ADVERTISEMENT

മുതിർന്ന അൽ ഖായിദ നേതാവ് സലിം അബു അഹമ്മദിനെ വധിച്ചതായി യുഎസ് പ്രതിരോധവൃത്തമായ പെന്റഗൺ അറിയിച്ചു. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണു സലിം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പൊതുജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും പെന്റഗൺ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്‌ലിബിലെ റോഡിലൂടെ സലിം സഞ്ചരിച്ച വാഹനം ഡ്രോൺ ഉപയോഗിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിൽ തകർന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. സിറിയയിലെ അൽ ഖായിദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ ഭീകര നേതാവാണു സലിം അബു അഹമ്മദ്. പലപ്പോഴും ആക്രമണങ്ങൾക്ക് ഫണ്ട് ഒരുക്കുന്നതും ഇയാളാണ്. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഭീകരരെ അമർച്ച ചെയ്യാനായി ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കാനുള്ള യുഎസ് സൈന്യത്തിന്റെ പദ്ധതി ശക്തമാണെന്നു സൂചിപ്പിക്കുന്നതാണു പുതിയ സംഭവം. ഇദ്‌ലിബിൽ നേരത്തെ മുതൽ തന്നെ ആക്രമണങ്ങൾക്കായി ഡ്രോണുകൾ യുഎസ് സൈന്യം ഉപയോഗിക്കുന്നുണ്ട്.

സിറിയയിൽ വിമത പ്രദേശങ്ങളായ ഇദ്‌ലിബിലും അലെപ്പോയിലും അൽ ഖായിദയുടെയും അനുബന്ധ സംഘടനയായ ഹയാറ്റ് തഹ്‌രീർ അൽ ഷാമിന്റെയും സാന്നിധ്യം ശക്തമാണ്. 40 ലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നു. തുടർച്ചയായി നടക്കുന്ന സംഘട്ടനങ്ങളും പ്രക്ഷോഭങ്ങളും മൂലം ഇവരിൽ പലരും കുടിയൊഴിഞ്ഞു പോകുന്നുണ്ട്. സിറിയൻ സർക്കാർ സേന, യുഎസ്, റഷ്യ, രാജ്യാന്തര സഖ്യസേനകൾ തുടങ്ങിയവർ ഒരുമിച്ചാണ് ഭീകരർക്കെതിരെ ഇവിടെ പോരാടുന്നത്.

∙ ഓവർ ദ ഹൊറൈസൺ പൊളിയുമോ?

സിറിയയിലേതു പോലുള്ള ആക്രമണങ്ങൾ അഫ്ഗാനിലും ഭാവിയിൽ നടത്താൻ യുഎസിനു പദ്ധതിയുണ്ട്. അഫ്ഗാനിസ്ഥാൻ വിട്ടെങ്കിലും യുഎസ് വ്യോമ, ഡ്രോൺ സ്ട്രൈക്കുകളിലൂടെ അൽ ഖായിദ, ഐഎസ് ഭീകരരെ രാജ്യത്ത് അമർച്ച ചെയ്യാനുള്ള ശ്രമങ്ങൾ തുടരുമെന്ന് നേരത്തെ പെന്റഗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഓവർ ദ ഹൊറൈസൺ സ്ട്രാറ്റജി എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്. എന്നാൽ ഈ സൈനിക പദ്ധതിക്ക് വിമർശനങ്ങളും ഒരുപാടുപേർ ഉയർത്തുന്നുണ്ട്. മറ്റു രാജ്യങ്ങളാൽ ചുറ്റപ്പെട്ട അഫ്ഗാനിൽ നിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയാണ് ഏറ്റവുമടുത്ത യുഎസ് വ്യോമത്താവളം. ബേസുകളുടെ അടുത്തായി യുദ്ധസ്ഥലം കിടക്കുമ്പോഴാണ് ഓവർ ദ ഹൊറൈസൺ രീതിയിലുള്ള ആക്രമണങ്ങൾ വിജയിക്കുന്നതെന്ന് യുഎസ് നേവൽ വാർ കോളജ് പ്രഫസറായ ജെയിംസ് ഹോംസ് പറയുന്നു. കടലിൽ നിന്ന് ആക്രമിക്കാനാണെങ്കിൽ ഒരുപാട് ഇന്ധനം ചെലവാകും. ഏതു രീതിയിൽ നോക്കിയാലും യുഎസിന്റെ ഈ ആക്രമണപദ്ധതി അഫ്ഗാനിൽ വിജയിക്കാൻ സാധ്യതയില്ലെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

English Summary: US kills senior al-Qaeda leader in Syria drone strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT