എ.ക്യു ഖാൻ: അന്തരിച്ചത് കൊറിയയ്ക്ക് ആണവായുധം നൽകിയ പാക്കിസ്ഥാൻകാരൻ

pak-missile
Photo: AFP
SHARE

ഞായറാഴ്ച അന്തരിച്ച, പാക്ക് ആണവപദ്ധതിയുടെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്ദുൽ ഖാദർ ഖാൻ എന്ന എ.ക്യു. ഖാൻ വിടവാങ്ങുന്നത് ഒട്ടേറെ വിവാദങ്ങളിൽ മുഖം കാണിച്ചശേഷമാണ്. മരിക്കുമ്പോൾ 85 വയസ്സുണ്ടായിരുന്ന ഖാൻ പാക്കിസ്ഥാന്റെ ആണവപദ്ധതിയിൽ ശ്രദ്ധേയമായ സ്ഥാനം വഹിച്ചിരുന്നെന്നതിനു തർക്കമില്ല. പാക്കിസ്ഥാനിൽ ദേശീയ ഹീറോയായും ഖാൻ വാഴ്ത്തപ്പെടുന്നു. എന്നാൽ ഉത്തര കൊറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങൾക്ക് ആണവ സാങ്കേതികവിദ്യ കിട്ടിയതിലും ഖാനു വലിയൊരു പങ്കുണ്ട്.

അവിഭക്ത ഇന്ത്യയിലെ ഭോപ്പാലിൽ, പഷ്തൂൺ വേരുകളുള്ള കുടുംബത്തിൽ ജനിച്ച ഖാൻ 16 വയസ്സു വരെ ഇന്ത്യയിലാണു ജീവിച്ചത്. 1952 ൽ പാക്കിസ്ഥാനിലെത്തി. കറാച്ചിയിൽ താമസമുറപ്പിച്ച ഖാൻ കറാച്ചി സർവകലാശാലയിൽനിന്നു ശാസ്ത്രബിരുദം നേടിയ ശേഷം അവിടുത്തെ നഗരസഭയുടെ മെട്രോളജി ഡിപ്പാർട്മെന്റിൽ 3 വർഷത്തോളം ജോലി നോക്കി.

തുടർന്ന് ഉപരിപഠനത്തിനായി പശ്ചിമ ജർമനിയിലെത്തിയതാണ് ഖാന്റെ തലവര മാറ്റിയത്. പശ്ചിമ ജർമനിയിൽനിന്നു പിന്നീട് നെതർലൻഡ്സിലെത്തിയ ഖാൻ അവിടത്തെ ഡെൽഫ്റ്റ് സർവകലാശാലയിൽനിന്ന് എൻജിനീയറിങ് മാസ്റ്റേഴ്സ് നേടുകയും പിന്നീട് ബൽജിയത്തിലെ ല്യൂവൻ സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടുകയും ചെയ്തു. അക്കാലത്ത് അവിടെ ഖാന്റെ പ്രഫസറായിരുന്ന മാർട്ടിൻ ബ്രാബേഴ്സ് ശുപാർശ ചെയ്തതനുസരിച്ച് നെതർലൻഡ്സിലെ ആംസ്റ്റർഡാമിലുള്ള ഒരു ലാബിൽ ഖാൻ ജോലിക്കുകയറി. അവിടെനിന്ന് ആണവ കമ്പനിയായ യൂറെൻകോയിൽ സീനിയർ തസ്തികയിലുള്ള ജോലിയിലേക്കു പ്രവേശിച്ചു. യുറേനിയം സമ്പുഷ്ടീകരണമായിരുന്നു യൂറെൻകോയുടെ പ്രധാന മേഖല. നെതർലൻഡ്സിലെ അൽമേലോയിൽ അവർക്ക് വലിയ ഒരു സമ്പുഷ്ടീകരണ പ്ലാന്റുമുണ്ടായിരുന്നു.

1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിൽ പാക്കിസ്ഥാൻ‍ തോറ്റു, ബംഗ്ലദേശ് എന്ന പുതിയൊരു രാജ്യം പിറന്നു. പാക്ക് പൊതുബോധത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ആ തോൽവി. ഇന്ത്യൻ സൈന്യത്തിന്റെ ലഫ്. ജനറലായ ജെ.എസ്. അറോറയുടെ മുൻപിൽ പരാജയഭാരത്താൽ തലകുനിച്ചിരുന്ന് പാക്ക് ലഫ്. ജനറൽ അബ്ദുല്ല ഖാൻ നിയാസി കീഴടങ്ങൽപത്രത്തിൽ ഒപ്പുവയ്ക്കുന്നത് പാക്കിസ്ഥാനെ അപമാനത്തിന്റെ കൊടുമുടികളിലേക്കു കയറ്റി. അതിനു പിന്നാലെയാണ് 1974 ൽ പൊഖ്റാനിൽ ഇന്ത്യയുടെ ‘ബുദ്ധൻ ചിരിച്ചത്’. തങ്ങളുടെ ഏറ്റവും വലിയ പ്രതിയോഗികൾ ആണവായുധ സാങ്കേതികവിദ്യ നേടിക്കഴിഞ്ഞെന്ന ഞെട്ടിക്കുന്ന സത്യം പാക്ക് ഭരണമാധികാരികളെ ഉറക്കമില്ലായ്മയിലേക്കു തള്ളിവിട്ടു.

അക്കാലത്തു തന്നെയായിരുന്നു പാക്കിസ്ഥാനു വേണ്ടി ആണവായുധം ഉണ്ടാക്കാൻ സഹായിക്കാമെന്നു ഹേഗിൽ വച്ച് പാക്ക് അധികാരികളെ ഖാൻ അറിയിക്കുന്നത്. വളരെ സങ്കീർണവും എങ്ങുമെത്താത്തതുമായ ഒരു ആണവപദ്ധതി അപ്പോൾത്തന്നെ പാക്കിസ്ഥാനുണ്ടായിരുന്നു (ഇതിനാൽത്തന്നെ എ.ക്യു.ഖാനെ പാക്ക് ആണവപദ്ധതിയുടെ പിതാവെന്നു വിളിക്കുന്നത് ശരിയല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു). പ്ലൂട്ടോണിയത്തിൽനിന്ന് ആണവായുധം വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ഈ പദ്ധതി. പ്ലൂട്ടോണിയം പദ്ധതി എവിടെയുമെത്തില്ലെന്നും യുറേനിയം സമ്പുഷ്ടീകരണത്തിലൂടെയേ പാക്കിസ്ഥാന് ആണവശേഷി സാധ്യമാകുയുള്ളൂവെന്നും ഖാൻ അന്നത്തെ പാക്ക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ ധരിപ്പിച്ചു. ഖാനിൽ വിശ്വാസം തോന്നിയ ഭൂട്ടോ മുന്നോട്ടുപോകാൻ സമ്മതം നൽകുകയും ചെയ്തു. സെൻട്രിഫ്യൂജുകൾ എന്ന സാങ്കേതികസംവിധാനങ്ങൾ ഉപയോഗിച്ച് യുറേനിയം സമ്പുഷ്ടീകരണം സാധ്യമാകുമെന്നും ഖാൻ ഭൂട്ടോയോടു പറഞ്ഞു.

AQ-khan
എ.ക്യു ഖാൻ, Photo: AFP

‌പിന്നീടാണ് ഖാൻ ആ പണി ചെയ്തത്. തന്റെ മാതൃകമ്പനിയായ ഡച്ച് യൂറെൻകോയുടെ സെൻട്രിഫ്യൂജ് പ്ലാനുകൾ ഖാൻ മോഷ്ടിച്ചു. ഇതും ആണവ ഇന്ധനം സപ്ലൈ ചെയ്യുന്ന ഡീലർമാരുടെ വിവരങ്ങളും ചേർത്ത് ഒരു വർഷത്തോളം മിനക്കെട്ട് ഖാൻ ഒരു ശേഖരമുണ്ടാക്കി. അൽമേലോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റിൽ പലതവണ സന്ദർശനങ്ങൾ നടത്തി. ഇതിനിടെ യൂറെൻകോ അധികൃതർക്ക് സംശയം തോന്നിത്തുടങ്ങിയതിനാൽ അവർ മറ്റു ഡിപ്പാർട്ടുമെന്റുകളിലേക്ക് ഖാനെ മാറ്റി.

ഇതോടെ ഖാന് പേടിയായിത്തുടങ്ങി. തന്നെ നെതർലൻഡ്സ് അധികൃതർ അറസ്റ്റ് ചെയ്യുമെന്ന് ഖാൻ വിശ്വസിച്ചു. ഒടുവിൽ തന്റെ ഭാര്യയും രണ്ടു മക്കളുമായി 1975 ൽ ഖാൻ പാക്കിസ്ഥാനിലേക്കു കടന്നു. താമസിയാതെ പാക്ക് ആണവപദ്ധതിയുടെ ഒരു ഭാഗമായി മാറി. അക്കാലത്തെ പദ്ധതിയെ നിയന്ത്രിച്ചത് മുനീർ അഹമ്മദ് ഖാൻ എന്ന മറ്റൊരു ശാസ്ത്രജ്ഞനായിരുന്നു. മുനീറുമായി ആശയപരമായ പ്രശ്നങ്ങൾ ഉടലെടുത്തതോടെ പാക്കിസ്ഥാനിലെ കഹുത ആസ്ഥാനമാക്കി ഖാൻ റിസർച് ലബോറട്ടറീസ് എന്ന പ്രത്യേക ഗവേഷണകേന്ദ്രം ഖാൻ തുറന്നു. പാക്ക് പട്ടാളത്തിന്റെ അകമഴിഞ്ഞ പിന്തുണ ഇതിനുണ്ടായിരുന്നു. സെൻട്രിഫ്യൂജ് ഖാൻ എന്ന വിളിപ്പേരിൽ എ.ക്യു.ഖാൻ സൈനികവൃത്തങ്ങൾക്കുള്ളിൽ അറിയപ്പെട്ടു. ഏതായാലും 1998 ൽ പാക്കിസ്ഥാൻ ആണവ സാങ്കേതിക വിദ്യ സ്വായത്തമാക്കുകയും രാജ്യത്തിന്റെ ചഗായ് മേഖലയിൽ ആദ്യ ആണവവിസ്ഫോടനം നടത്തുകയും ചെയ്തു. ഇതിന്റെ ഏറ്റവും കൂടുതൽ ക്രെഡിറ്റ് ലഭിച്ചത് ഖാനാണ്. എന്നാൽ ഖാനെക്കാൾ സംഭാവനകൾ നൽകിയ മറ്റനേകം ശാസ്ത്രജ്ഞർ പദ്ധതിക്കു പിന്നിലുണ്ടായിരുന്നെന്നും തികഞ്ഞ മീഡിയ ഷോമാനായ ഖാൻ ഒറ്റയടിക്ക് രാജ്യത്തെ ദേശീയ ഹീറോയായി മാറാൻ വേണ്ടി എല്ലാം തന്റെ പേരിലാക്കുകയായിരുന്നെന്നും പിന്നീട് ആരോപണമുയർന്നു. ഖാൻ ദേശീയ ഹീറോ ആകുക തന്നെ ചെയ്തു. പാക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി രണ്ടു തവണ നേടിയ ഒരേയൊരാൾ എ.ക്യു.ഖാൻ മാത്രമാണ്.

എന്നാൽ ഖാൻ ആണവ സാങ്കേതിക വിദ്യ ലിബിയ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കു നൽകിയെന്ന് താമസിയാതെ വെളിപ്പെടുത്തൽ വന്നു. ഖാൻ 13 തവണ ഉത്തരകൊറിയ സന്ദർശിച്ചതും മറ്റും ഇതിനു ബലമേകി. ഖാനിന്റെ സംഭാവനയിൽ നിന്നാണ് ഉത്തര കൊറിയയും ലിബിയയുമൊക്കെ ആണവപദ്ധതികൾ രൂപീകരിച്ചതെന്ന് യുഎസ് ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചു. 2003 ൽ ലിബിയയുടെ ആണവപദ്ധതി യുഎസ് തകർത്തു. എന്നാൽ ഉത്തര കൊറിയ അവർക്കൊരു ഉത്തരമില്ലാത്ത സമസ്യയായി തുടരുന്നു.

അനധികൃത കൈമാറ്റം താമസിയാതെ തെളിഞ്ഞു. 2004 ൽ ഖാൻ അറസ്റ്റിലായി. കുറ്റമെല്ലാം സമ്മതിച്ച ഖാൻ താൻ മാത്രമാണ് ഇതിനുത്തരവാദിയെന്ന് പറഞ്ഞു. എന്നാൽ പാക്ക് സർക്കാരും സൈന്യവും അറിയാതെ അങ്ങനെയൊരു കാര്യം എങ്ങനെ നടക്കുമെന്ന് പലകോണുകളിൽ നിന്നും സംശയമുയർന്നു. ഇതോടെ പാക്ക് സർക്കാർ പരുങ്ങലിലാകുകയും ഉടനടി പ്രസിഡന്റ് പർവേസ് മുഷറഫ്, ഖാനു മാപ്പു നൽകുകയും ചെയ്തു. എന്നാൽ 2009 വരെ ഖാൻ വീട്ടുതടങ്കലിൽ തുടർന്നു.

പാക്കിസ്ഥാനെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ദേശീയ ഹീറോമാരിലൊരാളാണ് അന്തരിച്ചത്; എന്നാൽ യുഎസ് ഉൾപ്പെടെയുള്ളവർക്ക് ആണവ സാങ്കേതികവിദ്യയെ ഏറ്റവും നിരുത്തരവാദപരമായി കൈകാര്യം ചെയ്ത ഒരു വില്ലനും.

English Summary: Father of Pakistan's nuclear programme AQ Khan dies at 85

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA