ചൈനയ്ക്കും റഷ്യയ്ക്കും മുന്നറിയിപ്പ്! പുതിയ ഹൈപ്പര്‍സോണിക് ആയുധം പുറത്തെടുത്ത് അമേരിക്ക

hypersonic-missile-concept
Photo: Raytheon Technologies
SHARE

ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് ആയുധം അവതരിപ്പിച്ച് അമേരിക്കന്‍ സൈന്യം. 2013 മുതല്‍ നിലവിലുള്ള ഹൈപ്പര്‍സോണിക് എയര്‍ ബ്രീത്തിങ് വെപ്പണ്‍ കണ്‍സെപ്റ്റ് (HAWC) ആണ് അമേരിക്ക വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. നോര്‍ത്രോപ് ഗ്രുമ്മന്‍ നിര്‍മിച്ച സ്‌ക്രാംജെറ്റ് എൻജിനാണ് ഈ ഹൈപ്പര്‍സോണിക് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത് അമേരിക്കയുടെ പ്രധാന എതിരാളികളായ ചൈനയ്ക്കും റഷ്യയ്ക്കും ഒരു മുന്നറിയിപ്പ് കൂടിയാണ്.

അകത്തേക്ക് എത്തുന്ന വായുവിനെ ഞെരുക്കി ഹൈഡ്രോകാര്‍ബണ്‍ ഇന്ധനവുമായി ചേര്‍ത്ത് അതിവേഗത്തില്‍ പുറംതള്ളിയാണ് മിസൈല്‍ മുന്നോട്ടു കുതിക്കുന്നത്. സെക്കൻഡില്‍ 1,700 മീറ്റര്‍ അഥവാ ശബ്ദവേഗത്തിന്റെ അഞ്ചിരട്ടിയാണ് മിസൈലിന്റെ വേഗം. അമേരിക്കക്ക് പുറമേ റഷ്യയും ചൈനയുമാണ് ലോകരാജ്യങ്ങളില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയില്‍ മുന്നിലുള്ളത്. ഹൈപ്പര്‍സോണിക് മിസൈലുകളുടെ കാര്യത്തില്‍ അമേരിക്കയേക്കാള്‍ മുന്നിലാണ് റഷ്യയും ചൈനയുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ മിസൈലുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. 

കാണാനാവാത്ത ഹൈപ്പര്‍സോണിക് മിസൈല്‍ എന്ന വിശേഷണമുള്ള സാറ്റന്‍ 2 കഴിഞ്ഞ മേയില്‍ റഷ്യ പരീക്ഷിച്ചിരുന്നു. ഇംഗ്ലണ്ടിനോളം വലുപ്പമുള്ള ഭൂപ്രദേശത്തെ നിമിഷനേരം കൊണ്ട് ആക്രമിക്കാന്‍ ഈ റഷ്യന്‍ മിസൈലിന് സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇതു കഴിഞ്ഞ് രണ്ട് മാസത്തിനു ശേഷം റഷ്യ പരീക്ഷിച്ച സിര്‍കോണ്‍ മിസൈലിനെ അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കണ്ടെത്താനാവാത്തത് എന്നാണ് വ്ളാഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. ഹൈപ്പര്‍സോണിക് ആണവ മിസൈലുകളുടേയും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടേയും കാര്യത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ചൈനീസ് അവകാശവാദം.

2019 ഒക്ടോബര്‍ ഒന്നിന് ചൈനയുടെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള സൈനിക പരേഡില്‍ അവതരിപ്പിച്ച ഡിഎഫ് 17 എന്ന അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ അവതരിപ്പിച്ചിരുന്നു. 2,500 കിലോമീറ്റര്‍ പരിധിയുള്ള ഈ മിസൈലിന്റെ പരമാവധി വേഗം മണിക്കൂറില്‍ 12,360 കിലോമീറ്ററാണ്. ആണവായുധവും വഹിച്ചുകൊണ്ട് ശബ്ദത്തിന്റെ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ ചൈനീസ് മിസൈലിന് ശേഷിയുണ്ട്. പരിധിയില്‍പെടുന്ന വിമാന വാഹിനിക്കപ്പലുകളെ പൂര്‍ണമായും നശിപ്പിക്കാന്‍ ഈ ആയുധത്തിന് സാധിക്കും. ഹൈപ്പര്‍സോണിക് മിസൈലുകളില്‍ ഭാവിയുടെ സാങ്കേതിക വിദ്യ എന്നറിയപ്പെടുന്ന സ്‌ക്രാംജെറ്റ് എൻജിനുകള്‍ അവതരിപ്പിച്ച് റഷ്യക്കും ചൈനക്കും മറുപടി നല്‍കിയിരിക്കുകയാണ് അമേരിക്ക.

English Summary: US successfully flight tests scramjet-powered hypersonic missile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA