ADVERTISEMENT

യുഎസിന്റെ അധീനതയിലായിരുന്ന അഫ്ഗാനിസ്ഥാനിലെ ബാഗ്രാം എയർബേസിൽ ചൈനീസ് പട്ടാളമിറങ്ങിയെന്നു ശക്തമായ അഭ്യൂഹം. ഇതിനിടെ, ഈ വാർത്തകൾ താലിബാൻ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിലെ ഏറ്റവും തന്ത്രപ്രധാന വ്യോമത്താവളമായിരുന്ന ബാഗ്രാമിലെ വിദ്യുത്ഛക്തി വിച്ഛേദിച്ച് ജനറേറ്ററുകൾ പ്രവർത്തനരഹിതമാക്കിയതിനു ശേഷമായിരുന്നു യുഎസ് സൈന്യം രാജ്യം വിട്ടത്. യുഎസിന്റെ പിന്മാറ്റത്തെത്തുടർന്ന് വ്യോമത്താവളം രണ്ടു മാസമായി ഇരുട്ടുമൂടിയ നിലയിലായിരുന്നു. എന്നാൽ രണ്ട് ദിവസം മുൻപ് ബാഗ്രാമിൽ ലൈറ്റുകൾ തെളിഞ്ഞതും വിമാനത്തിന്റെയും മറ്റും ശബ്ദം കേട്ടെന്നുമുള്ള പ്രദേശവാസികളുടെ സാക്ഷ്യപ്പെടുത്തലുകളുമാണ് ചൈനീസ് വ്യോമസേന ഇവിടെ വന്നിരിക്കാമെന്നുള്ള അഭ്യൂഹത്തിനു തിരി തെളിച്ചത്. ഏതോ വിദേശ സൈന്യത്തിന്റെ സാന്നിധ്യം അവിടെയുണ്ടെന്നും ചൈനയായിരിക്കാമെന്ന സാധ്യതകൾക്കാണു മുൻതൂക്കമെന്നും റഷ്യ ടുഡേ പോലെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇതിനു ശക്തി പകർന്നു.

 

എന്നാൽ താലിബാൻ ഈ വാർത്തകൾ പാടെ നിഷേധിച്ചു. അഫ്ഗാനിൽ ഇപ്പോൾ വിദേശ സൈന്യങ്ങളൊന്നും തന്നെയില്ലെന്ന് അവരുടെ കൾച്ചറൽ കമ്മിഷൻ വ്യക്താവായ ഒമർ മൻസൂർ പറഞ്ഞു. വിമാനത്താവളത്തിൽ ലൈറ്റുകൾ തെളിഞ്ഞെന്നതു സത്യമാണെന്നും എന്നാൽ അതു ചൈനയല്ലെന്നും മറിച്ച് താലിബാൻ അംഗങ്ങളാണെന്നും മൻസൂർ പറഞ്ഞു.

 

എന്നാൽ ഡെയിലി മെയിൽ പോലെയുള്ള മാധ്യമങ്ങൾ വ്യോമത്താവളത്തിൽ എത്തിയത് ചൈനയാണെന്ന് ഉറപ്പിച്ചു പറയുന്നു. വ്യോമത്താവളത്തിൽ വിദ്യുച്ഛക്തി തിരികെക്കൊണ്ടുവരാനും വിവിധ എയർക്രാഫ്റ്റുകൾ പറപ്പിക്കാനുമുള്ള ശേഷി തത്കാലം താലിബാൻ കൈവരിച്ചിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. ഒരു മാസം മുൻപ് തന്നെ ചൈന ബാഗ്രാം ലക്ഷ്യമിടുന്നതായുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വ്യാവസായികപരമായും സൈനികമായും നയതന്ത്രപരമായും ബാഗ്രാം വ്യോമത്താവളം തങ്ങൾക്ക് ഏതെല്ലാം തരത്തിൽ ഉപയോഗപ്പെടുമെന്നു ചൈന കണക്കുകൂട്ടുന്നെന്നും അതിനായി പഠനം തുടങ്ങാൻ പോകുകയാണെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളെല്ലാ ചൈന നിഷേധിച്ചെങ്കിലും യുഎസിന്റെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രബലകേന്ദ്രമായ ബാഗ്രാം നേടുക വഴി തങ്ങൾക്ക് യുഎസിന് നല്ലൊരു അടി കൊടുക്കാൻ സാധിക്കുമെന്ന് ചൈന വിശ്വസിക്കുന്നെന്ന് രാജ്യാന്തര വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

 

അഫ്ഗാനിലെ പാർവൻ പ്രവിശ്യയിൽ പൗരാണിക നഗരമായ ബാഗ്രാമിനു സമീപം നിലനിന്നിരുന്ന വ്യോമത്താവളം അഫ്ഗാനിലെ യുഎസിന്റെ ഏറ്റവും വലിയ എയർബേസായിരുന്നു. കാബൂളിൽ നിന്നു 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്ത എയർബേസ് വഴി, പ്രക്ഷുബ്ധമായ അഫ്ഗാൻ- പാക്കിസ്ഥാൻ അതിർത്തിയിലും നിയന്ത്രണം പുലർത്താൻ യുഎസിനു കഴിഞ്ഞിരുന്നു.ഉസാമ ബിൻ ലാദനെ കൊലപ്പെടുത്താൻ വേണ്ടിയുള്ള ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയർ ദൗത്യത്തിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു.

 

വലിയ യുദ്ധവിമാനങ്ങളും കാർഗോകളും കൈകാര്യം ചെയ്യാൻ ശേഷിയുള്ള എയർബേസിന്റെ നിയന്ത്രണം യുഎസ് വ്യോമസേനയുടെ 455ാം എക്‌സ്‌പെഡീഷണറി വിങ്ങാണു കൈയാളിയിരുന്നത്. 1959ൽ ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് യുഎസിന്റെ സഹായത്തോടെയായിരുന്നു ബേസ് നിർമിച്ചത്. അക്കാലത്ത് യുഎസ് പ്രസിഡന്‌റായിരുന്ന ഡൈ്വറ്റ് ഐസനോവർ ബാഗ്രാമിൽ പറന്നിറങ്ങിയിരുന്നു. 1976ലാണ് ബൃഹത്തായ റൺവേ ഇവിടെ പണിയുന്നത്. തുടർന്ന് 4 വർഷത്തോളം ബേസ്, അഫ്ഗാൻ വ്യോമസേനയുടെ നിയന്ത്രണത്തിൽ നിലനിന്നു. പിന്നീട് സോവിയറ്റ് നിയന്ത്രണത്തിലായി.സോവിയറ്റ് യൂണിയൻ പോയ ശേഷം വിവിധ ഗ്രൂപ്പുകൾ എയർബേസ് നിയന്ത്രിച്ചു. 1999ൽ ഈ ബേസിന്റെ നിയന്ത്രണം ഭാഗികമായി താലിബാന്റെയും വടക്കൻ സഖ്യത്തിന്റെയും കൈകളിലായിരുന്നു. 2000ൽ താലിബാൻ പൂർണ നിയന്ത്രണം നേടി. പിന്നീട് യുദ്ധകാലത്ത്, യുഎസ് സേന ബേസ് നിയന്ത്രിക്കുകയും അവിടെ വലിയ വികസനങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു.

 

English Summary: Taliban deny presence of Chinese troops at Bagram Airfield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com