ADVERTISEMENT

രാജ്യാന്തര ലഹരിമാഫിയാത്തലവനും കൊടുംക്രിമിനലുമായ ഡയ്‌റോ ആന്റോണിയോ ഉസുഗ അഥവാ ഓടോനിയൽ കൊളംബിയയിൽ പിടിയിലായി. സൈന്യവും വ്യോമസേനയും പൊലീസും ചേർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണു ഓടോനിയൽ പിടിയിലായതെന്ന് കൊളംബിയൻ അധികൃതർ അറിയിച്ചു. നിലവിൽ കൊളംബിയൻ തലസ്ഥാനം ബൊഗോട്ടയിലെ അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രത്തിലാണു മാഫിയാതലവനെ പാർപ്പിച്ചിട്ടുള്ളത്.

ആദ്യഘട്ട വിചാരണയ്ക്കും ചോദ്യം ചെയ്യലിനും ശേഷം ഇയാളെ യുഎസിനു കൈമാറും. യുഎസ് ലഹരിവിരുദ്ധ സേനയായ ഡിഇഎയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ വർഷങ്ങളായി ഓടോനിയലിന്റെ പേരുണ്ട്. ഇയാളെ പിടികൂടുന്നവർക്ക് 50 ലക്ഷം യുഎസ് ഡോളർ ഇനാമും യുഎസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

 

∙ ഗൾഫ് കാർട്ടലിന്റെ ഡോൺ

 

കൊളംബിയയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ആന്റിയോഖ്യയിലാണ് എഴുപതുകളിൽ ഓടോനിയൽ ജനിച്ചത്. പനാമയുമായി അതിർത്തി പങ്കിടുന്ന, ആൻഡീസ് മലനിരകളുടെ ഭാഗമായുള്ള ഈ പ്രവിശ്യ പ്രതിരോധപരമായി കൊളംബിയയ്ക്ക് നിർണായകവും ഒട്ടേറെ വിമതരുടെയും ഗറില്ലകളുടെയും ആസ്ഥാനവുമായിരുന്നു. ചെറുപ്പത്തിൽ വിവിധ ഗറില്ലാഗ്രൂപ്പുകളിൽ അംഗമായ ഓടോനിയൽ പിന്നീട് എയുസി എന്ന ലഹരികടത്തു സംഘത്തിൽ ചേർന്നതോടെയാണു മയക്കുമരുന്ന് മാഫിയയിൽ അംഗമാകുന്നത്.

 

2005ൽ എയുസി പിരിച്ചുവിടപ്പെട്ടു. ഇതെത്തുടർന്ന് ഡോൺ മാരിയോ എന്ന മാഫിയാത്തലവൻ നേതൃത്വം നൽകിയ ഉറാബെനോസ് എന്ന മയക്കുമരുന്നു മാഫിയയുടെ അംഗമായി. ഗൾഫ് കാർട്ടൽ എന്നും ഇവരുടെ സംഘം അറിയപ്പെടുന്നു. കൊളംബിയയിലെ ഏറ്റവും ശക്തരും കുപ്രസിദ്ധവുമായ ഗ്യാങ്ങാണു ഗൾഫ് കാർട്ടൽ. ഒട്ടേറെ ആയുധങ്ങൾ കൈവശമുള്ളവരും അക്രമാസക്തരുമാണെന്നാണു യുഎസ് അധികൃതരുടെ ഇവരെപ്പറ്റിയുള്ള വിലയിരുത്തൽ. പത്തു വർഷം മുൻപ് ഓടോനിയൽ ഇതിന്റെ തലവനായി മാറി.

 

ഇയാൾ ഗൾഫ് കാർട്ടലിനെ വിപുലീകരിച്ചു. മയക്കുമരുന്നിനു പുറമേ അനധികൃത സ്വർണഖനനവും മനുഷ്യക്കടത്തുമെല്ലാം ഗൾഫ് കാർട്ടൽ ഏറ്റെടുത്തു നടത്തിത്തുടങ്ങി. 1800 അംഗങ്ങൾ ഈ മാഫിയയിൽ ഇതിനിടെയുണ്ടായി. ഇവരെല്ലാവരും തന്നെ ആയുധപരിശീലനം നേടിയവരാണ്. ഇവരിൽ പലരെയും തെക്കനമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ, പെറു തുടങ്ങിയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊളംബിയയിൽ നിന്നു യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ലഹരിമരുന്ന് കടത്തിന്റെ പ്രധാന റൂട്ടുകളെല്ലാം കൈയാളുന്നത് ഗൾഫ് കാർട്ടലായതാണ് ഇയാളെ യുഎസിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.

 

∙ വൻകിട ദൗത്യം

 

കൊളംബിയൻ സർക്കാരിന്റെ ഏറ്റവും വലിയ തലവേദനയായിരുന്നു ഓടോനിയൽ. ലോകമെങ്ങും കുപ്രസിദ്ധി നേടിയ ക്രിമിനൽ ഡോൺ പാബ്ലോ എസ്‌കോബാറിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വില്ലൻ. അതിനാൽ തന്നെ ഇയാളെ പിടികൂടുന്നതിനായി ദീർഘകാലമായി വിവിധ ശ്രമങ്ങൾ കൊളംബിയൻ സർക്കാർ നടത്തുന്നുണ്ടായിരുന്നു.

പൊലീസ് പിടികൂടുന്നതൊഴിവാക്കാൻ തന്റെ ജന്മനാടും എത്തിപ്പെടാൻ പാടുള്ളതുമായ ആന്റിയോഖിയയിൽ തന്നെയാണു ഓടോനിയൽ താവളം ഉറപ്പിച്ചത്. ഇവിടത്തെ ഗ്രാമമേഖലകളിൽ ഇടയ്ക്കിടെ താമസം മാറി ഇയാൾ പൊലീസിനെ പറ്റിച്ചു. എന്നാൽ പുറംവേദനയും ഡിസ്‌ക് തേയ്മാനവുമുള്ള ഓടോനിയൽ തനിക്കു കിടക്കാനായി പ്രത്യേകം നിർമിച്ച മെത്തകൾ വാങ്ങുന്നത് കൊളംബിയൻ പൊലീസിലെ ഡിറ്റക്ടീവുകൾ നിരീക്ഷിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയുള്ള തിരച്ചിലിലാണ് ഇയാൾ നിലവിൽ ഒളിച്ചിരിക്കുന്ന സ്ഥലം അധികൃതർ കണ്ടെത്തിയത്. യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഉപഗ്രഹസഹായവും സർക്കാരിനു നൽകി.

 

തുടർന്ന് 22 ഹെലിക്കോപ്റ്ററുകളിലായി 500 പേരടങ്ങുന്ന സായുധ ദൗത്യസേന ആന്റിയോഖിയയിലെത്തി ഓടോനിയലിന്റെ താമസസ്ഥലം വളയുകയും വൻ സംഘട്ടനം ഉടലെടുക്കുകയും ചെയ്തു. ഇതിൽ ഒരു പൊലീസ് ഓഫിസറും നിരവധി ഗ്യാങ് അംഗങ്ങളും കൊല്ലപ്പെട്ടു. ഒടുവിൽ രക്ഷയില്ലാതായ ഓടോനിയൽ പൊലീസിനു മുന്നിൽ കീഴടങ്ങി. ലോകത്തെ വിറപ്പിച്ച ലഹരി മാഫിയാ തലവൻമാരിലെ അവസാന പിൻഗാമികളിലൊരാളായ ഓടോനിയലിനെക്കിട്ടിയതോടെ ലഹരിമരുന്ന് കടത്തിനു വലിയ ശമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണു യുഎസ് അധികൃതർ.

 

English Summary: Colombia’s most-wanted drug lord, Otoniel, captured in jungle hideout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT