സാൻവിച്ചിൽ ഒളിപ്പിച്ച് ആണവരഹസ്യം കടത്തി, ദമ്പതിമാർ പിടിയിൽ

submarine
Photo: AFP
SHARE

യുഎസിന്റെ ആണവ അന്തർവാഹിനികളുടെ ഡിസൈനും പ്രവർത്തന രഹസ്യവും സാൻവിച്ചിന്റെ ഇടയിൽ വച്ച മെമ്മറി കാർഡിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. യുഎസ് നാവികസേനാ എൻജിനീയറായ ജൊനാഥൻ ടീബെയും ഭാര്യ ഡയാനയുമാണ് വെസ്റ്റ് വെർജീനിയയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) അറസ്റ്റിലായത്. പീനട്ട് ബട്ടർ സാൻഡ്‌വിച്ചിൽ ഒളിപ്പിച്ച രഹസ്യങ്ങൾ ഇവർ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിക്ക് കൈമാറുകയായിരുന്നു. എന്നാൽ ആ പ്രതിനിധി എഫ്ബിഐ ചാരനാണെന്ന് ദമ്പതികൾ അറിഞ്ഞിരുന്നില്ല. താമസിയാതെ പിടി വീണു.

നാൽപതുകാരായ ദമ്പതിമാർക്കു മേൽ അറ്റോമിക് എനർജി നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. യുഎസ് നാവികസേനയുടെ ആണവ നാവിക പദ്ധതിയിൽ വിദഗ്ധനായാണ് ജൊനാഥൻ ടീബെ ജോലി ചെയ്തത്. ഭാര്യ ഡയാന ഹൈ സ്കൂൾ ടീച്ചറും. ഇതിനിടെയാണു മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയെന്നു കരുതിയ ആളുമായി ടീബെ പരിചയത്തിലായത്. ഇദ്ദേഹവുമായി ടീബെ എൻക്രിപ്റ്റഡ് മെയിലുകളിലൂടെ ആശയവിനിമയം നടത്താൻ തുടങ്ങി. ഈ മെയിലുകൾ മറ്റാരും കാണാൻ സാധ്യതയില്ലാത്തതിനാൽ താൻ പിടിക്കപ്പെടില്ലെന്ന് ടീബെ ഉറച്ചുവിശ്വസിച്ചിരുന്നു. താമസിയാതെ ഭാര്യ ഡയാനയും തട്ടിപ്പിൽ പങ്കുചേരാൻ സമ്മതിച്ചു. ഒരു ലക്ഷം യുഎസ് ഡോളർ (ഏകദേശം 72 ലക്ഷം ഇന്ത്യൻ രൂപ) തുകയ്ക്ക് ഡേറ്റ കൈമാറ്റം ചെയ്യാമെന്നും ടീബെ പ്രതിനിധിയെ അറിയിച്ചു. ക്രിപ്റ്റോകറൻസിയിൽ വേണം പണം തരാനെന്നും, തരുന്ന മെമ്മറികാർഡ് എൻക്രിപ്റ്റഡ് ആണെന്നും, പേയ്മെന്റ് ലഭിച്ച ശേഷം ഇതു ഡീക്രിപ്റ്റ് ചെയ്യാനുള്ള കീ അയച്ചുകൊടുക്കുമെന്നും ടീബെ അറിയിച്ചു. പ്രതിനിധിയെന്ന നിലയിൽ വേഷം കെട്ടി അപ്പുറത്തുള്ള എഫ്ബിഐ ഏജന്റ് ഇതു സമ്മതിക്കുകയും ചെയ്തു. തുടർന്നായിരുന്നു കൈമാറ്റം. ഇതിനു സാൻവിച്ചുമായി പോയത് ഡയാനയാണ്.

ആദ്യകൈമാറ്റം പൂർത്തീകരിക്കുകയും ടീബെയ്ക്ക് ഭാഗികമായ തുക കൈമാറുകയും ചെയ്തു. തുടർന്ന് രണ്ടാമത്തെ കൈമാറ്റം ബബിൾഗം പായ്ക്കറ്റിൽ വച്ചാണ് നൽകിയത്.ഇതും വിജയമായ ശേഷമാണ് മൂന്നാം കൈമാറ്റം നടന്നത്. ഇതോടെ മതിയായ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞ എഫ്ബിഐ ദമ്പതികളെ അറസ്റ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും നവീനമായ ആണവോർജ അന്തർവാഹിനികൾ ഉപയോഗിക്കുന്ന രാജ്യമാണ് യുഎസ്. രാജ്യം വലിയ വില കൊടുത്ത് ഇതിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാറുമുണ്ട്. ഈയടുത്തിടെ ഓക്കസ് കക്ഷിരൂപീകരണത്തിന്റെ ഭാഗമായി ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനി നൽകാൻ യുഎസ് തീരുമാനിച്ചത് വലിയ വാർത്തയായിരുന്നു.രാജ്യദ്രോഹവും അഴിമതിയുമുൾപ്പെടെ വൻ ചാർജുകളാണ് ദമ്പതികളെ കാത്തിരിക്കുന്നത്. ദീർഘകാല ജയിൽ ശിക്ഷ ഇവർക്കു ലഭിച്ചേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

English Summary: US couple accused of selling nuclear submarine secrets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA