ADVERTISEMENT

തദ്ദേശീയമായി മീഡിയം വെയ്റ്റ് മിലിറ്ററി ഹെലികോപ്റ്റര്‍ എൻജിന്‍ നിര്‍മിക്കാന്‍ ഇന്തോ-ഫ്രഞ്ച് പ്രതിരോധ സഹകരണം. ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സാഫ്‌റനും സംയുക്തമായാണ് എൻജിൻ നിർമിക്കുക. റഷ്യയുടെ മി–17 ഹെലികോപ്റ്ററുകള്‍ക്ക് പകരമായി ഫ്രഞ്ച് സഹായത്തോടെ തദ്ദേശീയമായി നിര്‍മിക്കുന്ന ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം.

 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഫ്രഞ്ച് പ്രതിരോധ കമ്പനി അധികൃതരുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയ വിവരം വെളിപ്പെടുത്തിയത്. 'ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫ്രഞ്ച് പ്രതിരോധ കമ്പനി സാഫ്‌റനിന് ഫ്രഞ്ച് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പുതിയ ഹെലികോപ്റ്റര്‍ എന്‍ജിനായിരിക്കും ഇന്ത്യയിൽ നിര്‍മിക്കുക. ഫ്രഞ്ച് കമ്പനിയുമായി സഹകരിച്ചോ അല്ലെങ്കില്‍ അവരുടെ സാങ്കേതിക സഹായത്തോടെയോ ആയിരിക്കും ഹെലികോപ്റ്റര്‍ എൻജിന്‍ നിര്‍മിക്കുക എന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.

 

അതേസമയം, റഫാല്‍ ഇടപാടിന്റെ ഭാഗമായിട്ടാണോ ഈ ഫ്രഞ്ച് പ്രതിരോധ കമ്പനി ഇന്ത്യയുമായി സഹകരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. നിലവില്‍ ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകളും അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ചേതക് ഹെലികോപ്റ്ററുകളും എച്ച്എഎല്‍ നിര്‍മിക്കുന്നുണ്ട്.

 

ഇന്ത്യന്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍ എന്ന പേരില്‍ അറിയപ്പടുന്ന 13 ടണ്‍ ഭാരം വരുന്ന ഇരട്ട എൻജിന്‍ ഹെലികോപ്റ്റര്‍ ആയിരിക്കും ഫ്രഞ്ച് കമ്പനിയുടെ സാങ്കേതിക സഹകരണത്തില്‍ എച്ച്എഎല്‍ നിര്‍മിക്കുകയെന്നും കരുതപ്പെടുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ ഇപ്പോള്‍ 250ഓളം റഷ്യന്‍ നിര്‍മിത മി– 17 ഹെലികോപ്റ്ററുകളുണ്ട്. 2028 ആകുമ്പോഴേക്കും കാലാവധി തീരുന്ന ഇവയുടെ പകരമായിട്ടാണ് പുതിയ ഹെലികോപ്റ്ററുകള്‍ എത്തുക. 

 

സൈനിക നീക്കം, ചരക്കു നീക്കം, വിവിഐപി യാത്രകള്‍, ദുരന്ത സ്ഥലങ്ങളിലെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടങ്ങി സൈന്യത്തിന്റെ പല ചുമതലകള്‍ക്കും ഭാവിയില്‍ ഈ ഇന്ത്യന്‍ നിര്‍മിത ഹെലികോപ്റ്ററുകളായിരിക്കും ഉപയോഗിക്കുക. അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്ക് സമാനമായ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാനുള്ള എച്ച്എഎല്‍ പദ്ധതിക്കും ഫ്രഞ്ച് സാങ്കേതിക സഹകരണം ഗുണം ചെയ്യും. നാവികസേനക്കുവേണ്ടി മീഡിയം റേഞ്ച് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാനും എച്ച്എഎല്ലിന് പദ്ധതിയുണ്ട്.

 

English Summary: French firm & HAL in talks to make new indigenous chopper engine, power ‘Make in India’ push

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com