അമേരിക്ക ഉപേക്ഷിച്ച മെഷീൻഗണ്ണും ഗ്രനേഡും അഫ്ഗാൻ കടകളിൽ വിൽപനയ്ക്ക്, പിന്നിൽ സൈനികരും?

weapons-afghan
SHARE

താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ യുഎസ് നിര്‍മിത ആയുധങ്ങളുടെ വില്‍പന പൊടിപൊടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്ട് പതിറ്റാണ്ട് നീണ്ട അഫ്ഗാന്‍ അധിനിവേശത്തിന് ശേഷം അമേരിക്ക പിന്മാറിയത് വന്‍തോതില്‍ ആയുധങ്ങളും വാഹനങ്ങളും മറ്റു സൈനിക ഉപകരണങ്ങളുമൊക്കെ അവിടെ ഉപേക്ഷിച്ചുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുടെ വ്യാപാരം വ്യാപകമായി നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

താലിബാന്‍ അധികാരത്തിലെത്തിയതോടെ അമേരിക്കന്‍ ആയുധങ്ങളുടെ കച്ചവടം വിപുലമായെന്ന് കാണ്ടഹാര്‍ മേഖലയിലെ ആയുധ വ്യാപാരികളെ ഉദ്ധരിച്ച് ഫോബ്‌സ് ഇന്ത്യയാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അമേരിക്കന്‍ നിര്‍മിത തോക്കുകള്‍ക്ക് പുറമേ ഗ്രനേഡ്, ബൈനോക്കുലര്‍, രാത്രി കാഴ്ച നല്‍കുന്ന കണ്ണടകള്‍ എന്നിവയെല്ലാം അഫ്ഗാനിസ്ഥാനിലെ ആയുധവ്യാപാരികളില്‍ സുലഭമാണ്. അഫ്ഗാന്‍ സുരക്ഷാ സേനക്ക് അമേരിക്ക നല്‍കിയവയാണ് അഫ്ഗാന്‍ സൈന്യത്തിന്റെ കീഴടങ്ങലോടെ ഇപ്പോള്‍ ആയുധവ്യാപാരികളുടെ കൈകളിലെത്തിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട അഫ്ഗാന്‍ അധിനിവേശത്തിനായി മാത്രം അമേരിക്കക്ക് ഏതാണ്ട് 6.20 ലക്ഷം കോടി രൂപ ചെലവായെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് വൻ സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്നാണ് നേരത്തെ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

വലിയ തോതില്‍ അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പെന്റഗണ്‍ തന്നെ സമ്മതിച്ചതാണ്. '2005 മുതല്‍ അഫ്ഗാന്‍ ദേശീയ സേനക്ക് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ചെറുകിട തോക്കുകള്‍ മുതല്‍ മെഷീന്‍ഗണ്ണുകള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഇതില്‍ വലിയ ഭാഗം താലിബാന്റെ കൈകളിലെത്തിയെന്നാണ് കരുതപ്പെടുന്നത്' അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. തോക്കുകളേക്കാള്‍ വലിയ ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യം പിന്മാറിയ മുറക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിച്ചെന്നും അഫ്ഗാന്‍ സുരക്ഷാ സേനയുടെ ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമെല്ലാം പ്രവര്‍ത്തനരഹിതമാക്കിയെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും അറിയിച്ചിരുന്നു. 

അതേസമയം, അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുടെ വ്യാപാരം അഫ്ഗാനിസ്ഥാനില്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളയുകയാണ് താലിബാന്‍ ചെയ്തത്. 'ഇവിടെ ആയുധങ്ങള്‍ കച്ചവടം ചെയ്യുന്നുവെന്നത് പൂര്‍ണമായും തെറ്റാണ്. ഞങ്ങളുടെ പോരാളികള്‍ അത്രമേല്‍ ശ്രദ്ധയില്ലാത്തവരല്ല. ഒരു വെടിയുണ്ട പോലും ആര്‍ക്കും വില്‍ക്കാനാവില്ല. അമേരിക്കയുടെ ആയുധങ്ങളെല്ലാം പിടിച്ചെടുത്ത് ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന് ഉപയോഗിക്കാനായി മാറ്റിയിരിക്കുകയാണ്' എന്നായിരുന്നു താലിബാന്‍ വക്താവിന്റെ വിശദീകരണം. 

താലിബാനു കീഴടങ്ങുന്നതിന് മുൻപ് തന്നെ പല അഫ്ഗാനിസ്ഥാന്‍ പൊലീസുകാരും സൈനികരുമെല്ലാം തങ്ങളുടെ ആയുധങ്ങള്‍ വ്യാപാരികള്‍ക്ക് വിറ്റിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ നിര്‍മിത എം9 കൈതോക്കിന് 1200 ഡോളര്‍ വരെ ഇവര്‍ നല്‍കിയിരുന്നു. ഇത് അഫ്ഗാന്‍ സൈനികരുടെ മാസ ശമ്പളത്തേക്കാളും വലിയ തുകയായിരുന്നു. 

അമേരിക്കന്‍ നിര്‍മിത എം4 കാര്‍ബൈനുകള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. പ്രത്യേകിച്ചും ലേസര്‍ ഘടിപ്പിച്ച ഗ്രനേഡ് ലോഞ്ചര്‍ അടക്കമുള്ള എം4 കാര്‍ബൈനുകള്‍ക്ക് 4000 ഡോളര്‍ വരെ ലഭിച്ചു. കലാഷ്‌നികോവ് തോക്കുകള്‍ക്ക് 900 ഡോളറും റഷ്യന്‍ നിര്‍മിത ഗ്രനേഡ് ലോഞ്ചറുകള്‍ക്ക് 1100 ഡോളറും നാറ്റോ അഫ്ഗാന്‍ സൈനികര്‍ക്ക് നല്‍കിയ തോക്കിന് 350 ഡോളറുമാണ് കച്ചവടക്കാര്‍ നല്‍കിയത്. ഭൂരിഭാഗം കൈമാറ്റങ്ങളും പാക്കിസ്ഥാനി റുപ്പീസിലാണ് നടന്നത്. 

ആയുധ വ്യാപാരി എസ്മത്തുള്ള ഏതാണ്ട് എട്ട് മാസങ്ങള്‍ക്ക് മുൻപാണ് കാണ്ടഹാര്‍ പ്രവിശ്യയില്‍ സ്വന്തം കട ആരംഭിച്ചത്. അഫ്ഗാനിസ്ഥാന്‍ സൈനികരേയും പൊലീസുകാരേയും നേരിട്ട് കണ്ട് സംസാരിച്ച് വിലയുറപ്പിച്ച് അവരില്‍ നിന്നും ആയുധങ്ങള്‍ ശേഖരിക്കുകയായിരുന്നു രീതിയെന്നും ഇയാള്‍ പറയുന്നു. അമേരിക്ക എപ്പോള്‍ വേണമെങ്കിലും തങ്ങളെ ഉപേക്ഷിച്ചുപോകുമെന്ന അനിശ്ചിതത്വത്തില്‍ കഴിഞ്ഞിരുന്ന അഫ്ഗാന്‍ സൈനികരും പൊലീസുകാരുമെല്ലാം ആയുധങ്ങള്‍ ഇത്തരം കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു. ഇങ്ങനെ വാങ്ങിയ ആയുധങ്ങള്‍ താലിബാനോ അല്ലെങ്കില്‍ ആവശ്യക്കാരായ മറ്റുള്ളവര്‍ക്കോ ആണ് വിറ്റതെന്നും എസ്മത്തുള്ള പറയുന്നു.

English Summary: For sale now: US-supplied weapons in Afghan gun shops

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA