ADVERTISEMENT

സൈനിക താവളത്തിനു നേരെയുള്ള ചൈനീസ് ഭീഷണി മറികടക്കാനായി അമേരിക്ക അയണ്‍ ഡോം ഉപയോഗിച്ച് വ്യോമ പ്രതിരോധം തീര്‍ക്കുന്നു. പസിഫിക് സമുദ്രത്തിലെ തന്ത്രപ്രധാന സൈനിക താവളമായ ഗുവാമിലേക്കാണ് അമേരിക്ക ഇസ്രയേല്‍ നിര്‍മിത അയണ്‍ ഡോം എത്തിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഭീഷണികള്‍ക്ക് മറുപടിയായി വ്യോമ പ്രതിരോധം തീര്‍ക്കുകയാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. 

 

ഏഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ ആകാശത്തു വച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് നിര്‍മിച്ച അയണ്‍ ഡോം. ഒന്നിലേറെ മിസൈലുകളെ ഏത് പ്രതികൂല കാലാവസ്ഥയിലും നേരിടാനാകുമെന്നതാണ് ഇവയുടെ പ്രത്യേകത. എളുപ്പത്തില്‍ കൊണ്ടുപോകാനും സാധിക്കുമെന്നതും ഗുണമാണ്. ഹമാസുമായുള്ള സംഘര്‍ഷത്തിനിടെ ഇസ്രയേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റുകളെ അവര്‍ തകര്‍ത്തുകളഞ്ഞത് അയണ്‍ ഡോമുകൾ ഉപയോഗിച്ചായിരുന്നു. ഗാസയില്‍ നിന്നും തെക്കന്‍ ലെബനനില്‍ നിന്നുമുള്ള റോക്കറ്റുകളെ ഇസ്രയേലിന്റെ ആകാശത്തു വച്ച് തകര്‍ക്കുന്ന അയണ്‍ ഡോമുകള്‍ 2011 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

ഹവായ് കേന്ദ്രീകരിച്ചുള്ള അമേരിക്കയുടെ 94–ാം ആര്‍മി എയര്‍ ആൻഡ് മിസൈല്‍ ഡിഫന്‍സ് കമാന്‍ഡാണ് അയണ്‍ ഡോം ഗുവാമിലേക്ക് എത്തിക്കുന്ന വിവരം പരസ്യമാക്കിയത്. താല്‍ക്കാലിക പരീക്ഷണമെന്നാണ് ഈ നീക്കത്തെ അമേരിക്ക വിശേഷിപ്പിച്ചത്. സൈനികര്‍ അയണ്‍ഡോമിന്റെ പ്രവര്‍ത്തന ക്ഷമത പരീക്ഷിക്കുമെന്നും എന്നാല്‍ തല്‍സമയം റോക്കറ്റുകള്‍ തകര്‍ക്കുന്ന പരീക്ഷണം ഉണ്ടാവില്ലെന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. 

 

ഗുവാമിലേക്ക് നിരീക്ഷണത്തിനായി ചൈന ഡ്രോണുകൾ അയക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്ക ഗുവാമില്‍ സജ്ജമാക്കിയ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം 2019ല്‍ തന്നെ ചെറു ഡ്രോണുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നില്‍ ചൈനയാണെന്ന ആരോപണം അന്നു മുതലുണ്ട്. രണ്ട് അയണ്‍ ഡോമുകള്‍ വ്യോമപ്രതിരോധം തീര്‍ക്കാന്‍ ഗുവാമിൽ വിന്യസിക്കുമെന്ന് 2019 മുതല്‍ തന്നെ അമേരിക്ക സൂചന നല്‍കിയിരുന്നു. 

 

അമേരിക്കയുടെ തന്ത്രപ്രധാന സൈനികകേന്ദ്രമാണ് ഗുവാം. നേരത്തെ ഉത്തരകൊറിയയുമായുള്ള അമേരിക്കയുടെ സംഘര്‍ഷസമയത്തും ഗുവാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയുടെ നാവികസേനാ താവളവും ആന്‍ഡേഴ്‌സണ്‍ വ്യോമതാവളവുമാണ് 544 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപിലുള്ളത്. അമേരിക്കയുടെ സ്ഥിരം വിമാനവാഹിനി എന്നും ഈ ദ്വീപ് അറിയപ്പെടുന്നു. 

 

1898ലെ സ്പാനിഷ് -യുഎസ് യുദ്ധത്തോടെയാണ് ഈ ദ്വീപിന്റെ അവകാശം അമേരിക്കയ്ക്ക് ലഭിക്കുന്നത്. അമേരിക്കന്‍ നികുതി അടക്കാത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അധികാരമില്ലാത്ത എന്നാല്‍ ജന്മനാ അമേരിക്കന്‍ പൗരന്മാരായവരാണ് ഗുവാം സ്വദേശികള്‍. ഇവിടെയുള്ള ഏതാണ്ട് 1.62 ലക്ഷം പേരില്‍ വലിയൊരു ശതമാനം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്. ദ്വീപിന്റെ മൂന്നിലൊന്നു ഭാഗം അമേരിക്കന്‍ പ്രതിരോധ വകുപ്പിന് കീഴിലാണ്.

 

English Summary: The Iron Dome Air Defense System Is Heading To Guam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT