ADVERTISEMENT

ഹിരോഷിമ, നാഗസാക്കി... ഏതൊക്കെ നഗരങ്ങളുടെ പേര് മറന്നാലും മാനവരാശി ഈ പേരുകൾ മറക്കില്ല. ലോകത്ത് അണുബോംബുകൾ യുദ്ധത്തിനായി ഉപയോഗിക്കപ്പെട്ട ആദ്യ സ്ഥലങ്ങൾ. ഇതുവരെ അവസാനത്തേതും.

പേൾ ഹാർബർ ആക്രമണം കഴിഞ്ഞ കാലമായിരുന്നു അത്. ദ്വീപിലെ അമേരിക്കൻ നാവികകേന്ദ്രത്തിൽ ജപ്പാൻ ആഞ്ഞടിച്ചു. ലോകശക്തിയായി ഉയർന്ന അമേരിക്കയ്ക്ക് മുഖത്ത് കിട്ടിയ അടി. യുഎസും ജപ്പാനും തമ്മിൽ ശത്രുത കനത്തിരുന്നു. ഏതു വിധേനയും ജപ്പാനെ മുട്ടുകുത്തിക്കണമെന്ന് യുഎസ് തീരുമാനിച്ചുറച്ചു. ആ തീരുമാനം നയിച്ചത് അണുബോംബെന്ന അതിവിനാശകാരിയിലേക്കാണ്.

 

ജപ്പാനെ അണുബോംബ് ഉപയോഗിച്ച് ആക്രമിക്കാൻ യുഎസ് തിരഞ്ഞെടുത്തത് 1945 ഓഗസ്റ്റ് 6 എന്ന തീയതിയാണ്. എന്നാൽ ഇതിനു മുൻപായി പസിഫിക് തീരത്തുള്ള ടിനിയൻ എന്ന ദ്വീപിൽ അണുബോംബിന്റെ പ്രധാനഭാഗമായ യുറേനിയം കോർ എത്തിക്കണമായിരുന്നു. ഇതിനുള്ള  നിയോഗം യുഎസിന്റെ ഇൻഡ്യാനപൊലിസ് എന്ന കപ്പലിനാണു വന്നുചേർന്നത്. കലിഫോർണിയയിൽ നിന്നു പുറപ്പെട്ട കപ്പൽ തന്റെ രഹസ്യദൗത്യം പൂർത്തീകരിച്ചു. കപ്പലിലെ നാവികർക്കു പോലും അറിവില്ലായിരുന്നു, ടിനിയനിൽ തങ്ങൾ ഇറക്കിയത് പിന്നീട് ജപ്പാനിലെ രണ്ടു നഗരങ്ങളെ വെണ്ണീറാക്കാനുള്ള സർവസംഹാരിയായ മഹായുധമാണെന്ന്.

 

ദൗത്യനിർവഹണത്തിനു ശേഷം യുഎസ് അധീനതയിലുള്ള പസിഫിക് ദ്വീപായ ഗുവാമിലെ നാവികതുറമുഖത്തേക്കു ക്യാപ്റ്റൻ സ്റ്റീവ് മക്വേ കപ്പൽ അടുപ്പിച്ചു. ദിവസങ്ങൾ അവിടെ പിന്നിട്ടശേഷം അകമ്പടിക്കപ്പലുകളുടെ സുരക്ഷയില്ലാതെ ജൂലൈ 28ന് ഇൻഡ്യാനപൊലിസ് യാത്ര തിരിച്ചു. അക്കാലത്ത് അമേരിക്കൻ കോളനിയായിരുന്ന ഫിലിപ്പൈൻസിലെ ലെയ്‌റ്റെയിലേക്കായിരുന്നു ആ യാത്ര. ജപ്പാൻ നാവികസേന പരുങ്ങലിലാണെന്നും അവർ യാതൊരു ആക്രമണങ്ങൾക്കും മുതിരുകയില്ലെന്നുമുള്ള ഔദ്യോഗിക ഉറപ്പിലായിരുന്നു ശത്രുമേഖലയിലൂടെയുള്ള ആ ഏകാന്തയാത്രയ്ക്കു മക്വേ മുതിർന്നത്.

 

വളരെ ശാന്തമായ യാത്രയായിരുന്നു അത്. ആയിരക്കണക്കിനു നാവികർ കപ്പലിൽ ഉണ്ടായിരുന്നു. അവർ ഡെക്കിൽ ഉല്ലസിച്ചു. ചീട്ടുകൾ ടേബിളിൽ മറിച്ച് അവർ റമ്മി കളിച്ചു, മദ്യവും സ്റ്റീക്കുൾപ്പെടെ രുചികരമായ മാംസവിഭവങ്ങളും വർ ആസ്വദിച്ചു. പതിയെ രാത്രി കനത്തു. നാവികർ അപ്പോഴുമറിഞ്ഞില്ല, ഈ ശാന്തതയ്ക്കു ശേഷം ആഞ്ഞടിക്കാൻ പോകുന്ന കൊടുങ്കാറ്റിനെക്കുറിച്ച്. കപ്പലിനെ ലക്ഷ്യമിട്ട് ശത്രു കടലിൽ തന്നെയുണ്ടായിരുന്നു. സമുദ്രോപരിതലത്തിനടിയിൽ ഐ8 എന്ന ജാപ്പനീസ് അന്തർവാഹിനി തക്കം പാർത്തു കിടക്കുന്നുണ്ടായിരുന്നു. 

 

ജപ്പാൻ നാവികസേനയിൽ കമാൻഡറായിരുന്ന മൊചിത്സുറ ഹാഷിമോട്ടോയായിരുന്നു അന്തർവാഹിനിയുടെ തലവൻ. ലോകത്തെ സാമ്രാജ്യശക്തിയാകാനായി ജർമനിക്കും ഇറ്റലിക്കുമൊപ്പം അണിചേർന്ന തന്റെ രാജ്യം ആസന്നമായ തോൽവിയുടെ വക്കിലാണെന്ന് ഹാഷിമോട്ടോയ്ക്കറിയാമായിരുന്നു. എങ്കിലും കീഴടങ്ങുന്നതിനു മുൻപ് ഒരു അമേരിക്കൻ പടക്കപ്പലെങ്കിലും മുക്കണമെന്നത് പ്രതികാരദാഹിയായ ഹാഷിമോട്ടോയുടെ അഭിലാഷമായിരുന്നു. അതു സഫലമാക്കാനായി യുഎസ്എസ് ഐഡഹോ എന്ന അമേരിക്കൻ കപ്പൽ വരുമെന്നു പ്രതീക്ഷിച്ചായിരുന്നു അന്തർവാഹിനിയുടെ കിടപ്പ്. എന്നാൽ ഐഡഹോയ്ക്ക് പകരം അന്തർവാഹിനിയുടെ ലക്ഷ്യത്തിലെത്തിയത് ഇൻഡ്യാനപൊലിസാണ്.

 

ഹാഷിമോട്ടോ കമാൻഡ് ഉടനടി തന്നെ നൽകി. യുഎസ്എസ് ഇൻഡ്യാനപൊലിസിനെ ലക്ഷ്യമാക്കി, അന്തർവാഹിനിയിൽ നിന്നും ടോർപിഡോകൾ ചീറിപ്പാഞ്ഞു.ആദ്യ ടോർപിഡോ തന്നെ ലക്ഷ്യം കണ്ടു. കപ്പൽ ആടിയുലഞ്ഞു. കപ്പലിനുള്ളിലുള്ള മൂവായിരത്തഞ്ഞൂറ് ഗാലൻ അളവു വരുന്ന ഇന്ധനത്തിനു തീപിടിച്ചു. ഒരു അഗ്‌നിപർവത സ്‌ഫോടനം പോലെ തീ ഹുങ്കാരത്തോടെ മുകളിലേക്ക് ഇരച്ചുപൊന്തി. ഇരുട്ടണിഞ്ഞു കിടക്കുന്ന പസിഫിക്കിന്റെ പശ്ചാത്തലത്തിൽ വെള്ളത്തിനു മുകളിൽ ഒരു അഗ്‌നിഗോളം.

Indianapolis-ship

 

ആദ്യപ്രഹരത്തിൽ നട്ടംതിരിഞ്ഞ കപ്പലിലേക്ക് രണ്ടാമത്തെ ടോർപിഡോയുമെത്തി. ഇത്തവണ കപ്പലിനുള്ളിലുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കൾ ചെയിൻ റിയാക്ഷൻ പോലെ പൊട്ടിത്തെറിച്ചു. വമ്പൻ കപ്പലായ ഇൻഡ്യാനപൊലിസ് രണ്ടായി പിളർന്നു മുങ്ങാൻ തുടങ്ങി. 12 മിനിറ്റുകൾക്കുള്ളിൽ കപ്പൽ പൂർണമായും മുങ്ങി. കപ്പലിലുണ്ടായിരുന്ന 1196 നാവികരിൽ മുന്നൂറിലധികം പേർ അപ്പോഴേക്കും മരിച്ചിരുന്നു. മരിച്ചവർ ഭാഗ്യവാൻമാർ. കാരണം, ശേഷിച്ചവരെ കാത്തിരുന്നത് നരകമാണ്. 5 ദിവസം നീണ്ടുനിന്ന കൊടിയ അനുഭവങ്ങൾ. ലോകത്തിൽ അപൂർവം പേർ മാത്രമായിരിക്കും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിരിക്കുക.

 

കൈയിലുള്ള ലൈഫ് ജാക്കറ്റുകളുമണിഞ്ഞ് നാവികർ നീണ്ടുകിടക്കുന്ന കടലിനു നടുക്ക് നിന്നു. ദാഹമായിരുന്നു അവരുടെ അപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. ചുറ്റും അനന്തമായി പരന്നു കിടക്കുന്ന ജലം. എന്നാൽ തുള്ളി കുടിക്കാൻ നിർവാഹമില്ല. ജാപ്പനീസ് സേന ഏതു നിമിഷവും തങ്ങളെ തേടിയെത്തുമെന്ന വലിയ ആശങ്കയും മനസ്സിൽ വച്ചായിരുന്നു അവരുടെ നിൽപ്. മരണം അവർ മുന്നിൽകണ്ടു. എന്നാൽ അവരെ തേടിയെത്തിയത് ജാപ്പനീസ് സേനയായിരുന്നില്ല, അപകടകാരികളായ മറ്റൊരു കൂട്ടമായിരുന്നു....സ്രാവുകൾ.

us-nay-ship
തകർന്ന കപ്പൽ കടലിനടിയിൽ

 

പസിഫിക്കിൽ വിവിധതരം സ്രാവുകളുണ്ട്. എന്നാൽ യുഎസ്എസ് ഇൻഡ്യാനപൊലിസ് തകർന്നത് ഓഷ്യാനിക് വൈറ്റ്ടിപ്പുകൾ എന്നറിയപ്പെടുന്ന അതീവ അപകടകാരികളായ സ്രാവുകളുടെ അധിവാസമേഖലയിലായിരുന്നു. പ്രാചീനകാലം മുതൽ കപ്പൽയാത്രികർക്ക് ഇവയെ പേടിയായിരുന്നു. കപ്പൽതകർച്ച സംഭവിക്കുന്നിടങ്ങളിൽ എത്തി അതിജീവിച്ചവരെ കൊന്നു തിന്നുന്നതിന്റെ ഒരു വലിയ ചരിത്രം ഇവയ്ക്കുണ്ട്.

 

ഇവിടെയും അതു സംഭവിച്ചു. കപ്പലിലെ പൊട്ടിത്തെറിയും വെള്ളത്തിൽ ഒഴുകിയ മൃതദേഹങ്ങളും രക്തവും... സ്രാവുകളുടെ ശ്രദ്ധ ഇങ്ങോട്ടേക്കു തിരിയാൻ അധികം സമയം എടുത്തില്ല. ആ രാത്രി തന്നെ സ്രാവുകൾ അവിടെയെത്തി. ആദ്യം അവർ അതിജീവിച്ചു നിന്ന സൈനികരെ ഗൗനിച്ചില്ല. ഒഴുകി നടക്കുന്ന മൃതദേഹങ്ങളിലാണ് അവർ ശ്രദ്ധ പതിപ്പിച്ചത്. കുറച്ചു മണിക്കൂറുകൾ മുൻപ് വരെ തങ്ങളോട് തമാശ പറഞ്ഞ്, നിമിഷങ്ങൾ പങ്കിട്ട തങ്ങളുടെ കൂട്ടുകാരുടെ ശവശരീരങ്ങൾ സ്രാവുകൾ ഊണാക്കുന്നത് ചങ്കിടിപ്പോടെയും നിസ്സഹായതയോടെയും യുഎസ് നാവികർ നോക്കി നിന്നു.

 

ആ കാളരാത്രി പിന്നിട്ടു പകലുദിച്ചു. എന്നാൽ സ്രാവുകളുടെ വിശപ്പ് അതുകൊണ്ട് അസ്തമിച്ചിരുന്നില്ല. അവർ കൂട്ടം കൂട്ടമായി എത്തി. മൃതദേഹങ്ങൾ തീർന്നപ്പോൾ അവർ ജീവിച്ചിരിക്കുന്നവരിലേക്കു തങ്ങളുടെ നോട്ടം പായിച്ചു. അവശരായവരും പരുക്കു പറ്റിയവരും ശരീരത്തിൽ നിന്നു രക്തമൊലിക്കുന്നവരുമായിരുന്നു അവരുടെ ആദ്യ ലക്ഷ്യം. ആരോഗ്യവാൻമാരായ സൈനികർ മുറിവ് പറ്റിയ തങ്ങളുടെ കൂട്ടുകാരിൽ നിന്ന് അകലം പാലിച്ചു നിന്നു. കാരണം അവർ ഇരകളാണ്. അവർക്കൊപ്പം നിൽക്കുന്നത് വലിയ റിസ്‌കുള്ള കാര്യമാണ്.

 

ഇതിനിടയിൽ മറ്റു പ്രശ്‌നങ്ങളും ഉടലെടുത്തു. കൊടിയ ദാഹം മൂലം പല സൈനികരും തളർന്നു വീഴാൻ തുടങ്ങി. ചിലർ സഹിക്കാനാകാതെ ഉപ്പുവെള്ളം കുടിച്ചു. അത് കൂടുതൽ ദാഹത്തിനും സാൾട്ട് പോയിസണിങ് എന്ന അവസ്ഥയ്ക്കും കാരണമായി. പലരുടെയും വായിൽ നിന്നു നുരയും പതയും വന്നു. ചിലർ മരിച്ചു. മരിച്ചവരുടെ ദേഹങ്ങൾ കൂടെ നിന്നവർ മനസില്ലാമനസ്സോടെ അകലേക്കു നീക്കിക്കളഞ്ഞു. കാരണം അവ സ്രാവുകളെ ആകർഷിക്കും. കടലിലേക്കു ചാടിയവരിൽ ചിലരുടെ കൈയിൽ ഭക്ഷണമുണ്ടായിരുന്നു. അതു തുറന്നാൽ സ്രാവുകൾ മണം പിടിച്ചെത്തും. അതിനാൽ അവർ അതു കടലിലേക്കു തന്നെ വലിച്ചെറിഞ്ഞു. വിശപ്പും ദാഹവും അവരെ ഭ്രാന്തുപിടിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചു.

 

അഞ്ച് ദിനങ്ങൾ ഇങ്ങനെ പിന്നിട്ടു. സ്രാവുകൾ നിരന്തരം സൈനികരെ ഭക്ഷണമാക്കിക്കൊണ്ടിരുന്നു. രക്ഷപ്പെട്ടവർ തങ്ങളുടെ വിധിയും കാത്ത് നരകസമുദ്രത്തിൽ നിലകൊണ്ടു. ഇതിനിടയിൽ മറ്റുചില കാര്യങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു. തങ്ങൾ ഒരു കപ്പൽ തകർത്തെന്നു പറഞ്ഞ് ജാപ്പനീസ് അന്തർവാഹിനി ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് അയച്ച സന്ദേശം യുഎസ് നേവി പിടിച്ചെടുത്തു. എന്നാൽ ഇതു തങ്ങളെ പറ്റിച്ച് അവിടെയെത്തിച്ച് വധിക്കാനുള്ള ഒരു കെണിയായിട്ടാണു നേവി അധികൃതർക്കു തോന്നിയത്. അതിനാൽ അവർ സന്ദേശം അവഗണിച്ചു.

 

മുകളിൽ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂട്. ശരീരത്തിൽ വിശപ്പും ദാഹവും. ചുറ്റും കടൽ, അതിൽ തങ്ങളെ വട്ടമിട്ടു കറങ്ങുന്ന സ്രാവുകൾ. ചെകുത്താനും കടലിനുമിടയിൽ എന്ന പ്രയോഗം ഏറ്റവും യോജിക്കുന്ന സന്ദർഭമായിരുന്നു യുഎസ്എസ് ഇൻഡ്യാനപൊലീസിലെ നാവികരുടെ ആ അവസ്ഥ. പ്രതീക്ഷയുടെ കിരണങ്ങൾക്കായി അവർ കാത്തിരുന്നു.

 

ഒടുവിൽ അഞ്ചാം ദിനം രാവിലെ പതിനൊന്നോടെ ആ പ്രതീക്ഷ സഫലമായി. ഒരു നാവികസേനാ വിമാനം ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ടു. സ്രാവുകളുടെ ഭീഷണി മറന്ന് നാവികർ അലമുറയിട്ട് നിലവിളിച്ചു. വിമാനത്തിലെ പൈലറ്റ് അതു കേട്ടു. മണിക്കൂറുകൾക്കുള്ളിൽ പൈലറ്റിന്റെ സന്ദേശമനുസരിച്ച് മറ്റൊരു വിമാനം കൂടി അവിടെയെത്തി. സുരക്ഷിതരായിരിക്കാൻ ചങ്ങാടങ്ങളും കുടിവെള്ളവും ഭക്ഷണവും അതു താഴേക്കിട്ടു. വിമാനം പറ്റാവുന്നത്ര താഴേക്കിറക്കി സ്രാവുകളെ ആട്ടിയോടിക്കാൻ പൈലറ്റ് ശ്രമിച്ചുകൊണ്ടിരുന്നു. പിന്നെയും ഒരു പകൽ. സൈനികരിൽ പ്രതീക്ഷ വീണ്ടും ജനിച്ചിരുന്നു. ഒടുവിൽ അർധരാത്രിയോടെ അവരുടെ രക്ഷകൻ പസിഫിക്കിലെ ആ മരണക്കളത്തിലേക്ക് എത്തി. യുഎസ് നാവികസേനയുടെ പ്രശസ്ത പടക്കപ്പലായ ഡോയ്‌ലായിരുന്നു അത്. അതിജീവിച്ച സൈനികർ പടക്കപ്പലിലേക്കേറി. വെറും 317 പേരായിരുന്നു അവർ. 900 പേരോളം കപ്പൽ പൊട്ടിത്തെറിയിലും സ്രാവുകളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടിരുന്നു.

 

യുഎസ് നാവികചരിത്രത്തിലെ തന്നെ ഏറ്റവം വലിയ അപകടമായിരുന്നു ഇൻഡ്യാനപൊലിസ്. അതിന്റെ 76ാം വാർഷികമാണ്. ഈ സംഭവം 2016ൽ പുറത്തിറങ്ങിയ, നിക്കോളസ് കേജ് അഭിനയിച്ച മെൻ ഓഫ് കറേജ് എന്ന യുദ്ധചിത്രത്തിന്റെ ഇതിവൃത്തമായി.

 

English Summary: What it was like to survive the infamous sinking of the USS Indianapolis 76 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT