ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ എക്കാലത്തെയും വലിയ ബാലികേറാമലയായിരുന്നു പഞ്ച്ശീർ. വടക്കൻ അഫ്ഗാനിസ്ഥാനിലെ ഈ മനോഹര താഴ്‌വര അഹമ്മദ് ഷാ മസൂദിനെപ്പോലെയുള്ള വിഖ്യാത താലിബാൻ വിരുദ്ധ പോരാളികൾക്കു ജന്മം കൊടുത്ത നാടും, താലിബാന് എക്കാലവും തലവേദനയുയർത്തിയ വടക്കൻ സഖ്യത്തിന്റെ ആസ്ഥാനവുമായിരുന്നു. തജിക് വിഭാഗത്തിനു മേൽക്കൈയുള്ളതിനാലും, ഭൗമശാസ്ത്രപരമായ പ്രത്യേകതകളാലും താലിബാന് ഈ താഴ്‌വര കീഴടക്കാൻ അവർ ഏറ്റവും പ്രബലരായിരുന്ന 96-2001 കാലഘട്ടത്തിൽ പോലും സാധിച്ചിരുന്നില്ല (സോവിയറ്റ് യൂണിയനു പോലും ഇതു സാധിച്ചിട്ടില്ല).

 

അഹമ്മദ് ഷാ മസൂദ് 2001ൽ അൽ ഖായിദ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു ശേഷം മകനായ അഹമ്മദ് മസൂദ് മുന്നണിയിലേക്കെത്തി. ഗനി ഭരണകൂടത്തിലെ കരുത്തനും വൈസ് പ്രസിഡന്റുമായ അമ്രുല്ല സാലിഹും ഇവിടെനിന്നായിരുന്നു. താലിബാൻ രണ്ടാം തവണയും കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ചതിനു ശേഷം വീണ്ടും വടക്കൻ സഖ്യം പഞ്ച്ശീറിൽ പ്രതിരോധക്കോട്ട തീർത്തു. എന്നാൽ ഇത്തവണ അവർ പരാജയപ്പെട്ടു. പഞ്ച്ശീർ ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലായെന്നാണു പ്രചരിക്കുന്ന വാർത്തകൾ.

 

ഇതിന് അവരെ സഹായിച്ചത് പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണമാണ്. കഴിഞ്ഞ ഞായറാഴ്ച പാക്കിസ്ഥാൻ സൈന്യത്തിന്റെ ഡ്രോണുകൾ മേഖലയിൽ വമ്പിച്ച ഡ്രോൺ ആക്രമണം നടത്തിയെന്നാണു പറയപ്പെടുന്നത്. ഫാഹിം ദഷ്ടി, അബ്ദുൽ വുദോദ് സറ തുടങ്ങിയ വടക്കൻ സഖ്യത്തിന്റെ പ്രമുഖർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

അതിർത്തി രക്ഷാസേന പാക്ക് ഡ്രോൺ വെടിവച്ചിട്ടപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ
അതിർത്തി രക്ഷാസേന പാക്ക് ഡ്രോൺ വെടിവച്ചിട്ടപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ

പാക്കിസ്ഥാന്റെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഈ ആക്രമണരീതിയെ അൽപം കരുതലോടെയാണു ലോകം നോക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സായുധ ഡ്രോൺ സാങ്കേതികവിദ്യ തങ്ങളുടെ സൈന്യത്തിൽ കൂട്ടാനായി പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ട്. ബുറാഖ് എന്ന തദ്ദേശീയ ഡ്രോൺ 2015ലാണ് പാക്കിസ്ഥാൻ ആദ്യമായി തങ്ങളുടെ മിലിട്ടറി ദൗത്യത്തിൽ ഉപയോഗിക്കുന്നത്. തങ്ങൾക്കു തലവേദനയായ തെഹ്രീകി താലിബാൻ ഭീകരർക്കു നേർക്കാണ് ഇവർ ഇത് പ്രധാനമായും ഉപയോഗിച്ചത്. പാക്കിസ്ഥാനിൽ അഫ്ഗാൻ അതിർത്തിക്കു സമീപമുള്ള ഗോത്രമേഖലയായ ഫറ്റായിൽ, വിശിഷ്യ വടക്കൻ വസീറിസ്ഥാനിലാണ് തെഹ്രീകി താലിബാന്‌റെ പ്രധാന താവളം. ഇവിടങ്ങളിൽ ഇവരെ നേരിടാൻ ഡ്രോണുകൾ വളരെ ഉപയോഗപ്രദമാണെന്ന് പാക്കിസ്ഥാൻ തിരിച്ചറിഞ്ഞിരുന്നു.

 

പാക്കിസ്ഥാൻ ഡ്രോൺ സാങ്കേതിക വിദ്യ ലഭിക്കുന്നതിൽ ചൈനയ്ക്കും നല്ലൊരു പങ്കുണ്ടെന്നാണു കരുതപ്പെടുന്നത്. ചൈനീസ് ഡ്രോണുകൾ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നതിനു തെളിവുകളുണ്ട്. ഓഗസ്റ്റിൽ പാക്കിസ്ഥാനിലെ ബഹവാൽപുർ എയർബേസിൽ ചൈനയുടെ സിഎച്ച്4 കോംബാറ്റ് ഡ്രോണുകൾ കിടക്കുന്നതിന്റെ ഉപഗ്രഹദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ വർഷം ആദ്യം ചൈനയിൽ നിന്ന് 5 സിഎച്ച് 4 ഡ്രോണുകൾ പാക്കിസ്ഥാൻ വാങ്ങിയിരുന്നു. യുഎസിന്റെ പ്രശസ്തമായ പ്രിഡേറ്റർ ഡ്രോണുകളുമായി സാമ്യമുള്ളതാണ് കായ് ഹോങ് 4 എന്നു മുഴുവൻ പേരുള്ള സിഎച്ച്4.

Photo: AAMIR QURESHI / AFP
Photo: AAMIR QURESHI / AFP

 

1260 കിലോഗ്രാം പരമാവധി ഭാരപരിധിയുള്ള സിഎച്ച്4 ഡ്രോണുകൾക്ക് 115 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കാനാകും. 30 മണിക്കൂർ വരെ പറക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ലാൻ ജയാൻ 7 ലേസർ ഗൈഡഡ് മിസൈൽ, ടിജി 100 ഗൈഡഡ് ബോംബ്, അമേരിക്കൻ മിസൈലായ ഹെൽഫയറിനു തത്തുല്യമായ എആർ-1 മിസൈലുകൾ തുടങ്ങിയവ ഇവയ്ക്ക് വഹിക്കാനുള്ള ശേഷിയുണ്ട്.

 

2016 മുതൽ തന്നെ പാക്കിസ്ഥാൻ ചൈനീസ് ഡ്രോണുകൾ വാങ്ങാൻ തുടങ്ങിയിരുന്നെന്ന് അഭ്യൂഹമുണ്ട്. ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപറേഷൻ, തങ്ങൾ ഒരു തെക്കനേഷ്യൻ രാജ്യവുമായി വ്യാപാര ഇടപാടിൽ ഏർപെട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഈ രാജ്യം പാക്കിസ്ഥാനാകാനാണ് എല്ലാ സാധ്യതയും. 2016ൽ പാക്കിസ്ഥാനിലെ മിയാൻവാലിയിൽ ഒരു ചൈനീസ് ഡ്രോണായ വിങ് ലൂങ് തകർന്നു വീണിരുന്നു. ചൈനീസ് ഡ്രോണിന്റെ ശേഷി പരിശോധനയാണു മിയാൻവാലിയിൽ നടന്നതെന്ന് രാജ്യാന്തര പ്രതികോധ വിദഗ്ധർ അന്നു നിരീക്ഷിച്ചിരുന്നു.

 

മുപ്പതിലധികം സിഎച്ച്4 ഡ്രോണുകൾ തങ്ങൾ വിറ്റിട്ടുണ്ടെന്നു ഡ്രോൺ നിർമാതാക്കളായ ചൈനീസ് കമ്പനി പറഞ്ഞിരുന്നു. ഇതിലെത്രയെണ്ണം പാക്കിസ്ഥാനിലേക്കു പോയെന്നുള്ളത് ഇപ്പോഴും തീർച്ചയില്ലാത്ത കാര്യമാണ്.

പാക്കിസ്ഥാൻ ഡ്രോൺ മേഖലയിൽ മുന്നേറ്റം നടത്തുന്നത് കരുതൽ വേണ്ട കാര്യമാണ്. സർക്കാരിനു സൈന്യത്തിനു മേൽ നിർണായക സ്വാധീനമില്ലാത്ത രാജ്യമായതിനാൽ ഇത്തരം ആയുധങ്ങൾ ഭീകരസംഘടനകളിലേക്ക് എത്താനുള്ള സാധ്യത സജീവമാണ്. കഴിഞ്ഞ ജൂലൈയിൽ തന്നെ ലഷ്‌കർ ഭീകരർ ജമ്മുവിൽ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ഡെലിവറി ഡ്രോണുകൾ ഉപയോഗിച്ച് ഭീകരാക്രമണത്തിനു ശ്രമിച്ചിരുന്നു.

 

English Summary: Afghanistan: Could Pakistani drones hit the Panjshir Valley?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com