ചൈനയുടെ പുതിയ ബഹിരാകാശ വിമാനത്തിന്റെ ലക്ഷ്യമെന്ത്, രഹസ്യ ദൗത്യത്തിന് ഉപയോഗിക്കുമോ?

space-craft-china
Photo: CCTV
SHARE

വിമാനത്താവളങ്ങളില്‍ നിന്നും പറന്നുയരാവുന്ന ബഹിരാകാശ വിമാനം പരീക്ഷിച്ചെന്ന് ചൈന. ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള ചൈന എയറോസ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജി കോര്‍പറേഷന്‍ (CASC) വികസിപ്പിച്ചെടുത്ത ടെന്‍ഗ്യുന്‍ എന്ന ബഹിരാകാശ വിമാനമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ജൂലൈയില്‍ നടന്ന പരീക്ഷണപറക്കലിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് ചൈന പുറത്തുവിടുന്നത്. ഇതോടെ ബഹിരാകാശ സാങ്കേതികവിദ്യയില്‍ അമേരിക്കയേക്കാള്‍ മുന്‍തൂക്കം നേടാന്‍ ചൈനയ്ക്ക് സാധിച്ചുവെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ സൗത്ത് ചൈന മോണിംങ് പോസ്റ്റ്(SCMP) അവകാശപ്പെടുന്നത്. ചൈനീസ് സേനകളുടെ രഹസ്യ ദൗത്യങ്ങൾക്ക് ഈ വിമാനം ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ചൈനീസ് മിലിറ്ററി മാസികയായ നേവല്‍ ആൻഡ് മര്‍ച്ചന്റ് ഷിപ്‌സിനെ ഉദ്ധരിച്ചാണ് എസ്‌സിഎംപി റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 'അമേരിക്കയുടെ ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കിളില്‍ (OTV) എക്സ്-37ബി നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചൈന ഈ ബഹിരാകാശ വിമാനം നിര്‍മിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയുടെ എക്സ്-37ബിയുടെ വിക്ഷേപണത്തിന് റോക്കറ്റ് ആവശ്യമാണെങ്കില്‍ ചൈനയുടെ ടെന്‍ഗ്യുന്‍ ഈ പരിമിതിയെ മറികടന്നിരിക്കുകയാണ്' എന്നാണ് നേവല്‍ ആൻഡ് മര്‍ച്ചന്റ് ഷിപ്പ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സു മിങ് പറയുന്നത്. 

സു മിങും മറ്റുള്ളവരും ചേര്‍ന്ന് ചൈനീസ് ബഹിരാകാശ വിമാനത്തിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. വിജയകരമായി എച്ച്ടിഎച്ച്എൽ (Horizontal Take-off and Horizontal Landing) രീതിയില്‍ ബഹിരാകാശ വിമാനം പറത്തിയതോടെ ചൈനയിലെ ഏത് വിമാനത്താവളത്തില്‍ നിന്നും ബഹിരാകാശ വിക്ഷേപണം നടത്താനുള്ള ശേഷിയാണ് ചൈന കൈവരിച്ചിരിക്കുന്നത്. ഇത് വര്‍ഷത്തില്‍ 30 ബഹിരാകാശ വിക്ഷേപണങ്ങളെന്ന നിലവിലെ നിരക്കില്‍ വലിയ മാറ്റം വരുത്തും. സാധാരണ വിമാനങ്ങളെ പോലെ പറന്നുയരുന്ന ബഹിരാകാശ വിമാനങ്ങള്‍ക്ക് വര്‍ഷം ആയിരത്തിലേറെ ബഹിരാകാശ ദൗത്യങ്ങള്‍ വഹിക്കാനാകുമെന്നും സു മിങ് അവകാശപ്പെടുന്നു. 

2016 ലാണ് സിഎഎസ്‌സി (CASC) പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. ബഹിരാകാശ യാത്രകളുടെ ചെലവ് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. വിമാനങ്ങളെ പോലെ പറന്നുയരുന്ന ബഹിരാകാശ വിമാനങ്ങള്‍ നിര്‍മിക്കുമെന്ന വിവരം ഈ വര്‍ഷമാണ് അവര്‍ പരസ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ടെന്‍ഗ്യുന്‍ ചൈനീസ് രഹസ്യ കേന്ദ്രത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യരേയും ചരക്കും ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ഈ ചൈനീസ് ബഹിരാകാശ വിമാനത്തിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ എക്സ്-37ബി മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകള്‍ തകര്‍ക്കാനായി ഉപയോഗിക്കാമെന്ന ചൈനീസ് ആശങ്കയും സു മിങ് പങ്കുവെക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ചൈനീസ് ബഹിരാകാശ നിലയമായ ടിയാങ്കോങിന്റെ റോബോട്ടിക് കൈ ഉപയോഗിച്ച് പ്രത്യാക്രമണം നടത്താനാകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ടിയാങ്കോങ്ങിന്റെ റോബോട്ടിക് കൈ ഉപയോഗിച്ച് സാറ്റലൈറ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് യുവാന്‍ വാങ് മിലിറ്ററി സയന്‍സ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകന്‍ സോ ചെന്‍മിങ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ തന്നെ വിശദീകരിക്കുന്നത്. സാറ്റലൈറ്റ് വിക്ഷേപണത്തിന്റെ ചെലവും സങ്കീര്‍ണതകളും കുറയുന്നതോടെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലേക്ക് മെച്ചപ്പെട്ട വാര്‍ത്താ വിനിമയ സൗകര്യങ്ങളെത്തിക്കാനാവുമെന്നും ഇതുവഴി അവികസിത രാജ്യങ്ങളില്‍ പുതിയ വിപണി കണ്ടെത്താനാവുമെന്നും സോ ചെന്‍മിങ് വിശദീകരിക്കുന്നു.

English Summary: China's Spaceplane Tengyun May Take Off And Land At Airports: Reports

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA