ഇറാനെ ആക്രമിച്ചാൽ ഇസ്രയേൽ നഗരങ്ങൾ തകരുമെന്ന് ഭീതി? തിരിച്ചടിക്കാനായി ഹിസ്ബുല്ലയും

israel-air-force
Photo: twitter/Israel Air force
SHARE

ഇറാന്റെ ആണവായുധ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് ഹിസ്ബുല്ലയുമായി യുദ്ധത്തിന് കാരണമാകുമെന്ന് ഇസ്രയേലിന് കൃത്യമായി അറിയാമെന്ന് റിപ്പോർട്ട്. ഇറാനിയൻ ആണവ നിലയങ്ങളെ ആക്രമിക്കാനുള്ള നീക്കങ്ങളുമായി തന്നെയാണ് ഇസ്രയേൽ സേന മുന്നോട്ടുപോകുന്നത്. എന്നാൽ, ഇറാനെതിരായ ആക്രമണം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വളർച്ചയ്ക്കും മേലുള്ള പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ലെന്ന് ഇസ്രായേൽ നേതൃത്വത്തിനും അറിയാം. ഇറാനെതിരെ ആക്രമണം നടന്നാൽ ഹിസ്ബുല്ല തിരിച്ചടിക്കും, ആക്രമണത്തിൽ ഇസ്രയേൽ നഗരങ്ങൾ തകരുമെന്നുമാണ് പ്രതിരോധ മേഖലയിലെ നിരീക്ഷകർ പറയുന്നത്.

വേണമെങ്കിൽ ‘നാളെ’ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേലിന് ശേഷിയുണ്ട് എന്നാണ് പുതിയ വ്യോമസേനാ മേധാവി പറഞ്ഞത്. ജറുസലേം പോസ്റ്റ് ആണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അടുത്ത ഏപ്രിലിൽ ഇസ്രയേലിന്റെ വ്യോമസേനയെ നയിക്കാൻ പോകുന്ന മേജർ ജനറൽ ടോമർ ബാർ ആണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

അത് (ഇറാനെതിരായ ആക്രമണം) എന്റെ സമയത്ത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ വിജയകരമായി തകർക്കാൻ ഇസ്രയേൽ സേനയ്ക്ക് കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവിടെ നിന്ന് ആയിരം കിലോമീറ്റർ സഞ്ചരിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

2015ൽ ഉപേക്ഷിച്ച ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള വിയന്ന ചർച്ചകൾ വിജയിക്കുമോ ഇല്ലയോ എന്നതിനെച്ചൊല്ലി നിലവിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇറാനുമായുള്ള നയതന്ത്രം പരാജയപ്പെട്ടാൽ വിശദാംശങ്ങൾ വ്യക്തമാക്കാതെ ‘പ്ലാൻ ബി’ യിലേക്ക് തിരിയാൻ തയാറാണെന്ന് യുഎസ് നേരത്തേ പറഞ്ഞിരുന്നു.

ഇതിനിടെ യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ സൈനിക ആക്രമണത്തിനു തയാറെടുക്കുകയാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ ലെബനന്റെ ടെഹ്‌റാൻ പിന്തുണയുള്ള ഷിയ മിലീഷ്യ ഹിസ്ബുല്ല ഇസ്രയേലിനെ ആക്രമിക്കുമെന്നാണ് വ്യോമസേന മേധാവി തന്നെ പറയുന്നത്.

അദ്ദേഹം (ഹിസ്‌ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല) ഇറാനു വേണ്ടിയുള്ള ആക്രമണത്തിന് രംഗത്തിറങ്ങും. മുപ്പത് വർഷമായി അദ്ദേഹം ഈ ഉത്തരവിനായി കാത്തിരിക്കുകയാണ്, ഇവരെ കൂടി നേരിടാൻ സേനകൾ സജ്ജമാക്കേണ്ടതുണ്ട്,  ലെബനനുമായുള്ള മൂന്നാം യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള കഴിവ് രാജ്യത്തെ സൈന്യത്തിന് ഇല്ലെന്ന് ഇസ്രയേലിന്റെ മുൻ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Israel can strike Iran ‘tomorrow’, Hezbollah might hit back: New Air Force chief

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA