ADVERTISEMENT

സോവിയറ്റ് അധിനിവേശത്തിനു ശേഷമുള്ള അഫ്ഗാനിസ്ഥാൻ രാഷ്ട്രീയത്തിൽ നിരവധി യുദ്ധപ്രഭുക്കൻമാർ ഉണ്ടായിരുന്നു. അഹമ്മദ് ഷാ മസൂദ്, ഗുൽബുദീൻ ഹെക്മത്യാർ, മുഹമ്മദ് അറ്റാ നൂർ, ഇസ്മയിൽ ഖാൻ തുടങ്ങി ഒട്ടേറെപ്പേർ. ഇക്കൂട്ടത്തിൽ അതിപ്രശസ്തനായിരുന്നു അബ്ദുൽ റഷീദ് ദോസ്തം. താലിബാനെതിരെ കനത്ത പ്രതിഷേധം കാഴ്ചവച്ച ഈ ഉസ്ബെക് വംശജനായ യുദ്ധപ്രഭു, സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം അഫ്ഗാനിസ്ഥാനിലേക്കു കടന്നു വന്ന യുഎസ് ദൗത്യസംഘത്തിന്റെ ആദ്യ സഖ്യകക്ഷിയുമായിരുന്നു. താലിബാനതിരെ മസാരി ഷെറീഫിലും പഞ്ച്ശീറിലുമായി പടുത്തുയർത്തപ്പെട്ട വടക്കൻ സഖ്യത്തിന്റെ നിരവധി കമാൻഡർമാരിൽ നിർണായകസ്ഥാനം വഹിക്കുകയും ചെയ്ത ദോസ്തം പിൽക്കാലത്ത് അഷ്റഫ് ഗനി സർക്കാരിന്റെ കീഴിൽ 2014–2020 കാലഘട്ടത്തിൽ ഉപരാഷ്ട്രപതിയുമായി. 

ദോസ്തം കാബൂളിൽ ഒരു വലിയ ആഡംബര വീട് പണിഞ്ഞിരുന്നു. ദോസ്തം കി ഹവേലി എന്നറിയപ്പെടുന്ന ഈ വലിയ വീട് ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്. നൂറ്റൻപതോളം താലിബാൻ അംഗങ്ങൾ ഇവിടെ തമ്പടിച്ചു ജീവിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ. ഇവർ ആ വീട്ടിൽ നിന്നു ഷൂട്ട് ചെയ്ത ചില വിഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇതിലൊരു വിഡിയോയിൽ പരവതാനി വിരിച്ച നീണ്ട ഇടനാഴിയിലുള്ള ഒരു സോഫയിൽ ഒരു താലിബാൻ അംഗം കിടന്നുറങ്ങുന്നതും സമീപത്തായി അയാളുടെ എകെ 47 തോക്ക് ചാരിവച്ചിരിക്കുന്നതും കാണാം. അതിനു മുകളിൽ ഏഴു ഫിഷ്ടാങ്കുകളിൽ അപൂർവയിനം മത്സ്യങ്ങളെയും കാണാം. വിസ്താരമുള്ള ഹാളുകളുടെ മുകൾഭിത്തിയിൽ നിന്നു തൂങ്ങിക്കിടക്കുന്ന വൻ വില വരുന്ന തൂക്കുവിളക്കുകൾ, അത്യാഡംബരപൂർണമായ സോഫകൾ, വിലപിടിപ്പുള്ള ടൈൽസ് പതിപ്പിച്ച ഇൻഡോർ സ്വിമ്മിങ് പൂളുകൾ തുടങ്ങിയവയും ഈ വീട്ടിലുണ്ടെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. 

സ്റ്റീംബാത്ത് സൗകര്യമുള്ള സോന റൂമുകളും ജിമ്മുകളുമൊക്കെ ഇവിടുണ്ട്. ഇതൊക്കെ താലിബാൻ അംഗങ്ങൾ ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അഫ്ഗാനിൽ അവർ ആധിപത്യം സ്ഥാപിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. മലകളിലും, അഫ്ഗാനിലെ വിദൂര താഴ്‌വരകളിലുമായി കഴിഞ്ഞിരുന്ന താലിബാൻ അംഗങ്ങളെ ദോസ്തമിന്റെ വീട് അമ്പരപ്പിച്ചു കളഞ്ഞെന്നും എഎഫ്പി പറയുന്നു.

 

കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ച ശേഷം താലിബാന്റെ ഉന്നത കമാൻഡറായ ഖാരി സലാഹുദീൻ അയൂബിയാണ് 150 താലിബാൻകാരെ ഇവിടെ താമസിപ്പിച്ചത്. എന്നാൽ തന്റെ കീഴിലുള്ള താലിബാൻകാർ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ആഡംബരപൂർണമായ ജീവിതം നയിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടുണ്ടെന്ന് അയൂബി പറയുന്നു.

 

സഖ്യങ്ങളിൽ ഉറച്ചുനിൽക്കാതെ സ്റ്റാൻഡ് മാറുന്നതിൽ കുപ്രസിദ്ധിയുള്ള ദോസ്തം നാലുപതിറ്റാണ്ടായി അഫ്ഗാൻ രാഷ്ട്രീയത്തിലെ സ്ഥിരം മുഖമാണ്. 1992ൽ ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് നജീബുല്ലയെ എയർപോർട്ടിൽ കയറുന്നതിൽ നിന്നു വിലക്കിയത് ദോസ്തമാണ്. അതുവരെ നജീബുല്ലയുടെ സഖ്യകക്ഷിയായിരുന്ന ദോസ്തം പൊടുന്നനെ അഹമ്മദ് ഷാ മസൂദിന്റെ ചേരിയിലേക്കു മാറിയതായിരുന്നു കാരണം. പിൽക്കാലത്ത് മസൂദ് കാബൂൾ വിട്ടുപോകുകയും ഭരണം താലിബാൻ പിടിച്ചടക്കുകയും ചെയ്തു. നജീബുല്ലയെ താലിബാൻ വിളക്കുകാലിൽ കെട്ടിത്തൂക്കി കൊന്നു.

 

പ്രശസ്തമായ ‘ബാറ്റിൽ ഓഫ് കാബൂൾ’ അടക്കം ഒരുപാടു യുദ്ധങ്ങൾ കണ്ട ദോസ്തത്തിന് ഇപ്പോൾ 67 വയസ്സാണ്. നിരവധി രോഗങ്ങൾ അലട്ടുന്നതിനാൽ തുർക്കിയിൽ ഇടയ്ക്കിടെ ചികിത്സയ്ക്കും പോകണം. ഇക്കാരണങ്ങളാലാകും ഇനിയൊരു പോരാട്ടം ഒഴിവാക്കി ഉസ്ബെക്കിസ്ഥാനിലേക്ക് ദോസ്തം പലായനം ചെയ്തെന്നാണ് പറയപ്പെടുന്നത്. 

താലിബാൻ വരുന്നതിനു മുൻപുള്ള യുദ്ധപ്രഭുക്കളുടെ കാലഘട്ടത്തിൽ, ദോസ്തത്തിന്റെ പ്രധാന പ്രതിയോഗികളിലൊരാളായിരുന്ന മുഹമ്മദ് അറ്റാ നൂറും ഉസ്ബെക്കിസ്ഥാനിലേക്കു പോയിട്ടുണ്ട്.

 

English Summary: Taliban make themselves at home in former Afghan Vice President Dostum's mansion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT