ADVERTISEMENT

 ഇന്ന് നാവികസേനാ ദിനം. രാജ്യത്തെ നാവിക സേനയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ഡിസംബർ 4 ഇന്ത്യ നേവി ദിനമായി ആഘോഷിക്കുകയാണ്. 1971 ൽ ബംഗ്ലാദേശിന്റെ വിമോചനത്തിനായുള്ള ഇന്തോ-പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖത്തെ പാക്ക് കപ്പലുകൾ മുക്കിയ സംഭവങ്ങളുടെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യ കപ്പൽവേധ മിസൈൽ ആക്രമണമായിരുന്നു അത്. മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ സേനാമേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നാവികസേനാ ദിനമാണ് ഇത്തവണത്തേത്.

 

∙ അന്ന് മുക്കിയത് ആറ് പാക് കപ്പലുകൾ

 

1970ലാണ് സോവിയറ്റ് യൂണിയനിലേക്ക് രഹസ്യ ദൗത്യത്തിനായി നാവിക സേനാ സംഘത്തെ അയക്കാന്‍ ഇന്ത്യ തീരുമാനിക്കുന്നത്. 40 നാവിക സേനാ ഉദ്യോഗസ്ഥരും മറ്റ് 18 പേരും അടങ്ങുന്നതായിരുന്നു വ്ളാഡിവോസ്‌റ്റോകിലേക്ക് തിരിച്ച സംഘം. സോവിയറ്റ് യൂണിയന്റെ നാവിക മിസൈല്‍ പരിശീലനകേന്ദ്രം സ്ഥിതി ചെയ്തിരുന്നത് വ്ളാഡിവോസ്‌റ്റോകിലായിരുന്നു. ചരിത്രപരമായ ദൗത്യത്തിന്റെ ഭാഗമാണെന്ന വ്യക്തമായ ധാരണ ഒന്നുമില്ലാതെയാണ് ശ്രീ രാമ റാവു ഗണ്ടികോട്ട അടക്കമുള്ളവര്‍ സോവിയറ്റ് യൂണിയനിലേക്ക് തിരിച്ചത്.

 

∙ എല്ലാം അതീവരഹസ്യം

 

അതീവ രഹസ്യമായ ദൗത്യമായതിനാല്‍ തന്നെ നാവികസേനാ അംഗങ്ങള്‍ക്ക് പോലും ദൗത്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. ഇന്ത്യയില്‍ നാല് മാസത്തോളം റഷ്യന്‍ ഭാഷ പഠിച്ചതിന് ശേഷമാണ് സംഘം എട്ട് മാസത്തെ രഹസ്യ ദൗത്യത്തിനായി തിരിച്ചത്. പരിശീലനത്തിനു ശേഷം 1971 ഏപ്രിലില്‍ സംഘം തിരിച്ചെത്തി. അതീവ രഹസ്യമായി എട്ട് റഷ്യന്‍ പടക്കപ്പലുകള്‍ കൂടി ഇറക്കുമതി ചെയ്ത ഇന്ത്യ പിന്നീട് നാവികസേനയുടെ കില്ലർ സ്ക്വാഡ്രോൺ എന്ന് വിളിക്കപ്പെട്ട സേനാവിഭാഗത്തെ ഒരുക്കുകയായിരുന്നു.

 

∙ റഷ്യയിലെ കൊടും തണുപ്പിലെ പരിശീലനം

 

ഗണിതത്തില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന ഗണ്ടികോട്ടയെ വിദ്യാഭ്യാസ യോഗ്യത കൂടി കണക്കാക്കിയാണ് അന്നത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. വ്ളാഡിവോസ്‌റ്റോകിലെ കാലാവസ്ഥയായിരുന്നു ഇന്ത്യന്‍ സംഘത്തെ ഏറ്റവും കുഴക്കിയത്. കൊടും തണുപ്പില്‍ താപനില -32 വരെ താഴുമായിരുന്നു. ഇതിനൊപ്പം ശീതക്കാറ്റുകൂടി വരുന്നതോടെ ഇന്ത്യയ്ക്കാര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായി കാലാവസ്ഥ മാറി. 

 

വിഷയത്തില്‍ ആഴത്തില്‍ അറിവുള്ളവരായിരുന്നു പരിശീലിപ്പിക്കാനെത്തിയ റഷ്യന്‍ നാവികര്‍. ഇന്ത്യന്‍ സംഘത്തിന്റെ ഏതൊരു സംശയവും വിശദമായി തന്നെ അവര്‍ പരിഹരിച്ചിരുന്നുവെന്നും ഗണ്ടകോട്ട ഓര്‍ക്കുന്നു. എന്നാല്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കപ്പുറം സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ ഒരിക്കല്‍ പോലും തമാശകള്‍ പറയുകയോ പരിശീലനത്തിനപ്പുറത്തെ വിശേഷങ്ങള്‍ ചോദിക്കുകയോ ചെയ്തിരുന്നില്ല. സാധാരണ റഷ്യന്‍ സൈനികര്‍ സ്വന്തം വീടുകളിലേക്ക് അപരിചിതരെ ക്ഷണിക്കാറില്ല. എന്നാല്‍ എട്ടുമാസത്തെ പരിശീലനത്തിനൊടുവില്‍ പരിശീലക സംഘത്തിലെ ഒരു നാവികന്‍ തന്നെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം തന്ന കാര്യവും ഗണ്ടികോട്ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ നാവിക സംഘം പരിശീലനത്തിനൊടുവില്‍ മൂന്ന് ദിവസത്തെ മോസ്‌കോ സന്ദര്‍ശനവും നടത്തിയാണ് മടങ്ങിയത്. 

 

∙ ഇന്ത്യയുടെ കില്ലർ സ്ക്വാഡ്രോൺ

 

അധികം വൈകാതെ 1971 അവസാനത്തോടെ നടന്ന ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യന്‍ നാവികസേനയുടെ കില്ലർ സ്ക്വാഡ്രോൺ കരുത്തു കാണിക്കുകയും ചെയ്തു. സേനാമേധാവികള്‍ക്ക് യുദ്ധത്തിന് അനുമതി നല്‍കിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഒരു ആവശ്യം മുന്നോട്ടുവെച്ചു. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പടക്കപ്പലുകളുടെ സംഹാരശേഷി നേരിട്ട് കാണണം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത് വിശാഖപട്ടണത്ത് ജനിച്ച രാമറാവു ഗണ്ടികോട്ട ഉൾപ്പെട്ട പടക്കപ്പലായിരുന്നു.

 

∙ മിസൈൽ തൊടുക്കുന്നത് കാണാൻ ഇന്ദിരാഗാന്ധിയും

 

ബോംബെയില്‍ നിന്നും 15 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു നാവികസേനയുടെ റഷ്യന്‍ പടക്കപ്പല്‍ നിലയുറപ്പിച്ചത്. 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ളതായിരുന്നു ലക്ഷ്യം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സേനാ മേധാവിയും നോക്കി നില്‍ക്കെ ക്യാപ്റ്റനില്‍ നിന്നും അനുമതി ലഭിച്ചതോടെ ഗണ്ടികോട്ട ഉന്നംവെച്ച് മിസൈല്‍ തൊടുത്തു. നിമിഷങ്ങള്‍ക്കകം ലക്ഷ്യം ചാമ്പലാവുകയും ചെയ്തു. അതോടെ ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ ആദ്യ സമുദ്ര മിസൈല്‍ വിക്ഷേപിച്ച വ്യക്തിയെന്ന ബഹുമതി ഗണ്ടികോട്ടയ്ക്ക് സ്വന്തമാവുകയും ചെയ്തു.

 

∙ പാക്കിസ്ഥാൻ മറക്കാൻ ആഗ്രഹിക്കുന്ന ദിനങ്ങൾ

 

1971 ഡിസംബര്‍ മൂന്നിന് യുദ്ധം ആരംഭിച്ചു. പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് വലിയ തോതില്‍ നാശം വിതച്ചത് ഇന്ത്യന്‍ നാവികസേനയുടെ ഈ കില്ലർ സ്ക്വാഡ്രോൺ ആയിരുന്നു. മൂന്ന് പാക്കിസ്ഥാന്‍ നാവിക സേനയുടെ പടക്കപ്പലുകള്‍ ആക്രമിച്ച് മുക്കിയ അവര്‍ ഒരു കപ്പല്‍ വലിയ തോതില്‍ കേടുപാടുകള്‍ വരുത്തി. തുറമുഖത്തെ ഇന്ധന ടാങ്കുകള്‍ തകര്‍ക്കുകയും ചെയ്തു. ഡിസംബര്‍ എട്ടിന് നടന്ന രണ്ടാം ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ കൂടി പൂര്‍ണമായും തകര്‍ക്കുകയും ഒരു കപ്പല്‍ അറ്റകുറ്റപണികള്‍ക്ക് ആവാത്തവിധമാക്കുകയും ചെയ്തു. ഈ ആക്രമണത്തോടെ പാക്കിസ്ഥാന്റെ കറാച്ചി തുറമുഖത്തെ ഇന്ധന സംഭരണം നാമാവശേഷമായി.

 

∙ ആക്രമണത്തിനിറങ്ങിയ ഇന്ത്യയുടെ പടക്കപ്പലുകൾ

 

ഡിസംബർ 4 ന് കറാച്ചി സ്‌ട്രൈക്ക് ഗ്രൂപ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത് മൂന്ന് വിദ്യുത് ക്ലാസ് മിസൈൽ ബോട്ടുകൾ സജ്ജമാക്കി. ഐ‌എൻ‌എസ് നിപഥ്, ഐ‌എൻ‌എസ് നിര്‍ഗഢ്, ഐ‌എൻ‌എസ് വീർ എന്നിവയായിരുന്നു സജ്ജമാക്കിയത്. ഓരോന്നിലും സോവിയറ്റ് നിർമിത എസ്എസ്-എൻ -2 ബി സ്റ്റൈക്സ് മിസൈലുകളും വിന്യസിച്ചിരുന്നു. മുങ്ങിക്കപ്പലുകളെ നേരിടാനുള്ള ഐ‌എൻ‌എസ് കിൽട്ടൻ, ഐ‌എൻ‌എസ് കച്ചാൽ, കൂടെ ഐ‌എൻ‌എസ് പോഷക് എന്നിവയും ഉണ്ടായിരുന്നു. 25–ാം മിസൈൽ ബോട്ട് സ്ക്വാഡ്രന്റെ കമാൻഡിങ് ഓഫിസർ കമാൻഡർ ബാബ്രു ഭാൻ യാദവിന്റെ കീഴിലായിരുന്നു സംഘം. 

 

അന്നത്തെ ആക്രമണത്തില്‍ എഴുന്നൂറോളം പാക്ക് സൈനികർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ പറയുന്നത്. പാക്കിസ്ഥാന്റെ തോൽവി ഉറപ്പാക്കിയതിന് ശേഷമാണ് അന്ന് ഇന്ത്യൻ നാവിക സേന കറാച്ചി തീരം വിട്ടത്.

 

English Summary: Navy Day 2021: All You Need to Know About Operation Trident (1971)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com