ADVERTISEMENT

തെക്കൻ ചൈനാക്കടലിൽ സംഘർഷാവസ്ഥ കൂട്ടി ചൈനയുടെ പുതിയ നീക്കം. തയ്‌വാനു കുറുകെയുള്ള തെക്കൻ ചൈനാക്കടലിലെ ഫുജിയാൻ പ്രവിശ്യയിൽ തങ്ങൾ ബീച്ച് ലാൻഡിങ്, അസോൾട്ട് ഡ്രില്ലുകൾ നടത്തിയെന്ന വിവരം ചൈനീസ് സേന പുറത്തുവിട്ടു. തയ്‌വാൻ പിടിച്ചടക്കാൻ ചൈന മുതിരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം. ഇതോടെ വലിയ ആശങ്കയാണു ജനാധിപത്യ സർക്കാർ ഭരിക്കുന്ന തയ്‌വാനിൽ ഉടലെടുത്തിരിക്കുന്നത്.

 

ചൈനയുടെ ഷോക്ക് ട്രൂപ്‌സ്, സാപ്പേഴ്‌സ്, ബോട്ട് സ്‌പെഷലിസ്റ്റ്‌സ് തുടങ്ങിയ സായുധ വിഭാഗങ്ങളെ ഉൾപ്പെടുത്തിയായിരുന്നു ഡ്രിൽ. പല ഗ്രൂപ്പുകളിലായി ബീച്ചിലിറങ്ങി, ആക്രമണങ്ങൾ നടത്തി അധിനിവേശം പുലർത്തുന്ന രീതിയാണ് ചൈന പരീക്ഷിച്ചത്. ഒരു വിഡിയോയും പുറത്തുവിട്ടു. ഇതിൽ കാണുന്നത്, ചൈനീസ് സേനാംഗങ്ങൾ ബോട്ടുകളിലെത്തി ബീച്ചിലേക്കു പുക ഗ്രനേഡുകൾ എറിഞ്ഞ്, പ്രതിരോധ മുള്ളുവേലികൾ കടന്ന് ചെന്നു ട്രെഞ്ചുകളും മറ്റും കുഴിക്കുന്നതാണ്.

 

ചൈന പദ്ധതിയിടുന്ന തയ്‌വാൻ അധിനിവേശത്തിൽ ഫുജിയാൻ പ്രവിശ്യ നിർണായകമാകുമെന്നാണു കരുതപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി തയ്‌വാനോട് ഏറ്റവും അടുത്തുകിടക്കുന്ന പ്രവിശ്യയാണ് ഇത്. ഇതിനടുത്ത് ചൈന പലപ്പോഴും സൈനിക അഭ്യാസങ്ങൾ നടത്താറുണ്ടെങ്കിലും ഇത്ര കേന്ദ്രീകൃതമായ ഒന്ന് ഇതാദ്യമാണ്.

 

ചൈനയുടെ സമ്മർദ്ദ തന്ത്രങ്ങൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും ചെറുത്തു നിൽക്കുമെന്നും തയ്‌വാൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തയ്‌വാനെ ചൈനയുമായി കൂട്ടിച്ചേർക്കുക ലക്ഷ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൈനയ്ക്കു കീഴ്‌പ്പെടില്ലെന്നു തൊട്ടുപിന്നാലെ തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്വേനും മറുപടി പറഞ്ഞിരുന്നു.

 

∙ പസിഫിക്കിലെ പടക്കളം

 

പസിഫിക് സമുദ്രത്തിന്റെ ഭാഗമായുള്ള തെക്കൻ ചൈനാക്കടൽ ഇന്ന് ലോകത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശാക്തിക ബലാബലങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. 1949ൽ ചൈനീസ് ആഭ്യന്തര യുദ്ധം കമ്യൂണിസ്റ്റ് ശക്തികളോട് പരാജയപ്പെട്ട ശേഷം ചിയാങ് കൈഷെക്കിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികൾ തമ്പടിച്ച ദ്വീപ്, പിടിച്ചടക്കുക എന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രഹസ്യമായും പരസ്യമായും പുലർത്തിപ്പോന്ന അഭിലാഷമാണ്. സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും യാതൊരു മടിയുമില്ലാത്ത ഷി ചിൻപിങ്ങിനു കീഴിൽ ഈ സ്വപ്‌നത്തിനു ചൈനയിൽ അടുത്തകാലത്തായി വലിയ രീതിയിൽ ശക്തി കൈവന്നിരിക്കുകയാണ്.

 

തയ്‌വാന്റെ വ്യോമമേഖലയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ കടന്നുകയറ്റം നടത്തിയിരുന്നു. 150ൽ ഏറെ തവണയാണ് വ്യോമാതിർത്തി ലംഘിച്ച് യുദ്ധവിമാനങ്ങൾ പറന്നത്. ഇതു ലോകവ്യാപകമായ എതിർപ്പിന് കാരണമായിരുന്നു. യുഎസും തങ്ങളുടെ സകല ശ്രദ്ധയും തെക്കൻ ചൈനാക്കടലിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്തകാലത്തായി യുഎസ് നേവി ഇവിടെ സ്ഥിരസാന്നിധ്യമാണ്. പരമ്പരാഗത സഖ്യരാജ്യങ്ങളായ ബ്രിട്ടൻ തുടങ്ങിയവരുടെ പടക്കപ്പലുകളും ഇവിടെ സന്ദർശിക്കുന്നു. ബ്രിട്ടനെയും ഓസ്‌ട്രേലിയയെയും കൂട്ടുപിടിച്ച് ഓക്കസ് എന്ന ശക്തമായ ത്രികക്ഷി മുന്നണിക്കും യുഎസ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തർവാഹിനികൾ നൽകാനും തീരുമാനമായിട്ടുണ്ട്.

 

രഹസ്യമായി തയ്‌വാൻ സേനയെ യുഎസ് പരിശീലിപ്പിക്കുന്നുണ്ടെന്ന് വലിയ അഭ്യൂഹമുണ്ട്. എന്നാൽ ഒരു ആക്രമണമുണ്ടാകുന്ന പക്ഷം തയ്‌വാനു വേണ്ടി യുഎസ് പടക്കളത്തിലിറങ്ങേണ്ട കാര്യമില്ലെന്ന് യുഎസിലെ നല്ലൊരു വിഭാഗം പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ലോകാഭിപ്രായം ചൈനയ്‌ക്കെതിരെയാക്കി തയ്‌വാൻ ആക്രമിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ് യുഎസ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പദ്ധതി.

 

English Summary: China says it carried out beach landing drills in province opposite Taiwan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT