ADVERTISEMENT

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷമായി നടന്നുവന്ന യുദ്ധത്തിന്റെ അന്തിമ വിജയി ചൈനയായിരിക്കുമെന്നു വിലയിരുത്തല്‍. അമേരിക്ക ഉപേക്ഷിച്ചു പോയ വിമാനങ്ങളും, കവചിത വാഹനങ്ങളും, ചൈനയുടെ പിന്തുണ നേടിയ താലിബാന്‍ ബെയ്ജിങ്ങിനു കൈമാറിയേക്കും, അതുവഴി അമേരിക്കയുടെ പല യുദ്ധതന്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചൈനയ്ക്കു ലഭിച്ചേക്കുമെന്നും ഡിഫന്‍സ്‌വണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവയില്‍ അമേരിക്ക ഉള്‍ക്കൊള്ളിച്ചിരിക്കുന്ന യുദ്ധ സാങ്കേതികവിദ്യയെക്കുറിച്ച് വ്യക്തമായി പഠിക്കാനുള്ള അവസരമാണ് ചൈനയ്ക്ക് കൈവന്നിരിക്കുന്നത്. ഈ അപ്രതീക്ഷിത സൗഭാഗ്യം മുതലാക്കി ചൈനീസ് സൈന്യം പുതിയ തലമുറയിലെ ആയുധങ്ങള്‍ നിര്‍മിക്കുകയും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കു വില്‍ക്കുകയും ചെയ്‌തേക്കും.

പുതിയ തലമുറയിലെ അമേരിക്കന്‍ ആയുധങ്ങളുടെ ശക്തിക്കൊപ്പം ദൗര്‍ബല്യങ്ങളെക്കുറിച്ചും ചൈനയ്ക്ക് പഠിക്കാനാകുമെന്ന് പല വിദഗ്ധരും വിധിയെഴുതുന്നു. അമേരിക്ക ഉപേക്ഷിച്ച ഉപകരണങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ താലിബാന്റെ അധീനതയിലാണ്. അവരാകട്ടെ ചൈനയോട് കൂറുപുലര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പലരും ശ്രദ്ധിക്കുന്നത് താലിബാന്‍ സ്വന്തം വ്യോമസേന ഉണ്ടാക്കിയേക്കുമെന്ന വാദത്തിലാണ്. എന്നാല്‍ പ്രാധാന്യം അതിനല്ല ലഭിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. അഫ്ഗാനിലെ വിമാനത്താവളങ്ങളിലും റോഡിലും മറ്റുമായി അമേരിക്ക ഉപേക്ഷിച്ചു പോയ യന്ത്രസാമഗ്രികളിലെ പ്രതിരോധ സിസ്റ്റങ്ങള്‍ മിക്കതും പഴഞ്ചനാണ്. എന്നാൽ ഇവയ്ക്ക് പിന്നിൽ ഇപ്പോൾ രഹസ്യാത്മകതയുടെ ഒരു തലമുണ്ട്. ഒരിക്കല്‍ ആ തലം ഭേദിച്ചു കഴിഞ്ഞാല്‍ അതും സൈബര്‍ ആയുധ നിര്‍മാണത്തിന് ഉപകരിക്കുമെന്ന് ഷിഫ്റ്റ്5 എന്ന സൈബര്‍ സുരക്ഷാ കമ്പനിയുടെ മേധാവിയായ ജോഷ് ലോസ്പിനോസോ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ കൊണ്ടുവന്നിരിക്കുന്ന റേഡിയോകളുടെയും ചെറിയ കംപ്യൂട്ടറുകളുടെയും മറ്റ് ഐടി സജ്ജീകരണങ്ങളുടെയും ഭേദ്യതയെക്കുറിച്ച് പത്ത് വര്‍ഷമെങ്കിലും പഠിച്ച വിദഗ്ധനായ ജോഷ് ഉദാഹരണമായി പറഞ്ഞത് താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാന്‍ എയര്‍ഫോഴ്‌സിന്റെ സി-130 ഗതാഗത വിമാനത്തിന്റെ കാര്യമാണ്. പെന്റഗണ്‍ പറയുന്നത് ഇത് പ്രവര്‍ത്തനക്ഷമമല്ലാതാക്കി എന്നാണ്. അതേസമയം, ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനങ്ങള്‍ അല്‍പമെങ്കിലും അവശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ സമയവും ഇച്ഛാശക്തിയുമുള്ള എതിരാളികള്‍ക്ക് ഇവ ഓരോന്നും വേര്‍തിരിച്ചെടുക്കാനാകും. അവയുടെ ഇലക്ട്രോണിക് ഘടകഭാഗങ്ങള്‍ മുഴുവനായോ, കുറച്ചെങ്കിലുമോ ലഭിച്ചിരിക്കുന്നു. ഇത് നല്ലൊരു പരീക്ഷണശാലയാണ്. ഇത് പുനര്‍നിര്‍മിക്കുകയോ, പരീക്ഷിക്കുകയോ ചെയ്യാം. ഇല്ലാത്ത ഭാഗങ്ങള്‍ ലഭിക്കുന്നതു വരെ അന്വേഷണം തുടരാം.

 

ലഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ മിട്രെ (MITRE)യില്‍ അഞ്ചു വര്‍ഷത്തോളം പ്രവർത്തിച്ചിട്ടുള്ള ജോര്‍ജിയാന ഷിയയും അമേരിക്ക കാണിച്ച മണ്ടത്തരത്തെക്കുറിച്ച് പറയുന്നുണ്ട്. അമേരിക്കയില്‍ നടത്തിവരുന്ന പലതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തുറന്നിടുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിനെക്കുറിച്ചും, രാജ്യം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും, നമ്മള്‍ തയാറാക്കിവച്ചിരിക്കുന്ന രൂപരേഖകളെക്കുറിച്ചും, സംരക്ഷണ സിസ്റ്റങ്ങളെക്കുറിച്ചും അവയ്ക്കുള്ള ന്യൂനതകളെക്കുറിച്ചും അമേരിക്കയ്ക്കു പോലും അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചേക്കും. അഫ്ഗാനിൽ ഉപേക്ഷിച്ച ഹംവീ (Humvee) വാഹനത്തെ ഒരിടത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് ആളുകളെ എത്തിക്കാനുള്ള സംവിധാനമായി മാത്രം കാണരുത്. ഒരു ഹംവീയില്‍ നിറയെ റേഡിയോകളും സാങ്കേതികവിദ്യയും ക്രിപ്‌റ്റോ സിസ്റ്റങ്ങളും അടക്കമുളള കാര്യങ്ങളുണ്ട്. ഇവ ശത്രുവിന്റെ കയ്യില്‍ എത്തിച്ചേരാന്‍ നാം ആഗ്രഹിക്കുന്നില്ലെന്നും ജോര്‍ജിയാന പറയുന്നു.

 

അവയേക്കാളേറെ പ്രാധാന്യമുള്ളതാണ് ഇസിഎം ( ഇലക്ട്രോണിക് കൗണ്ടര്‍മെഷേഴ്‌സ് ഗിയര്‍). ഇവ ഉപയോഗിച്ചാണ് കുഴി ബോംബുകള്‍ പോലെയുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നത്. ഇസിഎമ്മുകള്‍ വികസിപ്പിച്ചെടുക്കാന്‍ നടത്തിയ ഗവേഷണത്തെക്കുറിച്ചാണ് അമേരിക്കയുടെ നാഷണല്‍ സൈബര്‍ റെയ്ഞ്ചിന്റെ മുന്‍ ഡയറക്ടറായിരുന്ന പീറ്റര്‍ ക്രിസ്റ്റന്‍സണും പറയാനുള്ളത്. ഇപ്പോള്‍ നമ്മുടെ എതിരാളികളുടെ കയ്യിലാണ് അവയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആ സിസ്റ്റത്തിലുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ഇനി അവര്‍ പരിശോധിക്കും. അവയുടെ പ്രവര്‍ത്തത്തെ പരാജയപ്പെടുത്താനോ, മറികടക്കാനുള്ള മാര്‍ഗങ്ങളും എതിരാളികള്‍ ആരായുമെന്നും അദ്ദേഹം പറയുന്നു. 

 

ഉപേക്ഷിച്ച പ്രതിരോധ ഉപകരണങ്ങളെക്കുറിച്ച് അമേരിക്ക പറയുന്നത് അവയെ സൈനികമായി ഉപയോഗിക്കാനുള്ള ശേഷികള്‍ നിര്‍വീര്യമാക്കി എന്നാണ്. അവയെ പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമല്ലാതാക്കി എന്നും പറയുന്നു. പക്ഷേ അവയ്ക്കും രഹസ്യങ്ങള്‍ വെളിപ്പെടുത്താനാകുമെന്ന് ജോര്‍ജിയാന പറയുന്നു. ഇവ വികസിപ്പിച്ചെടുത്തപ്പോൾ അവയെ നാം സുരക്ഷാ സൈനികരുടെ സംരക്ഷണത്തില്‍ സൂക്ഷിക്കാമെന്നു കരുതിയാണ് നിര്‍മിച്ചത്. ഒരു ഗവേഷകനും ഇവ ചൈനീസ് ലാബിലെത്തിച്ച് ഇഴകീറി പരിശോധിച്ചേക്കുമെന്നു മുന്നില്‍കണ്ടു നിര്‍മിച്ചതല്ലെന്നും ജോര്‍ജിയാന പറയുന്നു. ഒരു ഉപകരണം അതേപടി ലഭിച്ചാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുക എളുപ്പമായിരിക്കും. എല്ലാ ഉപകരണങ്ങള്‍ക്കും ഭേദ്യത ഉണ്ടെന്നും ജോര്‍ജിയാന പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ ‘ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫിസ് 2017’ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.

 

ഇത്തരം ഉപകരണങ്ങള്‍ സൂക്ഷ്മമായി പഠിക്കുക വഴി അമേരിക്കയുടെ സൈനിക തന്ത്രങ്ങളെക്കുറിച്ചും മറ്റും ചൈനയ്ക്ക് മനസ്സിലാക്കാനാകും. അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ച വാഹനങ്ങളും സജ്ജീകരണങ്ങളും അമേരിക്കന്‍ സിസ്റ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ ചൈനയെ സഹായിക്കുമെന്നാണ് മറ്റു വിദഗ്ധരും കരുതുന്നത്. എന്തു സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്, അതിനു വരുന്ന ചെലവി എത്രയാണ്, അതിന് എന്തു ചെയ്യാന്‍ സാധിക്കും തുടങ്ങി കാര്യങ്ങള്‍ വിലയിരുത്താന്‍ സാധിക്കും. ഇതുപയോഗിച്ച് ചൈനയ്ക്ക് സ്വന്തം ആയുധങ്ങള്‍ നിര്‍മിക്കാനും തന്ത്രങ്ങള്‍ മെനയാനും സാധിക്കും. ചൈന അഫ്ഗാനിസ്ഥാന് ദശലക്ഷക്കണക്കിനു ഡോളര്‍ സഹായവും നല്‍കി തുടങ്ങി. ഉപകരണങ്ങളില്‍ ചൈന കണ്ടെത്താന്‍ പോകുന്ന ന്യൂനതകള്‍ വര്‍ഷങ്ങളോളം അമേരിക്കന്‍ സൈന്യത്തെ വേട്ടയാടിയേക്കുമെന്നും വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

 

English Summary: American equipment left in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT