ADVERTISEMENT

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവ് ഒരു കൂട്ടം അമേരിക്കക്കാരെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് എഫ്ബിഐ മുന്നറിയിപ്പ്. താലിബാനെ പിന്തുണക്കുന്നവരുടെ ഓണ്‍ലൈനിലേയും സമൂഹ മാധ്യമങ്ങളിലേയും സാന്നിധ്യം വര്‍ധിച്ചുവരികയാണെന്ന് എഫ്ബിഐ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ഡിവിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ചാള്‍സ് സ്‌പെന്‍സര്‍ പറഞ്ഞു. താലിബാന്‍ മാതൃകയില്‍ തോക്കും കയ്യിലെടുത്ത് തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഒരു വിഭാഗം അമേരിക്കയില്‍ വളരുന്നുവെന്നാണ് എഫ്ബിഐ ഒഫീഷ്യല്‍ പറയുന്നത്. 

 

'സമൂഹ മാധ്യമങ്ങളില്‍ ഇതേക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മാനസികമായി ദുര്‍ബലരായവരിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലുമുള്ളത്. ഭീകര സംഘടനകളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പോലുമില്ലാത്തവരാണിവര്‍. എങ്കില്‍ പോലും ഇതൊരു അവസരമായി അവര്‍ കാണുന്നു. തോക്കുമെടുത്ത് വാഹനങ്ങളില്‍ പുറത്തുപോയി ഇഷ്ടമുള്ളത് ആര്‍ക്കെതിരെയും ചെയ്യുന്നത് സ്വപ്‌നം കാണുകയാണിവര്‍' എന്ന് ദോഹയില്‍ വെച്ച് സ്‌പെന്‍സര്‍ പറഞ്ഞു. 

 

പശ്ചിമേഷ്യയില്‍ നിന്നുള്ള ഭീകര പ്രസ്താനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തികളുടെ ആക്രമണങ്ങള്‍ക്ക് അമേരിക്ക നേരത്തെയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2015ല്‍ കലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ കൂട്ടക്കൊല നടത്തിയ ദമ്പതികള്‍ തങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അനുയായികളാണന്നാണ് അവകാശപ്പെട്ടത്. തൊട്ടടുത്തവര്‍ഷം ഒറിയാന്‍ഡോയിലെ ഒരു നിശാക്ലബില്‍ 49 പേരെയാണ് മറ്റൊരു അമേരിക്കക്കാരന്‍ വെടിവെച്ചുകൊന്നത്. ഈ കൊലയാളിയും ഐഎസ്ഐഎസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. 

 

ഇപ്പോള്‍ ശാന്തമായിരിക്കുന്നുവെങ്കിലും അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ കൂടി ഇസ്‌ലാമിക ഭീകര സംഘങ്ങളുടെ കേന്ദ്രമായി മാറുന്നുണ്ടോയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റും അല്‍ഖായിദയും പോലുള്ള ഭീകര സംഘടനകള്‍ ഇന്റര്‍നെറ്റിനെ തങ്ങളുടെ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്നും നിരീക്ഷിച്ചുവരുന്നുണ്ട്. 

 

സെപ്റ്റംബര്‍ 11 ആക്രമണം നടത്തിയ അല്‍ഖായിദ പോലുള്ള ഭീകരസംഘങ്ങള്‍ വേഗത്തില്‍ അമേരിക്കക്കെതിരെ ആക്രമണം നടത്തുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, അഫ്ഗാനിസ്ഥാനിലേയും സമീപ രാജ്യങ്ങളിലേയും അമേരിക്കക്കാരെ ഇത്തരം ഭീകരസംഘങ്ങള്‍ ലക്ഷ്യമിടാനിടയുണ്ടെന്നും സ്‌പെന്‍സര്‍ പ്രവചിക്കുന്നു. ഒരു വര്‍ഷത്തിനകം തന്നെ ഇത്തരം ആക്രമണങ്ങള്‍ സംഭവിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.

 

English Summary: Taliban Takeover Of Afghanistan Is Inspiring Americans Online, FBI Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT