sections
MORE

മിനിറ്റിൽ 600 വെടിയുണ്ടകൾ! ഫക്രിസാദെയെ വധിച്ചത് മൊസാദിന്റെ റോബോട്ട് മെഷീൻ ഗൺ

machine-gun
Photo: Wikimedia
SHARE

ഇറാന്റെ ആണവപദ്ധതിയുടെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞൻ കഴിഞ്ഞ വർഷം നവംബർ 27നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം നടന്നിട്ട് ഒരു വർഷമാകാൻ പോകുമ്പോഴും അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരു രാജ്യവും സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തില്ല. എന്നാൽ, ഇതിന് പിന്നിൽ ഇസ്രയേൽ ആണെന്ന്് മുൻ മൊസാദ് തലവൻ യോസി കോഹൻ സൂചന നൽകിയിരുന്നു.

ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിൻ ഫക്രിസാദെയെ റോബോട്ട് മെഷീൻ ഗൺ ഉപയോഗിച്ച് വധിച്ചു എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ, നിരവധി ക്യാമറകളുള്ള അത്യാധുനിക ആയുധമാണിത്. ഒരു മിനിറ്റിൽ 600 വെടിയുണ്ടകൾ പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ഈ റോബോട്ട് മെഷീൻ ഗൺ എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Fakhrizadeh-attack

ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ ദൂരെയുള്ള അജ്ഞാത സ്ഥലത്ത് നിന്നാണ് ശാസ്ത്രജ്ഞനെ വധിക്കാനുള്ള നീക്കം നടത്തിയത്. ക്യാമറ ഘടിപ്പിച്ച പിക്കപ്പ് ട്രക്കിലെ മെഷീൻ ഗണ്ണിൽ നിന്നാണ് വെടിയുണ്ടകൾ തൊടുത്തത്. അദ്ദേഹത്തിന്റെ കാർ പോകുന്ന വഴിയിൽ തന്നെ സംവിധാനങ്ങൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, കൊലപാതകത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ നേരത്തെ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത റോബോട്ട് ഗൺ ഉപയോഗിച്ചതായാണ് എൻവൈടി അവകാശപ്പെടുന്നത്. സംഭവസ്ഥലത്തു നിന്നു ഫക്രിസാദെയുടെ ചിത്രങ്ങൾ സ്നൈപ്പർക്ക് ലഭിച്ചതും ആ നിമിഷം മെഷീൻ ഗണ്ണിൽ നിന്ന്  വെടിയുണ്ടകൾക്ക് ലക്ഷ്യത്തിലേക്കു കുതിക്കാനും വേണ്ടിവന്നത് കേവലം 1.6 സെക്കൻഡ് സമയമാണ്. ഫക്രിസാദെയുടെ വാഹനത്തിന്റെ ചലനത്തിനു അനുസരിച്ച് റോബൊട്ട് ഗണ്ണിനെ സജ്ജമാക്കാനാണ് നിർമിത ബുദ്ധിയുടെ സഹായം തേടിയത്. ഫക്രിസാദെയെ കൃത്യമായി മാപ്പിങ് ചെയ്യാനാണ് എഐ ഉപയോഗിച്ചത്. ഇതിനാലാണ് സമീപത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ പോലും പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

Mohsen-Fakhrizadeh-death-site-Iran

ഫക്രിസാദെ പോകുന്ന റൂട്ടിൽ മറ്റൊരു നിരീക്ഷണ കാർ നേരത്തേ തന്നെ നിർത്തിയിരുന്നു. ഈ വാഹനത്തിലെ ക്യാമറകൾ ഫക്രിസാദെയെ തിരിച്ചറിഞ്ഞു. വാഹനത്തിനകത്ത്, ഭാര്യയുടെ അരികിലുള്ള ഡ്രൈവർ സീറ്റിൽ അയാളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തി, ഈ വിവരങ്ങൾ ഓപ്പറേറ്റർക്ക് തിരികെ കൈമാറി. ആദ്യ ഷോട്ട് വെടിവെച്ച് ഒരു മിനിറ്റിനുള്ളിൽ കൊലപാതകം പൂർത്തിയായി. ശാസ്ത്രജ്ഞനു നേരെ 15 റൗണ്ട് വെടിയുതിർത്തു.

വർഷങ്ങളുടെ ആസൂത്രണത്തിനു ശേഷമായിരുന്നു ഈ ദൗത്യം നടപ്പിലാക്കിയത്. കൃത്യം നടപ്പിലാക്കിയതിനു ശേഷം മെഷീൻ ഗണ്ണും ഉപയോഗിച്ച വാഹനവും സ്ഫോടനത്തിൽ തകർത്തു. ഒരു ടൺ ഭാരമുള്ള മെഷീൻ ഗൺ വിവിധ ഭാഗങ്ങളായാണ് സംഭവസ്ഥലത്തെത്തിച്ചത്.

English Summary: The scientist and the AI-assisted, remote-control killing machine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA