ADVERTISEMENT

ചൈന രഹസ്യമായി ആണവപരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് അമേരിക്ക. പടിഞ്ഞാറന്‍ ചൈനയിലെ ലോപ് നുര്‍ മരുഭൂമിയില്‍ ആണവ മിസൈലുകള്‍ക്കായി നിലവറകള്‍ നിര്‍മിക്കുന്നുണ്ടെന്നാണ് അമേരിക്കയിലെ നാഷണല്‍ പബ്ലിക്ക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ചൈന ആണവ പരീക്ഷണം നടത്തിയിട്ടുള്ള പ്രദേശമാണ് ലോപ് നുര്‍.

നേരത്തെ ചൈന ആണവ പരീക്ഷണം നടത്തിയിട്ടുള്ള പ്രദേശത്തിന് സമീപമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചാല്‍ പ്രദേശത്ത് ഭൂഗര്‍ഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് വേണം അനുമാനിക്കാന്‍ എന്നാണ് ഓൾസോഴ്സ് അനാലിസിസ് വൈസ് പ്രസിഡന്റ് റെന്നി ബാബിയാസ് പറയുന്നത്.

അതേസമയം, അമേരിക്കയില്‍ നിന്നുള്ള ചൈനക്കെതിരായ ആരോപണങ്ങളെ വാഷിങ്ടണ്‍ ഡിസിയിലെ ചൈനീസ് എംബസി വക്താവ് പൂര്‍ണമായും തള്ളിക്കളഞ്ഞു. ആണവപരീക്ഷണം സംബന്ധിച്ച് 90കളില്‍ ഏര്‍പ്പെട്ട ആണവ കരാര്‍ പാലിക്കാന്‍ ചൈന പ്രതിജ്ഞാബന്ധമാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ചൈന ആണവ പരീക്ഷണം നടത്തുന്നുണ്ടെങ്കില്‍ അതീവരഹസ്യമായിട്ടായിരിക്കും അവരത് ചെയ്യുന്നതെന്നാണ് വിമര്‍ശകരുടെ ആരോപണം. 

നിലവിലെ ചൈനയുമായുള്ള ബന്ധം സുതാര്യമല്ലാത്തതിനാല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ വെച്ചുള്ള ഊഹാപോഹങ്ങളല്ലാതെ അമേരിക്കക്ക് മുന്നില്‍ മറ്റു വഴികളില്ലെന്നും കലിഫോര്‍ണിയയിലെ മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പ്രൊഫസര്‍ ജെഫ്രി ലൂയിസ് പറയുന്നു.

ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ 120 ആണവ മിസൈല്‍ നിലവറകള്‍ നിര്‍മിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസമാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പദ്ധതി യാഥാര്‍ഥ്യമാണെങ്കില്‍ ചൈനീസ് അണ്വായുധ മിസൈല്‍ അറകളുടെ ശേഖരം കുത്തനെ വര്‍ധിക്കുകയും ചെയ്യും. അതേസമയം, ഇത് അസ്ഥാനത്തെ ആശങ്കയാണെന്നും കാറ്റാടിപാടത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ആണവ മിസൈലുകളുടെ ഭൂഗര്‍ഭ അറയായി തെറ്റിദ്ധരിച്ചതെന്നാണെന്ന വാദവും ഉയരുന്നുണ്ട്. 

നിലവില്‍ ഔദ്യോഗികമായി 18 ആണവ മിസൈല്‍ നിലവറകള്‍ മാത്രമാണ് ചൈനക്കുള്ളത്. അമേരിക്കയുടേയും റഷ്യയേയും അപേക്ഷിച്ച് പത്തിലൊന്ന് മാത്രമാണിത്. കുത്തനെ താഴേക്ക് ഭൂമി തുരന്നുകൊണ്ടാണ് ഈ അറകള്‍ നിര്‍മിക്കുന്നത്. ഭൂഖണ്ഡാന്തര ആണവ മിസൈലുകള്‍ അടക്കം ഇങ്ങനെ സൂക്ഷിക്കാറുണ്ട്. ശക്തമായ പുറംവാതിലും ഈ  മിസൈല്‍ നിലവറകള്‍ക്കുണ്ടാവും. ആവശ്യം വന്നാല്‍ ഈ നിലവറകള്‍ക്കുള്ളില്‍ നിന്നും പുറത്തേക്ക് മിസൈലുകള്‍ വിക്ഷേപിക്കാനും സാധിക്കും. 

satellite-image
Planet Labs Inc./AllSource Analysis Inc

അമേരിക്കയെ പോലെ തന്നെ ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുള്ള ചൈന 1996 മുതല്‍ അണ്വായുധം പരസ്യമായി പരീക്ഷിച്ചിട്ടില്ല. അതേസമയം, ന്യൂക്ലിയര്‍ ഫിഷന്‍ ഒഴികെയുള്ള ആണവബോംബില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് നടത്തുന്ന 'ശീത പരീക്ഷണ'ങ്ങള്‍ അമേരിക്ക നടത്താറുണ്ട്. 2020 നവംബറിലാണ് അമേരിക്ക ഇത്തരം ശീതപരീക്ഷണം അവസാനമായി നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

ലോപ് നുര്‍ പ്രദേശത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആദ്യമായല്ല അമേരിക്ക ഉന്നയിക്കുന്നത്. 2020 ജൂണില്‍ പുറത്തിറങ്ങിയ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലോപ് നുറില്‍ സംശയകരമായ പലതും നടക്കുന്നുണ്ടെന്നാണ് പറഞ്ഞിരുന്നത്. മുന്‍ ആണവ പരീക്ഷണ കേന്ദ്രമായ ലോപ് നുര്‍ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്ന സംശയവും അമേരിക്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍.

English Summary: A new tunnel is spotted at a Chinese Nuclear test site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT