ADVERTISEMENT

പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി അമേരിക്ക നടത്തിയ 'ഭീകരവാദത്തിനെതിരായ യുദ്ധ'ത്തിനിടെ നടത്തിയ ഡ്രോണ്‍- വ്യോമാക്രമണങ്ങളില്‍ മാത്രം ഇതുവരെ 48,000ത്തോളം സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 2001 സെപ്റ്റംബര്‍ 11ന് ശേഷം അമേരിക്ക ആഗോള തലത്തില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ മാത്രം കണക്കാണ് ഇപ്പോള്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക ഏജന്‍സിയായ എയര്‍വാര്‍സ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്ക തന്നെ പലപ്പോഴായി പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കുകൂട്ടല്‍ എയര്‍വാര്‍സ് നടത്തുന്നത്.

 

2001നു ശേഷം ഏതാണ്ട് ഒരു ലക്ഷം വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അമേരിക്കന്‍ സൈന്യം തന്നെ അവകാശപ്പെടുന്നുണ്ട്. ഭീകരര്‍ക്കെതിരായ യുദ്ധത്തില്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, സൊമാലിയ, ലിബിയ, യമന്‍, പാക്കിസ്ഥാന്‍ തുടങ്ങി രാജ്യങ്ങളില്‍ ഏതാണ്ട് 22,679 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അമേരിക്കന്‍ സൈന്യത്തിന്റെ കണക്കുകകള്‍ പറയുന്നുണ്ട്. ഇത് പരമാവധി 48,308 വരെ ആകാമെന്നാണ് എയര്‍വാര്‍സ് ചൂണ്ടിക്കാണിക്കുന്നത്. 

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കുറഞ്ഞത് 93,527 വ്യോമാക്രമണങ്ങള്‍ അമേരിക്ക നടത്തിയിട്ടുണ്ട്. 2003ലെ ഇറാഖ് അധിനിവേശ കാലത്തായിരുന്നു ഇത് മൂര്‍ധന്യത്തിലെത്തിയത്. ഇക്കാലത്ത് മാത്രം 18,695 വ്യോമാക്രമണങ്ങളാണ് ഇറാഖിനെതിരെ അമേരിക്ക നടത്തിയത്. അമേരിക്ക നേരിട്ട് നടത്തിയ വ്യോമാക്രമണങ്ങളുടെ കണക്കുകള്‍ മാത്രമാണ് എയര്‍വാര്‍സ് ശേഖരിച്ചതെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ സഖ്യ രാജ്യങ്ങളുടെ ആക്രമണങ്ങളുടെ കണക്കുകകള്‍ ഇതിലില്ല. 

US-73697280

 

'തുടര്‍ യുദ്ധം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ അമേരിക്കയുടെ പല രാജ്യങ്ങളായുള്ള അധിനിവേശങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് എയര്‍വാര്‍സ് തിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ (2001-2021) ഇറാഖ് (2003-2009) അധിനിവേശങ്ങളാണ് ഇതില്‍ ആദ്യത്തേത്. ഇറാഖില്‍ (2014-2021) ഐഎസിനെതിരെ ബോംബാക്രമണങ്ങളും സിറിയ (2014-2021), ലിബിയ (2016) എന്നിവിടങ്ങളില്‍ നടത്തിയ ഡ്രോണ്‍- വ്യോമ ആക്രമണങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്. സൊമാലിയയിലേയും (2007-2021) യെമനിലേയും(2002-2021) പാക്കിസ്ഥാനിലേയും (2004-2018) ലിബിയയിലേയും (2014-2019) ഭീകര സംഘടനകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളാണ് മൂന്നാം ഘട്ടമായി കണക്കാക്കുന്നത്. 

 

കുറഞ്ഞത് 5,529 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായ 2003 ആയിരുന്നു ഇതിനിടയിലെ ഏറ്റവും രക്തരൂഷിതമായ വര്‍ഷം. ഇറാഖ് അധിനിവേശമായിരുന്നു ഇതിന്റെ പ്രധാന കാരണം. 4,931 മരണവുമായി 2017 പിന്നാലെയുണ്ട്. ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളാണ് ഈ മരണങ്ങള്‍ക്ക് കാരണമായത്. സാധ്യതയുള്ള മരണങ്ങളുടെ പട്ടികയെടുത്താല്‍ 2017 ആകും ഏറ്റവും കൂടുതല്‍ മരണം കണ്ട വര്‍ഷം. ഏതാണ്ട് 19,623 സാധാരണക്കാര്‍ അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ കൊല്ലപ്പെട്ടതായി ആശങ്കയുണ്ട്. പ്രധാനമായും ഇറാഖിലെ ഡാഷില്‍ ഐഎസിനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണമാണ് മരണസംഖ്യ കുതിച്ചുയര്‍ത്തുന്നത്. അമേരിക്കയുടെ ഭീകരര്‍ക്കെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ 97 ശതമാനവും അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

 

ബ്രൗണ്‍ സര്‍വകലാശാലയുടെ കോസ്റ്റ് ഓഫ് വാര്‍ പ്രോജക്ടിന്റെ കണക്കുകൂട്ടല്‍ പ്രകാരം അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഭീകരതക്കെതിരായ യുദ്ധത്തില്‍ 3.87 ലക്ഷം സാധാരണ പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതു കൂടാതെ വിവിധ രാജ്യങ്ങളിലെ സൈനിക, പൊലീസ് സേനകളിലുള്ള 2.07 ലക്ഷം പേര്‍ക്കും 3.01 ലക്ഷം എതിരാളികള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. അമേരിക്കയിലേയും സഖ്യരാജ്യങ്ങളിലേയും ജീവന്‍ നഷ്ടമായ സൈനികരുടേയും കരാറുകാരുടേയും എണ്ണം 15000ത്തിലേറെ വരും. അമേരിക്കയുടെ ആഗോള ഭീകര വിരുദ്ധ യുദ്ധത്തില്‍ 8.97 ലക്ഷത്തിനും 9.29 ലക്ഷത്തിനും ഇടക്ക് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന ഈ യുദ്ധത്തിനായി ഏതാണ്ട് എട്ട് ട്രില്യണ്‍ ഡോളറാണ് (ഏകദേശം 5,89,55,320 കോടി രൂപ) ചെലവ് വന്നത്. 

 

English Summary: US air strikes potentially killed 48,000 civilians since 9/11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT