ADVERTISEMENT

ഹൈപ്പര്‍സോണിക് മിസൈലുകളുടേയും വിമാനങ്ങളുടേയും കൃത്യത ഉറപ്പുവരുത്താന്‍ അവയുടെ മുന്‍ഭാഗത്ത് സ്ഥാപിക്കാന്‍ കഴിയുന്ന പ്രത്യേക ലേസര്‍ ഉപകരണം നിര്‍മിക്കുമെന്ന് ചൈനീസ് മിലിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളും വിമാനങ്ങളും നേരിടുന്ന വായുവില്‍ നിന്നുള്ള പ്രതിരോധത്തെ മറികടക്കാന്‍ സഹായിക്കുന്നവയാണ് ഈ ലേസര്‍ ഉപകരണങ്ങളെന്ന് ബെയ്ജിങ്ങിലെ സ്‌പേസ് എൻജിനീയറിങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ജൂലൈ ലക്കം ലേസര്‍ ആൻഡ് ഇന്‍ഫ്രാറെഡ് ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൈപ്പര്‍സോണിക് മിസൈലുകളുടേയും വിമാനങ്ങളുടേയുമെല്ലാം മുന്‍ ഭാഗത്ത് ഘടിപ്പിക്കാന്‍ സാധിക്കുന്ന ഈ ലേസര്‍ ആയുധം ഉപയോഗിച്ച് പ്രത്യേകം ചൂടേറിയ വായുവിന്റെ ഭാഗം സൃഷ്ടിക്കാനാവുമെന്നാണ് ചൈനീസ് ഗവേഷകരുടെ വാദം. ഇതുവഴി മാക് 5ലും വേഗത്തില്‍ മിസൈലുകളും വിമാനങ്ങളും സഞ്ചരിക്കുമ്പോഴുണ്ടാവുന്ന ഷോക്ക് വേവുകള്‍ കുറക്കാനാകുമെന്നുമാണ് കരുതപ്പെടുന്നത്. 

ഹൈപ്പര്‍സോണിക് വിമാനങ്ങളിലുണ്ടാവുന്ന വായുവിന്റെ പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ കുറയ്ക്കാന്‍ ലേസര്‍ പ്ലാസ്മ ഡ്രാഗ് റിഡക്ഷന്‍ സാങ്കേതികവിദ്യകൊണ്ട് സാധിക്കും. ഇത് ഹൈപ്പര്‍സോണിക് വിമാനങ്ങളുടെ പ്രകടനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഷി ജിലിനും വാങ് ഡിയാന്‍കെയും വ്യക്തമാക്കുന്നത്. 

അതിവേഗ വിമാനങ്ങളുടെ നിര്‍മാണത്തില്‍ ഏറ്റവും വലിയ വെല്ലുവിളി അവയുടെ വായുവിലൂടെയുള്ള സഞ്ചാരത്തിനിടെയുണ്ടാവുന്ന പ്രതിരോധങ്ങളെ ഫലപ്രദമായി മറികടക്കുക എന്നതാണെന്ന് ഗവേഷകസംഘം സൂചിപ്പിക്കുന്നു. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളുടെ മുന്‍ഭാഗത്തും വായുവിന്റെ പ്രതിരോധം ഒരു ഷോക്ക് വേവ് സൃഷ്ടിക്കാറുണ്ട്. ഇത് ഹൈപ്പര്‍സോണിക് മിസൈലുകളെ പിന്നോട്ട് വലിക്കുന്നതിനും ഉപരിതലം ചൂടുപിടിക്കുന്നതിനും കാരണമാവുകയും ചെയ്യുന്നു.

പുതിയ ലേസര്‍ ഉപകരണം വഴി ഹൈപ്പര്‍സോണിക് വിമാനങ്ങളുടേയും മിസൈലുകളുടേയും മുന്നിലായി ഒരു കണ്ണുനീര്‍ തുള്ളിയുടെ ആകൃതിയില്‍ ലേസര്‍ വലയം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് പ്രത്യാഘാത തിരയും വായുവിന്റെ പ്രതിരോധവും കുറയ്ക്കാന്‍ സഹായിക്കും. വായുവിന്റെ പിന്നോട്ട് വലിക്കല്‍ കുറയ്ക്കാനും ഈ ലേസര്‍ തോക്ക് സഹായിക്കും. ഇന്ധനക്ഷമതയും സുരക്ഷയും ഇതുവഴി വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹൈപ്പര്‍സോണിക് മിസൈലുകളും വിമാനങ്ങളും സഞ്ചരിക്കുമ്പോഴുള്ള വായുവില്‍ നിന്നുള്ള പ്രതിരോധം 70 ശതമാനം വരെ കുറയ്ക്കാന്‍ പുതിയ കണ്ടെത്തലിന് സാധിക്കുമെന്നാണ് ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാൽ, സാങ്കേതികമായ പല പ്രതിബന്ധങ്ങളും ചൈനയ്ക്ക് മുന്നില്‍ ഇപ്പോഴുമുണ്ട്. ഇതില്‍ പ്രധാനം ഹൈപ്പര്‍സോണിക് ആയുധങ്ങളുടെ മുന്നില്‍ ഘടിപ്പിക്കാന്‍ മാത്രം ചെറുതും ശക്തവുമായ ലേസര്‍ ഉപകരണം നിര്‍മിക്കുക എന്നതാണ്. അതേസമയം, ഈ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനസ്സിലാക്കി ചൈന ഇതിനകം തന്നെ ഇത്തരം ആയുധങ്ങളുടെ രൂപകല്‍പന ആരംഭിച്ചിട്ടുണ്ടെന്നാണ് ഷിയും വാങും പഠനത്തില്‍ പറയുന്നത്. 

ശബ്ദത്തേക്കാൾ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദവിസ്‌ഫോടനങ്ങള്‍ അഥവാ സോണിക് ബൂം ഒഴിവാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൈപ്പര്‍സോണിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ദൂരം പറക്കാന്‍ ഈ ലേസര്‍ പ്ലാസ്മ സാങ്കേതികവിദ്യ സഹായിക്കുമെന്നും ഷിയും വാങും പറയുന്നു. ദ സ്‌പേസ് എൻജിനീയറിങ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളവരാണ് ഈ ഗവേഷകര്‍. ഈ സ്ഥാപനത്തെ 2015ല്‍ ചൈന ജനകീയ വിമോചന സേനയുടെ തന്ത്രപ്രധാന പങ്കാളിയാക്കി മാറ്റിയിരുന്നു.

English Summary: China military scientists work on laser to improve hypersonic missile and plane speeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT