ADVERTISEMENT

പസിഫിക് സമുദ്രത്തിൽ തെക്കൻ ചൈനാക്കടലിൽ സഞ്ചരിച്ചിരുന്ന യുഎസ് ആണവ മുങ്ങിക്കപ്പൽ അജ്ഞാത വസ്തുവിൽ ഇടിച്ച് തകരാർ സംഭവിച്ചെന്ന് യുഎസ് നാവികസേനയുടെ വെളിപ്പെടുത്തൽ. യുഎസ്എസ് കണക്ടിക്കറ്റ് എന്ന മുങ്ങിക്കപ്പലിനാണു തകരാർ സംഭവിച്ചത്. ഇതിനുള്ളിലുണ്ടായിരുന്ന യുഎസ് നാവികർക്കു ഗുരുതരമല്ലാത്ത പരുക്കുമുണ്ടായിട്ടുണ്ട്. സീവൂൾഫ് ക്ലാസിലുള്ള ഈ മുങ്ങിക്കപ്പലിനെ ഇടിച്ച വസ്തു ഏതെന്നുള്ളത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ചൈനയുടെ ഇടപെടൽ ഇതിനു പിന്നിലുണ്ടോയെന്ന സംശയം രാജ്യാന്തര തലത്തിൽ ശക്തമായി ഉയരുന്നുണ്ട്.

 

മുങ്ങിക്കപ്പലിന്റെ പ്രവർത്തനത്തെ ആഘാതം ബാധിച്ചിട്ടില്ലെന്നും നാവികസേന പറഞ്ഞു. കപ്പൽ ഇപ്പോഴും സുരക്ഷിതമായ സ്ഥിതിയിലാണ്. ആണവ പ്രൊപ്പൽഷൻ സംവിധാനങ്ങൾക്കോ മറ്റു കാതലായ ഭാഗങ്ങൾക്കോ നാശമില്ല. തയ്‌വാന്റെ വ്യോമമേഖലയിലേക്കുള്ള ചൈനീസ് യുദ്ധവിമാനങ്ങളുടെ കടന്നുകയറ്റത്തെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള ആശയവിനിമയം പ്രക്ഷുബ്ദമാകുന്ന സമയത്താണ് ഇതെന്നുള്ളത് രാജ്യാന്തര വിദഗ്ധരുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 150ൽ ഏറെ ചൈനീസ് യുദ്ധവിമാനങ്ങളാണ് തയ്‌വാന്റെ വ്യോമാതിർത്തി കടന്നു പറന്നത്. ചൈന തങ്ങളെ അധീനതയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും തയ്‌വാൻ ആരോപിച്ചിരുന്നു.

 

തെക്കൻ ചൈനാക്കടലിൽ യുഎസ് ഇതിനിടയ്ക്ക് തങ്ങളുടെയും സഖ്യസേനകളുടെയും സാന്നിധ്യം ശക്തമാക്കിയതും ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവരുമായി ‘ഓക്കസ്’ ത്രികക്ഷി സുരക്ഷാമുന്നണി ഉണ്ടാക്കിയതും ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയ്ക്ക് ആണവ മുങ്ങിക്കപ്പലുകൾ നൽകാനെടുത്ത തീരുമാനവും പ്രകോപനപരമായാണ് ചൈന വീക്ഷിച്ചത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ തയ്‌വാനിൽ തങ്ങളുടെ സേനാബലം യുഎസ് കൂട്ടുന്നതും ചൈനയ്ക്കു രുചിക്കുന്നുണ്ടായിരുന്നില്ല.

 

തെക്കൻ ചൈനാക്കടലിൽ തങ്ങളുടെ ശക്തിപ്രകടനങ്ങൾ യുഎസ് പതിവാക്കിയിട്ടുണ്ട്. സഖ്യകക്ഷികളായ ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയസ കാനഡ, നെതർലൻഡ്സ് എന്നിവരുടെ നാവികസേനകളെ പങ്കെടുപ്പിച്ച് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് 21 എന്ന നാവികാഭ്യാസം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണു യുഎസ്എസ് കണക്റ്റിക്കറ്റ്  എത്തിയത്.

 

1998ൽ കമ്മിഷൻ ചെയ്യപ്പെട്ട മുങ്ങിക്കപ്പലായ കണക്റ്റിക്കറ്റിന് 108 മീറ്ററാണ് ആകെ നീളം.15 ഓഫിസർമാരും 101 നാവികരുമടങ്ങിയ യൂണിറ്റാണ് ഇതിലുണ്ടാകാറുള്ളത്. 2003ൽ ആർക്ടിക് പര്യടനത്തിനിടെ ഈ മുങ്ങിക്കപ്പലിനെ ഒരു ധ്രുവക്കരടി ആക്രമിച്ചത് ലോകശ്രദ്ധ നേടിയ സംഭവമാണ്. 2012–17 കാലയളവിൽ വമ്പൻ അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ച ശേഷം 2018ൽ കണക്റ്റിക്കറ്റ് വീണ്ടും നീറ്റിലിറങ്ങി.

 

English Summary: South China Sea: US submarine collides with 'unknown object'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com