ADVERTISEMENT

ഉത്തര കൊറിയയിൽ നിന്നുള്ള മിസൈൽ ഭീഷണി നേരിടാൻ ഇസ്രയേൽ മാതൃകയിൽ തദ്ദേശീയമായ അയൺ ഡോം സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി ദക്ഷിണ കൊറിയ. 260 കോടി യുഎസ് ഡോളർ (ഏകദേശം 19,240 കോടി രൂപ) മുതൽമുടക്കിലാണു പദ്ധതി. ഇതിന്റെ വികാസത്തിനുള്ള അംഗീകാരം ദക്ഷിണകൊറിയൻ പ്രതിരോധവൃത്തങ്ങൾ നൽകിക്കഴിഞ്ഞു. 2035 ൽ പദ്ധതി പൂർത്തീകരിക്കാനാണ് ദക്ഷിണ കൊറിയയുടെ ലക്ഷ്യം.

 

38 പാരലൽ എന്നറിയപ്പെടുന്ന അതിർത്തിയാണ് ഇരു കൊറിയകളെയും വിഭജിക്കുന്നത്. 1953ൽ കൊറിയൻ യുദ്ധം തീർന്ന ശേഷം ലോകശക്തികളുടെ നിർദേശത്തിൽ ഇവിടെ വന്ന വെടിനിർത്തൽ കരാർ ഇന്നും പാലിക്കപ്പെടുന്നുണ്ട്. എന്നാൽ അതിർത്തി വലിയ സമ്മർദത്തിലാണു നിലനിൽക്കുന്നത്. ഏതു നിമിഷവും ആക്രമണമുണ്ടാകാമെന്ന ഭീതിയിൽ. അതിർത്തി രേഖയ്ക്ക് വടക്ക് ഉത്തരകൊറിയ ആയിരത്തിലധികം റോക്കറ്റ് ലോഞ്ചറുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്, എപ്പോൾ വേണമെങ്കിലും പൊട്ടിക്കാമെന്ന രീതിയിൽ. ദക്ഷിണ കൊറിയയുടെ തലസ്ഥാനനഗരിയും രാജ്യത്തിന്റെ ഹൃദയവുമായ സോളിനെ ലക്ഷ്യം വച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണു പ്രതിരോധ വിദഗ്ധർ പറയുന്നത്. 

 

ഇതോടൊപ്പം തന്നെ മേഖലയിലെ മറ്റു സൈനിക ശക്തികളായ ചൈന, ജപ്പാൻ, റഷ്യ എന്നിവരോടും ഒരു സൂക്ഷ്മത ദക്ഷിണ കൊറിയ പുലർത്തുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് രാജ്യത്തെ പൂർണമായും മിസൈലുകളിൽ നിന്നു സുരക്ഷിതമാക്കാനായി ഇസ്രയേലിന്റെ അയൺ ഡോം പോലുള്ള ഒരു സംവിധാനത്തിന് ദക്ഷിണ കൊറിയ ആക്കം കൂട്ടുന്നത്.

 

എന്നാ‍ൽ ഇസ്രയേൽ വികസിപ്പിച്ചതിനേക്കാൾ ശേഷിയുള്ള സംവിധാനമാണു ദക്ഷിണ കൊറിയയുടെ ലക്ഷ്യം. ഹമാസ് വിക്ഷേപിക്കുന്ന റോക്കറ്റുകളെ നേരിടാൻ ലക്ഷ്യം വച്ചുള്ള ഇസ്രയേലി അയൺ ഡോം പൊതുവെ ലളിതമാണ്. എന്നാൽ ഉത്തര കൊറിയ സൈനികമായി ഏറെ മുൻപന്തിയിലാണ്. ലോംഗ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക റോക്കറ്റുകളും ആണവ പോർമുനകളും അവരുടെ കൈയിലുണ്ട്. ഇസ്രയേലിൽ പൊതുവെ വരണ്ട, സമതലഭൂമിയാണ്. എന്നാൽ കൊറിയൻ മേഖലകളിൽ മലഞ്ചെരുവുകളും വനമേഖലകളുമെല്ലാമുണ്ട്. ഹമാസ് 10 ദിവസം കൊണ്ട് 4300 റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് അയച്ചത്. പക്ഷേ ഉത്തര കൊറിയയ്ക്ക് ഒരു മണിക്കൂറിൽ 16000 തവണ റോക്കറ്റ് ദക്ഷിണ കൊറിയയിലേക്കു വിടാനുള്ള കഴിവുണ്ടെന്നു വിലയിരുത്തപ്പെടുന്നു. ഇതെല്ലാം പരിഗണിച്ചാണ് ദക്ഷിണ കൊറിയ തദ്ദേശീയമായി അയൺ ഡോം വികസിപ്പിക്കുന്നതിലേക്കു കടന്നത്. 

 

2010ൽ ഇരുകൊറിയകളുടെയും അതിർക്കു സമീപമുള്ള ദക്ഷിണ കൊറിയൻ ദ്വീപായ യോൻപിയോങ്ങിൽ ഉത്തരകൊറിയ ഷെല്ലിങ് നടത്തി 4 പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ഉത്തരകൊറിയയുടെ ആർട്ടിലറി ശക്തിയെ ചെറുക്കാനുള്ള സംവിധാനം വികസിപ്പിക്കണമെന്നത് ദക്ഷിണ കൊറിയയുടെ പ്രധാന ചിന്തയായി മാറി. കഴിഞ്ഞ വർഷം ഈ ലക്ഷ്യം മുൻ നിർത്തി 100 കിലോമീറ്റർ പരിധിയുള്ള കെടിഎസ്എസ്എം എന്ന മിസൈൽ ദക്ഷിണ കൊറിയ വികസിപ്പിച്ചിരുന്നു. എന്നാൽ ഇവയുടെ പ്രഹരശേഷിയും വേഗവും കുറവാണ്. ഇവ ആർട്ടിലറി സംവിധാനത്തെ ആക്രമിക്കുന്ന സമയം കൊണ്ട് ഉത്തരകൊറിയയ്ക്ക് ദക്ഷിണ കൊറിയയിലെ തന്ത്രപ്രധാനമേഖലകളിൽ പ്രഹരം നടത്താൻ സാധിക്കും. ഇതാണ് അവസാനം അയൺഡോം പോലൊരു സംവിധാനം തന്നെയാകാമെന്ന് ദക്ഷിണ കൊറിയയെക്കൊണ്ട് തീരുമാനിപ്പിച്ചത്.

 

പ്രധാനമായും സോൾ നഗരത്തിന്റെ സുരക്ഷയാകും അയൺ ഡോം സംവിധാനം വഴി ഉദ്ദേശിക്കുന്നത്. രാജ്യത്തെ പ്രധാന വ്യവസായങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയെല്ലാം നിലനിൽക്കുന്നത് സോളിൽ തന്നെയാണ്. അതിനാൽ തന്നെ നഗരത്തെ ഏതു വിധേനയും സംരക്ഷിക്കേണ്ടതും ഉത്തരകൊറിയയ്ക്ക് അത്യാവശ്യമാണ്.

 

English Summary: South Korea to Develop $2.56 BN ‘Iron Dome’-Type Air Defense System 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT