെ വലുപ്പം വരെയുള്ള വസ്തുക്കളെ പോലും തിരിച്ചറിയാന്‍ കഴിയുന്നവയാകും ചാര നിലയങ്ങള്‍. ഈ റഡാറുകള്‍ വഴി സാറ്റലൈറ്റുകള്‍ക്ക് അപകടം വരുത്താന്‍ ശേഷിയുള്ള കറങ്ങി നടക്കുന്ന ബഹിരാകാശ മാലിന്യങ്ങളേയും യഥാസമയം തിരിച്ചറിയാന്‍ സാധിക്കും. 

2025 ആകുമ്പോഴേക്കും ആകെ മൂന്ന് റഡാര്‍ ചാര നിലയങ്ങളാണ് അമേരിക്കന്‍ ബഹിരാകാശ സേന സ്ഥാപിക്കുക. ഇതിലൊന്ന് സ്‌കോട്ട്‌ലന്റിലോ ദക്ഷിണ ഇംഗ്ലണ്ടിലോ ആയിരിക്കും സ്ഥാപിക്കുക. ബാക്കി രണ്ടെണ്ണം അമേരിക്കയിലെ ടെക്‌സാസിലും ഓസ്‌ട്രേലിയയിലുമാവും ഉയരുക. ബഹിരാകാശത്തെ സാറ്റലൈറ്റുകള്‍ നേരിടുന്ന ഭീഷണി നമുക്ക് മറികടക്കേണ്ടതുണ്ട്. സാറ്റലൈറ്റുകളോ റോക്കറ്റിന്റെ ഭാഗങ്ങളോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ലെഫ്റ്റനന്റ് കേണല്‍ ജാക്ക് വാക്കര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞത്.

ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോഴ്‌സ് തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ സര്‍ മൈക്ക് വിങ്സ്റ്റണും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ബഹിരാകാശത്തെ സാറ്റലൈറ്റുകള്‍ പല രാജ്യങ്ങളില്‍ നിന്നും വെല്ലുവിളി നേരിടുന്നുണ്ടെന്നായിരുന്നു മൈക്ക് വിങ്സ്റ്റണ്‍ പറഞ്ഞത്. ഭൂമിയില്‍ നിന്നും സാറ്റലൈറ്റുകളെ ലേസറുകള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

 

ബഹിരാകാശത്തെ തന്ത്രപ്രധാന സാങ്കേതിക സൗകര്യങ്ങളെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. സാറ്റലൈറ്റുകള്‍ക്കും അതുവഴി നമ്മുടെ ദൈനംദിന ജീവന് തന്നെയും ഭീഷണിയാവുന്ന ആയുധങ്ങള്‍ ചൈനയും റഷ്യയും വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇപ്പോഴും നമ്മള്‍ എത്രത്തോളം ബഹിരാകാശത്തെ സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പലര്‍ക്കും അറിയില്ല എന്നായിരുന്നു സര്‍ മൈക്ക് വിങ്സ്റ്റണിന്റെ പ്രതികരണം. 

ഉദാഹരണത്തിന് അമേരിക്കന്‍ ജിപിഎസ് സംവിധാനത്തിലെ സാറ്റലൈറ്റുകള്‍ തകര്‍ക്കപ്പെട്ടാല്‍ അത് ലോകമൊട്ടാകെയുള്ള നിരവധി സര്‍ക്കാരുകളേയും ജനങ്ങളേയും കമ്പനികളേയും നേരിട്ട് ബാധിക്കും. മൊബൈല്‍ ഫോണുകളേയും ബാങ്കുകളുടേയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആശുപത്രികളിലേക്കുള്ള മരുന്നു വിതരണ ശൃംഖലയും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുള്ള സാധനങ്ങളുടെ വിതരണവുമെല്ലാം തടസപ്പെടും.

 

'ഹോളിവുഡ് സിനിമകളില്‍ കാണുംവിധമുള്ള ബഹിരാകാശ യുദ്ധം ഭാവിയില്‍ ഉണ്ടാവില്ല. അതേസമയം യുദ്ധ സാഹചര്യമുണ്ടായാല്‍ ശത്രു രാജ്യങ്ങളുടെ ബഹിരാകാശത്തെ സംവിധാനങ്ങൾ തകര്‍ത്ത് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ അടക്കം തകരാറിലാക്കുകയാവും ആദ്യ നീക്കങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ ഈ നീക്കത്തെ മറികടക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നാണ് ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി വിശദീകരിക്കുന്നത്.

 

ഡീപ്പ് സ്‌പേസ് അഡ്വാന്‍സ്ഡ് റഡാര്‍ കേപ്പബിലിറ്റി (DARC) എന്ന പേരിലുള്ള യുഎസ് റഡാര്‍ സംവിധാനം ഒരു കിലോമീറ്റര്‍ വിസ്തൃതിയിലാവും സ്ഥാപിക്കപ്പെടുക. ഇതില്‍ 15 മീറ്റര്‍ വിസ്തൃതിയുള്ള ആറ് കൂറ്റന്‍ ഡിഷ് ആന്റിനകളാവും ഉണ്ടാവുക. ഇവയില്‍ നിന്നാണ് ബഹിരാകാശത്തേക്ക് റഡാറുകള്‍ ഊര്‍ജ തരംഗങ്ങള്‍ അയക്കുക. പ്രതിഫലിച്ചെത്തുന്ന തരംഗങ്ങള്‍ സ്വീകരിക്കുന്നതിന് പത്ത് സമാനമായ ആന്റിനകളും ഉണ്ടാകും. 

 

അമേരിക്കയുമായി സഹകരിച്ചുകൊണ്ടുള്ള ചാര നിലയങ്ങള്‍ ഇപ്പോള്‍ തന്നെ യുകെക്കുണ്ട്. നോര്‍ത്ത് യോര്‍ക്ക് മൂര്‍സിലെ ആര്‍എഎഫ് ഫ്‌ളെയിംങ്‌ഡേല്‍സ് ഇതിനൊരു ഉദാഹരണമാണ്. അയ്യായിരം കിലോമീറ്റര്‍ പരിധിയില്‍ ബാലിസ്റ്റിക് മിസൈലുകളുടെ മുന്നറിയിപ്പ് നല്‍കാന്‍ ഈ സംവിധാനത്തിന് സാധിക്കും. അമേരിക്കയുടെ ഡിഎആർകെ റഡാര്‍ സംവിധാനവുമായി സഹകരിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

 

വിവരങ്ങൾക്ക് കടപ്പാട്: സ്കൈന്യൂസ്

 

English Summary: US wants to build spy base in UK to help keep satellites safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com